യാത്ര പോകാത്തവരുണ്ടാകില്ല. ഓരോ യാത്രയും പുതിയ അനുഭവങ്ങളാണ് നമുക്ക് നല്‍കുക. ചില യാത്രകള്‍ എക്കാലത്തേക്കുമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കും. മറ്റു ചിലത് സമ്മര്‍ദ്ദവും മാനസികപ്രശ്‌നങ്ങളും നിറഞ്ഞ ജീവിതത്തിന് പുതിയ ഒരു ഉണര്‍വ്വ് നല്‍കും. ഫലം എന്തു തന്നെയായാലും യാത്ര നല്‍കുന്ന അനുഭവങ്ങള്‍ മറ്റൊന്നിനും നല്‍കാനാകില്ല. വെറുമൊരു യാത്ര എന്നിലപ്പുറം ഒരു ആത്മീയ യാത്രയായാലോ ? അതും സാഹസികതയുടേയും ആത്മീയതയുടേയും അത്ഭുത കാഴ്ചകളുടേയും വിസ്മയംലോകം സമ്മാനിക്കുന്ന ഹിമായലസാനുക്കളിലേക്കുള്ള ഒരു യാത്ര.!
ഒരായിരം അത്ഭുതങ്ങളൊളുപ്പിച്ച ഹിമാലയസാനുക്കളിലേക്കുള്ള യാത്ര എല്ലാവരുടേയും സ്വപ്‌നമാണെങ്കിലും പലര്‍ക്കും അവിടേക്ക് എത്തപ്പെടാന്‍ കഴിയാറില്ല. എന്നാലിപ്പോള്‍ ചില ഹൈന്ദവ സഘടനകളും യോഗാകേന്ദ്രങ്ങളും ഹിമാലയത്തിലേക്കും മറ്റും യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. എങ്കിലും ബഹുഭൂരിപക്ഷത്തിനും എത്തിപ്പിടിക്കാനാകാത്ത അകലത്തിലാണ് ഹിമായലമലനിരകള്‍. ഹിമാലയ സന്ദര്‍ശനം ഒരു സ്വപ്‌നമായി അവശേഷിക്കുന്നവര്‍ക്കായ് തയ്യാറാക്കിയ പുസ്തകമാണ് “ഹിമാലയം ലസ്റ്റ്”. ആത്മീയ ഗുരുവും യോഗാചാര്യനുമായ ജഗ്ഗി വാസുദേവ് എന്ന സദ്ഗുരു തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഹിമാലയം ഒരു ആത്മീയ ലഹരി.
ഹിമാലയം ഒരു ആത്മീയ ലഹരിയുടെ ഒരോതാളുകളിലൂടെയുമുള്ള സഞ്ചാരം സദ്ഗുരുവിന്റെ പ്രവചനാതീതവും ഹഠാദാകര്‍ഷിക്കുന്നതുമായ വാക്കുകളുടെ നിമ്‌നോന്നതികളിലൂടെയുള്ള പര്യടനത്തിന് അവസരമൊരുക്കുന്നു. പലയാത്രകളില്‍ നിന്നും സമാഹരിച്ചു ചേര്‍ത്ത പ്രഭാഷണങ്ങളുടേയും സംഭാഷണങ്ങളുടേയും സമ്മിശ്രമായ ഈ പുസ്തകം സമയസീമയില്ലാതെ ഇനം തിരിച്ചെടുത്ത ഒരു ചേരുവയാണ്. ഇതിന്റെ ആയാസരഹിതവും അനൗപചാരികവുമായ അവതരണരീതി അസാധാരണവും സ്വതന്ത്രവുമായ ധാരാളം ചോദ്യങ്ങള്‍ അനുവദിക്കുന്നുണ്ട്. അവയ്ക്കുള്ള സദ്ഗുരുവിന്റെ സാരഭൂതമായ മറുപടികള്‍ ബഹുമാനരഹിതവും വെല്ലുവിളിനിറഞ്ഞതും ധാരാളം ഉപാഖ്യാനങ്ങളും പുരാണകഥകളും അടങ്ങിയതും അസ്വാസ്ഥ്യജനകമാംവണ്ണം ലക്ഷ്യത്തില്‍ എത്തിക്കുന്നവയാണ്.
ഹിമാലയം ഒരു ആത്മീയ ലഹരി ഹിമാലയത്തെക്കുറിച്ച് മാത്രമുള്ളതല്ല. ചില ചോദയോത്തരങ്ങളില്‍ മാത്രമാണ് ഹിമാലയം കടന്നുവരുന്നതെങ്കിലും ഇതിന്റെ അടിസ്ഥാനശില തന്നെ ഹിമാലയപര്‍വ്വതനിരകളാണെന്നു തന്നെ പറയാം. ഗുരുവിന്റെ വാക്കുകളിലൂടെയുള്ള സഞ്ചാരത്തില്‍ വായനക്കാരന് വന്യമായ പര്‍വ്വതമാരുതന്റെ സീല്‍ക്കാരവും കേള്‍ക്കാം, അപകടത്തിന്റെയും കണ്ടെത്തലിന്റെയും ഗന്ധം ശ്വസിക്കാം. ഒരുപക്ഷേ, അഭൗമമായ സൗന്ദര്യവും ആത്മീയശക്തിയുള്ള പ്രകൃതി ദൃശ്യങ്ങളുടെ ഒരു ക്ഷണികദര്‍ഷനവും സാധിക്കാം. പിന്നെ എത്ര ക്ഷണികമെങ്കിലും അഞ്ജാതവും സ്വപ്‌നത്തില്‍പ്പോലും ദര്‍ശിച്ചിട്ടില്ലാത്തതുമായ ഭൂമിശാസ്ത്രത്തിനതീതമായ തലങ്ങളിലുള്ള ലോകങ്ങളുടെ ദര്‍ശനം നേടാനും സാധിക്കും. ഇങ്ങനെ പുസ്തകവായന കഴിയുമ്പോഴേക്കും പൂര്‍ണ്ണമായ ഒരു ഹിമാലയന്‍ യാത്രയുടെ അനുഭൂതിയും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും എല്ലാ വായനക്കാര്‍ക്കും ലഭിക്കുമെന്നുറപ്പാണ്. അസാമാന്യമായ ഉള്‍ക്കാഴ്ചയുള്ള ആത്മീയാചാര്യനായ സദ്ഗുരുവിന്റെ ദര്‍ശനങ്ങളും ചിന്തകളും വിവരണങ്ങളും ഉള്ള ഈ കൃതി പരിഭാഷപ്പെടുത്തിയത് കെ രാമച്ന്ദ്രനാണ്.