പുസ്തകവിപണിയില്‍ തരംഗമായികൊണ്ടിരിക്കുന്ന ദീപാനിശാന്തിന്റെ നനഞ്ഞു തീര്‍ത്ത മഴകള്‍ പുതിയ പതിപ്പില്‍ ഇറങ്ങിയിരിക്കുകയാണ്. നനഞ്ഞുതീര്‍ത്ത മഴകളെക്കിറിച്ചും ജീവിതവഴികളെക്കുറിച്ചും ഒരിക്കലും മടങ്ങിവരാത്ത നിമിഷങ്ങളെക്കുറിച്ചുമുള്ള ദീപയുടെ ഓര്‍മ്മ പുസ്തകമാണ് നനഞ്ഞുതീര്‍ത്ത മഴകള്‍. മഴയെ കേള്‍ക്കുംപോല്‍ എന്നെകേട്ടാലും എന്നു പറഞ്ഞുതുടങ്ങുന്ന ഓര്‍മ്മകള്‍ തുറന്നമനസ്സില്‍നിന്നും വരുന്ന മനോഹരമായ വാക്കുകളാണ്. അത് ആ മനസ്സിന്റെ മൃദുലതയെയും അതേസമയം ദൃഡതയെയും എടുത്തുകാണിക്കുന്നവയാണ്. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകത്തിനുശേഷം പ്രസിദ്ധീകരിച്ച ഈ ഓര്‍മ്മക്കുറിപ്പുകള്‍ സാധാരക്കാരായ വായനക്കാരാണ് ഹൃദയത്തോട് ചേര്‍ത്തത്. തൃശ്ശൂര്‍ഭാഷയില്‍ വളെരെ ലളിതമായി എഴുതിയതുകൊണ്ടുമാത്രമാണത്.
നവമാധ്യമമായ ഫെയ്ബുക്ക് പേജിലൂടെ പങ്കുവെച്ച തന്റെ ഓര്‍മ്മകളാണ് ദീപ നനഞ്ഞുതീര്‍ത്ത മഴകള്‍ എന്ന പേരില്‍ പുസ്തകമാക്കിയത്. 2016 ജൂലൈ മാസത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം തൊട്ടടുത്ത നാളുകളില്‍ തന്നെ രണ്ടും മൂന്നും പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ പുസ്തകത്തിന്റെ നാലാമത് പതി്പ്പാണ് വിപണിയിലെത്തിയിരിക്കുന്നത്.
ആലങ്കാരികതയൊട്ടുമില്ലാത്ത സരസവും ലളിതവുമായ വാമൊഴി ശൈലിയിലൂടെയാണ് ദീപ തന്റെ അനുഭവത്തിന്റെയും ഓര്‍മ്മയുടെയും ചെപ്പ്തുറക്കുന്നത്. ബി എഡിന് പഠിക്കുന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന സിലബസിലില്ലാത്ത പാഠങ്ങളില്‍ തുടങ്ങി ഭാഗ്യാന്വേഷണങ്ങള്‍, വയറുകാണല്‍, വറീതാപ്ല, ഒറ്റപ്പുത്രി, എ പ്ലസ, പ്രണയത്തിന്റെ സൂയിസൈഡ്‌പോയിന്റുകള്‍ വരെ ദീപനിശാന്ത് നനഞ്ഞുതീര്‍ത്ത ഇരുപത്തിമൂന്ന് ഓര്‍മ്മക്കുറിപ്പുകളാണ് നനഞ്ഞുതീര്‍ത്ത മഴകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നര്‍മ്മരസത്തോടെ വായിച്ചുപോകാവുന്ന ചെറിയ ഓര്‍മ്മത്തുണ്ടുകളാണിവയെല്ലാം.
ഓര്‍മ്മക്കുറിപ്പുകളിലൂടെ പ്രശസ്തയായ എഴുത്തുകാരി പ്രിയ എ എസ് ആണ് ദീപയുടെ പുതിയപുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. “ഓര്‍മകള്‍ക്ക് പല നിര്‍വവചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരുകാലത്തെ മറികട്കലാണ് ഓര്‍മയെഴുത്ത്. കരള്‍ പിളര്‍ന്നുകൊണ്ടാണെങ്കിലും കാലത്തെ ഓര്‍മയുടെ ഉളികൊണ്ട മലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോള്‍ ശില്‍പം എല്ലാവരുടേതുമാകുന്നു” എന്ന് പ്രിയ എ എസ് രേഖപ്പെടുത്തുന്നു.