ഇത് അറിവിന്റെ യുഗമാണ് . അറിവ് ശക്തി മാത്രമല്ല സുഖവുമാണ്.ഇക്കാര്യം തിരിച്ചറിഞ്ഞാൽ ജിജ്ഞാസയ്ക്ക് ബലമേറും. പുതിയ മേഖലകളിലേക്ക് കടന്നെത്താനുള്ള പൊൻതാക്കോലാണ് അറിവ്. അജ്ഞതയുടെ ഇരുളിൽ നിന്നും അറിവിന്റെ വെള്ളി വെളിച്ചത്തിലേക്ക് കടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പുസ്തകമാണ് ബി.എസ്.വാരിയര്‍ രചിച്ച വിജയത്തിലേക്കൊരു യാത്ര
മഹച്ചരിതങ്ങള്‍, പുരാണങ്ങള്‍, മലയാളത്തിലെയും ഇംഗ്ലിഷിലെയും സംസ്‌കൃതത്തിലെയും കവിതാശകലങ്ങള്‍, ഉദ്ധരണികള്‍, ചിന്തകള്‍, സംഭവങ്ങള്‍, കല്‍പിതകഥകള്‍, ആധുനിക മാനേജ്‌മെന്റ് തത്ത്വങ്ങള്‍, മന:ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ നിരവധി അസംസ്‌കൃത വസ്തുതകള്‍ ഉപയോഗിച്ചാണ് ബി.എസ്.വാരിയര്‍ വിജയത്തിലേക്കൊരു യാത്ര തയ്യാറാക്കിയിരിക്കുന്നത്. മനം മടുക്കാതെ ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറി വിജയം നേടാന്‍ ഈ പാഠങ്ങള്‍ സഹായിക്കുന്നു.
ജീവിതവിജയത്തിന് ഉപകരിക്കുന്ന നൂറിലധികം കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരമാണ് വിജയത്തിലേക്കൊരു യാത്ര. ഡി സി ബുക്‌സ് തന്നെ പ്രസിദ്ധപ്പെടുത്തിയ വിജയത്തിന്റെ പടവുകള്‍, ഉള്‍ക്കാഴ്ച വിജയത്തിന്, ജീവിതവിജയവും ആത്മവിശ്വാസവും, വിജയത്തിലേക്കൊരു താക്കോല്‍, വിജയത്തിലേക്കൊരു വാതില്‍, 366 ഉള്‍ക്കാഴ്ചകള്‍ എന്നിവയുടെ തുടര്‍ച്ചയാണിതെന്ന് ബി.എസ്.വാരിയര്‍ പറയുന്നു.
വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍, പ്രയുക്തധനശാസ്ത്രം, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എന്നീ മേഖലകളില്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങള്‍ ബി.എസ്.വാരിയര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം കരിയര്‍ ഗൈഡന്‍സും നല്‍കിവരുന്നു.