നല്ല കഥകള്‍ മനുഷ്യരെ നന്‍മയിലേക്കും ചീത്തക്കഥകള്‍ തിന്‍മയിലേക്കും നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവ നമ്മുടെ സ്വഭാവ രൂപീകരണത്തില്‍ തന്നെ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പല മഹാന്‍മാരും പില്‍ക്കാലത്ത്, തങ്ങള്‍ പ്രവാചകന്‍മാരുടെയും മാതൃകാ പുരുഷന്‍മാരുടെയും കഥകള്‍ കേട്ട് വളര്‍ന്നവരാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ മനുഷ്യരെ നന്‍മയിലേക്ക് നയിക്കുന്ന കഥകള്‍ കോര്‍ത്തിണക്കിയ ഒരു പുസ്തകമാണ് 101 ഇസ്ലാം കഥകള്‍.
ജീവിതത്തെ ലക്ഷ്യോന്‍മഖമാക്കാനും മാനുഷികമൂല്യങ്ങളുടെ കേന്ദ്രമാക്കാനും സഹായിക്കുന്ന ധാര്‍മ്മിക കഥകളുടെ സമാഹാരമാണ് 101 ഇസ്ലാം കഥകള്‍. കുട്ടികള്‍ക്ക് പോലും വായിച്ചു പോകത്തക്ക വിധം ലളിതമായി നന്‍മയുടെ നറുവെളിച്ചം പകരുന്ന കഥകളാണ് ഇതിലെ ഓരോന്നും. മനുഷ്യത്വം, സ്‌നേഹം, സഹിഷ്ണുത, കാരുണ്യം, സമാധാനം, സത്യസന്ധത, വിശ്വസ്തത, നീതി, ധീരത, സൗഹാര്‍ദ്ദം തുടങ്ങിയ സല്‍സ്വഭാവങ്ങളുടെയും സുശീലങ്ങളുടെയും കഥകളുടെ പുസ്തകം രചിച്ചത് എഴുത്തുകാരനും വിവര്‍ത്തകനുമായ മുഹമ്മദ് ശമീം ഉമരിയാണ്.
അവിശ്വസനീയവും സാങ്കല്പികവുമായ കഥകള്‍ക്കും നുണക്കഥകള്‍ക്കും ഈ പുസ്തകത്തില്‍ ഇടം നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയം. പ്രവാചകന്മാര്‍, മുഹമ്മദ് നബിയുടെ അനുചരന്‍മാര്‍, ഖലീഫമാര്‍, ഇമാമുമാര്‍, നീതിമാന്‍മാരായ ഭരണാധികാരികള്‍, പണ്ഡിതന്‍മാര്‍, പുണ്യവാന്‍മാര്‍, സുകൃതികള്‍ എന്നിവരുടെ മാതൃകാ സംഭവങ്ങളും 101 ഇസ്ലാം കഥകളില്‍ ഉള്‍പ്പെടുന്നു. 2016 മെയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
24 വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനു ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ആളാണ് ഗ്രന്ഥകാരനായ മുഹമ്മദ് ശമീം ഉമരി. വിവര്‍ത്തനം, ബാലസാഹിത്യം, നിഘണ്ടു തുടങ്ങി വിവിധ വിഭാഗങ്ങളിലായി 32 കൃതികള്‍ അദ്ദേഹം