നാല്പതുകളിലെത്തിയ വില്ലേജ് ഓഫീസർ ആനന്ദ് വർഗീസിന്റെയും ചുംബന സമരത്തിനിടയിൽ അയാൾ പരിചയപ്പെട്ട അക്ഷര മേനോൻ എന്ന കൗമാരക്കാരിയുടെയും ഇടയിൽ വളർന്ന അസാധാരണ ബന്ധത്തിന്റെയും അതിന്റെ ദാരുണ പരിണാമത്തിന്റെയും കഥ പറയുന്ന നോവലാണ് രവിവർമ്മ തമ്പുരാൻ രചിച്ച ശയ്യാനുകമ്പ. മധ്യവയസിലെത്തിയവരിൽ ജീവിതത്തിന്റെ സുഖവും നിറവും ശരീരത്തിന്റെ ആഘോഷങ്ങളും തൃപ്തികരമല്ലെന്ന ചിന്തയിൽ വഴിവിട്ട യാത്രകൾക്കുള്ള അമിതാവേശം ഉള്ളിലുണർത്തുന്ന മിഡ്‌ലൈഫ്
ക്രൈസിസിസാണ് ശയ്യാനുകമ്പയുടെ പ്രമേയം.
മോഹത്തില്‍ നിന്നു കാമവും കാമത്തില്‍ നിന്നു പാപവും ഉണ്ടാകുന്നു. ശയ്യാനുകമ്പയിലെ മുഖ്യ കഥാപാത്രം ആനന്ദ് വര്‍ഗീസിന് സ്വന്തം ജീവിതം തിരിച്ചു പിടിക്കുന്നതിനപ്പുറം ജീവിതമോഹങ്ങള്‍ തന്നെ നഷ്‌ടമാവുന്നു എന്ന തിരിച്ചറിവില്‍ നിന്നുമാണ് മോഹങ്ങളുടെ പുതിയ ഉന്മേഷങ്ങളിലേക്ക് അയാളുടെ ജീവിതത്തിന്റെ വഴി മാറുന്നത്. ആ തിരിച്ചറിവിന്റെ സന്ധിക്കു മുമ്പും പിമ്പും ആനന്ദ് വര്‍ഗീസിനു ജീവിക്കേണ്ടി വന്ന രണ്ടു ജീവിതത്തിലെ മോഹങ്ങളും മോഹസാഫല്യ-നിരാശകളുടെ സംഘര്‍ഷങ്ങളുമാണ് ‘ശയ്യാനുകമ്പ‘ എന്നു പേരിട്ടിരിക്കുന്ന രവിവര്‍മ്മ തമ്പുരാന്റെ പുതിയ നോവലിന്റെ വഴിത്താരകള്‍.
കാലത്തിനൊപ്പം നടന്നുകൊണ്ട് ബന്ധങ്ങളെന്ന ഏറ്റവും കാപട്യം നിറഞ്ഞ ഒത്തുതീർപ്പുകൾക്കു നേരെ ശക്തമായി പ്രതികരിക്കുകയാണ് രവിവര്‍മ്മ തമ്പുരാൻ. എഴുത്തുകാരനും പത്രപ്രവർത്തകനുമായ രവിവർമ്മ തമ്പുരാന്റെ രണ്ടാമത്തെ നോവലാണ് ശയ്യാനുകമ്പ. മധ്യവയസ്കരുടെ ജീവിതത്തെ വേട്ടയാടി അതിനെ തകിടം മറിക്കുന്ന ഈ പ്രഹേളികയുടെ വിവിധ സങ്കീർണ്ണതകൾ വായനക്കാരുമായി പങ്കു വയ്ക്കുകയും ഒപ്പം ദയാവധം , ലൈംഗിക സമത്വം തുടങ്ങിയ സമകാലിക വിഷയങ്ങളുടെ വേറിട്ട കാഴ്ചകൾ വരച്ചിടുകയാണ് നോവലിലൂടെ രവിവർമ്മ തമ്പുരാൻ .2016 മാർച്ചിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം ഡിസി ബുക്സ് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.