കഥകള്‍ കൊണ്ട് എന്താണ് പ്രയോജനം? ചോദ്യം അമ്മമാരോടും അമ്മൂമ്മമാരോടുമാണെങ്കില്‍ ഒട്ടും ആലോചിക്കാതെ അവര്‍ മറുപടി പറയും, കുട്ടികളെ ആഹാരം കഴിപ്പിക്കാനും അണിയിച്ചൊരുക്കാനും ഉറക്കാനുമൊക്കെ സഹായകമാണവയെന്ന്. അല്പം മുതിര്‍ന്ന്, ഗൗരവപ്രകൃതിയുള്ള ആളോടാണ് ചോദ്യമെങ്കില്‍ ഒരുപക്ഷെ കഥകള്‍ പറഞ്ഞ് താനടക്കമുള്ള യുവതികളുടെ ജീവന്‍ രക്ഷിച്ച ഷെഹ്രസാദിന്റെ കഥ അയാള്‍ മറുപടിയായി പറഞ്ഞെന്നിരിക്കും.
മനുഷ്യന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍ വാമൊഴിയായി പ്രചരിച്ച്, തലമുറകള്‍ കൈമാറിയ കഥകള്‍ക്കുള്ള പങ്ക് വിസ്മരിക്കാന്‍ ആര്‍ക്കുമാകില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല, എല്ലാ ദേശങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. മനുഷ്യരുള്ളിടത്തെല്ലാം കഥകളുണ്ട്. പക്ഷിമൃഗാദികളുടെയും ദേവന്‍മാരുടെയും രാക്ഷസന്‍മാരുടെയും നന്‍മതിന്‍മകളുടെയും മനുഷ്യന്റെ തന്നെയും കഥകള്‍.
പ്രായമെത്രയായാലും കഥകളോടുള്ള മനുഷ്യന്റെ ആവേശം അടങ്ങില്ല. കുട്ടിക്കാലം മുതല്‍ തുടങ്ങുന്ന ഈ ആവേശം ഒരു മനുഷ്യന്റെ അവസാനം വരെ നിലനില്‍ക്കുന്ന സ്വഭാവങ്ങളിലൊന്നാണ്. ഒരു ചലച്ചിത്രം കണ്ടിറങ്ങുമ്പോഴോ, ഒരു കഥ വായിച്ചു തീരുമ്പോഴോ കഥ പോര, മികച്ച കഥ എന്നൊക്കെ നാം വിലയിരുത്തുന്നത് അബോധത്തിലുറങ്ങുന്ന കഥയോടുള്ള ആവേശം കൊണ്ടാണ്. കഥകള്‍ എത്ര കേട്ടാലും മതിവരാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട പുസ്തകമാണ് മാമ്പഴം മുദ്രണം പ്രസിദ്ധീകരിച്ച ലോകബാലകഥകള്‍.
വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധമായ ബാലകഥകളുടെ സമാഹാരമാണ് ലോകബാലകഥകള്‍. പല നാടുകളുടെയും സംസ്‌കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകള്‍ കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുമെന്നതില്‍ സംശയമില്ല. മലേഷ്യന്‍ കഥകള്‍, ജിപ്‌സി കഥകള്‍, അമേരിക്കന്‍ കഥകള്‍, റഷ്യന്‍ കഥകള്‍, ഈജിപ്ഷ്യന്‍ കഥകള്‍, അഫ്ഘാന്‍ കഥകള്‍, പേഴ്‌സ്യന്‍ കഥകള്‍, കൊറിയന്‍ കഥകള്‍, ഫിലിപ്പൈന്‍ കഥകള്‍, ബര്‍മ്മാ കഥകള്‍, ചീനക്കഥകള്‍, ആഫ്രിക്കന്‍ കഥകള്‍, ടിബറ്റന്‍ കഥകള്‍, നേപ്പാള്‍ കഥകള്‍ എന്നിങ്ങനെ വിവിധ സംസ്‌കാരങ്ങളുടെ അടിത്തറയായി നിലകൊള്ളുന്ന കഥകളാണ് ലോകബാലകഥകളിലുള്ളത്.
വിവിധ വിഭാഗങ്ങളായി വേര്‍തിരിച്ചാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്. ലോകസംസ്‌കാരങ്ങളുടെ അനന്യതയുടെ കാരണം ഈ സമാഹാരങ്ങളിലെ കഥകള്‍ വെളിപ്പെടുത്തുന്നു. ഭാവനയുടെ വിശാലാകാശങ്ങളിലേക്ക് കുട്ടികളെയും ഒരുപോലെ നയിക്കുന്ന കഥകളാണിത്. ലോകബാലകഥകളുടെ വായന രസിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങളുടെ ആഴങ്ങളിലേക്ക് അടുപ്പിക്കുകയാണ്.
പ്രശസ്ത ബാലസാഹിത്യകാരനായ ഏവൂര്‍ പരമേശ്വരനാണ് കഥകള്‍ തനിമ ചോരാതെ പുനരാഖ്യാനം ചെയ്തത്. വിഷ്ണു വിജയന്റെ വളരെ ആകര്‍ഷകവുമാണ്. ചിത്രങ്ങള്‍