ഞാൻ ഗന്ധർവ്വൻ…. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി…”
ഇത് തന്റെ വിഖ്യാതമായ തിരക്കഥയിൽ കഥാപാത്രത്തിന് പറയാനായി മാത്രം പദ്മരാജൻ എഴുതിയ ഡയലോഗല്ല.രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്കരണങ്ങളിൽ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധർവ്വസാനിധ്യമായിരുന്നു.
യാത്രപോലും പറയാതെ …. ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങിപ്പോയ പ്രണയത്തിന്റെ കഥയാണ് ലോല. പ്രണയവും, പ്രണയപരാജയവുമെല്ലാം മലയാള കഥകളില്‍ പലതവണ വിഷയമായതാണ്. അതില്‍ നിന്നെല്ലാം ലോലയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് അതിലെ ജീവസുറ്റ കഥാപാത്രങ്ങളാണ്.”ലോല മിൽഫോഡ് ” എന്ന അമേരിക്കന്‍ പെണ്‍കുട്ടിയും, ഇന്ത്യക്കാരനായ അവളുടെ കാമുകനും.വിദേശത്ത് പഠിക്കാന്‍ എത്തിയ കഥാനായകന്‍ തന്റെ സഹപാഠിയായ ലോലയെ പ്രണയിക്കുന്നു.
ഓര്‍മ്മക്കുറിപ്പായാണ് കഥ ചിത്രീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് കാമുകൻ തന്റെ പ്രണയത്തെ ഓര്‍ത്തെടുക്കുകയാണ്.
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി നീയും കണക്കാക്കുക
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക …
മലയാള സാഹിത്യത്തിലെ ഏറ്റവും തീക്ഷ്ണമായ ഒരു യാത്രാമൊഴി.ആത്മഹത്യയിലേയ്ക്കോ,ലഹരിയിലേയ്ക്കോ വഴിതെറ്റി പോകാമെന്ന അവസ്ഥയില്‍ അവളെ വിട്ടു, നിസംഗതയോടെ, ഒരു അന്ത്യമൊഴി മാത്രം ബാക്കി വച്ച് അയാള്‍ ഇറങ്ങിപ്പോകുകയാണ്. ആ പ്രണയത്തില്‍ നിന്ന്, അവളുടെ ജീവിതത്തില്‍ നിന്ന്.
യശ്ശ ശരീരനായ നിരൂപകൻ കെ പി അപ്പൻ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കൽ തിരഞ്ഞെടുത്തത് പത്മരാജന്റെ ലോലയായിരുന്നു. പ്രണയത്തിന്റെ ശാരീരികവും വൈയക്തികവും സാമൂഹികവുമായ തലങ്ങൾ പത്മരാജന്റെ തൂലിക അനശ്വരമായി ആവിഷ്കരിച്ചു. അനുവാചക ഹൃദയങ്ങളെ പ്രണയത്തിന്റെ തീക്ഷ്‌ണമായ തലങ്ങളിലൂടെ ഒഴുകാൻവിട്ട പതിനെട്ട് പ്രസിദ്ധ പ്രണയകഥകളുടെ സമാഹരണമാണ് ലോല.
ലോല , പുലയനാർ കോട്ട , ഒരു ദുഖിതന്റെ ദിനങ്ങൾ , ഗിരിജയുടെ സ്വപ്നം , ദയ (അവളുടെ കഥ) , കഴിഞ്ഞ വസന്തകാലത്തിൽ , ശൂർപ്പണഖ , ഭദ്ര , പളുങ്കുമാളിക , നക്ഷത്രദുഃഖം , പ്രഹേളിക , വനിത , നിങ്ങളുടെ താവളങ്ങൾ നിങ്ങൾക്ക് , തീത്താലി , വിചാരണ , വിധി , നമ്മൾ നഗ്നകൾ , പാതയിലെ കാറ്റ് , കൈകേയി എന്നീ പ്രണയകഥകളാണ് ലോലയിൽ. 2012 മെയിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോലയുടെ ഏഴാമത്തെ പതിപ്പാണ് ഇപ്പോൾ വിപണികളിലുള്ളത്.