കാലത്തിന്റെ മഹാപ്രവാഹം..! പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും അതില്‍ ഒഴുകി മുന്നോട്ടുപോയി. പ്രകൃതികൊടുത്ത പാതയില്‍- പ്രകൃതി കനിഞ്ഞു നല്‍കിയ കഴിവുകളും വിരുതുകളും മാത്രം അതേപടി ഉപയോഗിച്ച് മുന്നോട്ട് പോയി. മുനഷ്യനെന്ന ജന്തുവും ആദ്യം അങ്ങനെതന്നെ ജീവിച്ചു. എന്നാല്‍ പതുക്കെ പതുക്കെ അവന്‍ ചുറ്റും കാണാന്‍ തുടങ്ങി. നിരീക്ഷിക്കാന്‍ തുടങ്ങി. കണ്ടതും കേട്ടതും ചിന്തിച്ചും പരീക്ഷിച്ചും അവന്‍ കൊച്ചുകൊച്ചുകണ്ടെത്തലുകള്‍ നടത്തി. അവന് ജിജ്ഞാസ ഒരു സഹവാസനയായിരുന്നു. പ്രകൃതിതന്നെ നല്‍കിയ സ്വഭാവം. അതിനാല്‍ അവന്‍ പരീക്ഷണ നിരീക്ഷണ നിഗമനപാതയിലൂടെ സാവധാനം സഞ്ചാരം തുടങ്ങി. ആദ്യമെല്ലാം അതൊരു ക്ലേശകരമായ ജ്ഞാനമായിരുന്നു. അതിനാല്‍ അത് വളരെ സാവധാനമുള്ള ഒരു വളര്‍ച്ചയായിരുന്നു.! പറഞ്ഞുവരുന്നത് മനുഷ്യന്റെ വളര്‍ച്ചയെക്കുറിച്ചാണ്. അറിവ് നേടാന്‍ തുടങ്ങിയ കാലം മുതല്‍ പഠിച്ചുതുടങ്ങിയ മനുഷ്യകുലത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും കഥ..
പ്രപഞ്ചം ഉണ്ടായകഥയും കാട്ടുതീയില്‍ നിന്നും തീ കണ്ടുപിടിച്ചതും, വാനരന്‍ നരനായതും, അങ്ങനെയങ്ങനെ ഇന്നുകാണുന്ന കണ്ടുപിടുത്തങ്ങളത്രയും മനുഷ്യന്‍ നടത്തി…ഇൗ വിജയത്തിനിടയിലും ധാരാളം പരാചയങ്ങളും അവന് നേരിടേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രീയമായ ഈ സത്യങ്ങള്‍ക്കിടയിലും ഇതിനെസംബന്ധിച്ചെല്ലാം ചില നാടോടിക്കഥകളും രസകരമായകഥകളും പ്രചരിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. അതിനാല്‍ തന്നെ ചില സത്യങ്ങള്‍ മറയപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രൊഫ. എസ്.ശിവദാസ് ശാസ്ത്രകഥാസാഗരം എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ച കഥാരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.
ആദിമ മനുഷ്യന്റെ കാലം മുതല്‍ ആരംഭിക്കുന്ന ഒരന്വേഷണമാണ് ശാസ്ത്രകഥാസാഗരത്തിലൂടെ പ്രൊഫ. എസ്.ശിവദാസ് നടത്തുന്നത്. പ്രപഞ്ചം ഉണ്ടായതു മുതല്‍, മഹാജ്ഞാനികളായ ശാസ്ത്രജ്ഞരുടെ വിവിധ കണ്ടുപിടുത്തങ്ങള്‍ വരെ പുസ്തകത്തില്‍ കടന്നുവരുന്നു. ശാസ്ത്രചരിത്രത്തില്‍ പ്രകാശം ചൊരിയുന്ന കെടാവിളക്കുകളായ ശാസ്ത്രജ്ഞരുടെ സംഭാവനകളെക്കുറിച്ച് പറയുന്നതിനൊപ്പം തന്നെ, അവരുടെ വ്യക്തിജീവിതത്തിലേക്കും ഭാഗ്യദൗര്‍ഭാഗ്യങ്ങളിലേക്കും ധീരതകളിലേക്കും ദൗര്‍ബല്യങ്ങളിലേക്കും ശിവദാസ് കടന്നുചെല്ലുന്നുണ്ട്. ഈ സമീപനം പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. അതിനാല്‍ പുസ്തകത്തെ മനുഷ്യകഥാനുഗായിയായ ഒരു ശാസ്ത്രഗ്രന്ഥം എന്ന് തീര്‍ച്ചയായും വിശേഷിപ്പിക്കാം
പി.ടി.ഭാസ്‌കരപ്പണിക്കര്‍ എമരിറ്റസ് ഫെല്ലോഷിപ്പ് ലഭിച്ച പുസ്തകമാണ് ശാസ്ത്രകഥാസാഗരം. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശാസ്ത്ര കഥാസാഗരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കഥപോലെ വായിക്കാവുന്ന വിജ്ഞാന പുസ്തകമാണ്. ശാസ്ത്രകഥാസാഗരത്തിന്റെ രണ്ടാമത് പതിപ്പും പുറത്തിറങ്ങി.