കാലം മായ്ക്കാത്ത സാഹിത്യത്തിലെ മികച്ച സൃഷ്ടികളിൽ ഒന്നാണ് ജോര്‍ജ്ജ് ഓണക്കൂറിന്റെ ഏറ്റവും പുതിയ നോവലായ ‘ആകാശ ഊഞ്ഞാല്‍‘. 2016ലെ മികച്ച പുസ്തകങ്ങളിലൊന്നാണിത്. അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളറകളിലേക്ക് കടന്നുചെന്ന് അഴുകിയ മനസ്സുകളുടെ അവിശുദ്ധലോകത്തെ വെളിവാക്കുന്ന നോവലിൽ ജീർണ്ണതകളെ എല്ലാം മൂടിവച്ച് അധികാര രാഷ്ട്രീയം ജനങ്ങൾക്കു മേലെ നടത്തുന്ന വാഴ്ചയെ വരച്ചു കാട്ടുന്നതോടൊപ്പം മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാനും വൈയക്തിക വികാരങ്ങളുടെ സൂക്ഷ്മാംശങ്ങളെ സന്നിവേശിപ്പിക്കാനും നോവലിന് കഴിയുന്നു.
അനാഥത്വത്തിന്റെ കയ്‌പ്പേറിയ ജീവിതത്തിൽ രക്ഷകനായി അവതരിച്ച ഗംഗാധരൻ മുതലാളിയുടെ കരുണയുടെ ഉറവുകളിലൂടെ അതികാരത്തിന്റെ ചെങ്കോലേന്തി മന്ത്രിക്കസേരയിലെത്തിയ സിദ്ധാർഥൻ എന്ന വ്യക്തിയുടെ ജീവിതത്തിന്റെ ചിത്രമാണ് ആകാശ ഊഞ്ഞാൽ. ഒരു വശത്ത് ജീവിതത്തിന്റെ തിളങ്ങുന്ന വർത്തമാനവും മറുവശത്ത് ഇല്ലായ്മകളുടെ പിഞ്ഞാണപ്പാത്രത്തിൽ പ്രഭാത ഭക്ഷണം പഴങ്കഞ്ഞിയും പച്ചമുളകും കഴിച്ച് പിഞ്ചി തുടങ്ങിയ ഷർട്ടുമിട്ട് സ്കൂളിലേക്ക് പുറപ്പെടാനൊരുങ്ങുന്ന ബാല്യകാലവും. ഉഷ്ണഭൂമിയിലേക്ക് എവിടെ നിന്നോ എത്തിയ തെളിനീരൊഴുക്കുപോലെ ജീവിതം ധന്യമാകുന്ന മഹാ നിമിഷങ്ങളെ ആഖ്യാനരീതിയിൽ മികച്ചതാക്കിയെടുക്കുന്നു ആകാശഊഞ്ഞാൽ.
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ്ജ് ഓണക്കൂർ 1941 നവംബർ 10ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ഓണക്കൂർ എന്ന സ്ഥലത്താണ് ജനിച്ചത്.സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി. എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചതിനാൽ ജവഹർലാൽ നെഹ്രു അവാർഡ് ലഭിച്ചിട്ടുണ്ട്. ഗവേഷണപ്രബന്ധത്തിന് ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ സമര്‍പ്പിച്ച മികച്ച കലാസാഹിത്യ പ്രബന്ധത്തിനുള്ള പുരസ്‌കാരം, ഇന്ത്യന്‍ എഴുത്തുകാരനുള്ള യൂറോ-അമേരിക്കന്‍ പ്രഥമ പ്രവാസിപുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (രണ്ടു തവണ—-നോവലിനും യാത്രാവിവരണത്തിനും), മദര്‍ തെരേസാ അവാര്‍ഡ്, കേരളശ്രീ അവാര്‍ഡ്, കേശവദേവ് ജന്മശതാബ്ദി പുരസ്‌കാരം, തകഴി അവാര്‍ഡ്, ദര്‍ശന അവാര്‍ഡ്, കെ. സി. ബി. സി. അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, കേശവദേവ് അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.