ജാതിപീഡനങ്ങള്‍ക്കൊടുവില്‍ ‘അടിയാറ് ടീച്ചര്‍‘ എന്ന് പരിഹസിക്കപ്പെട്ട ദാക്ഷായണി ബാസല്‍മിഷനില്‍ ചേര്‍ന്ന് സുലോചന എന്ന പേര്‍ സ്വീകരിച്ചു. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം ഒട്ടനവധി ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അനുഭവമെഴുത്തില്‍ പുതിയ തലങ്ങളുണ്ടെന്ന് മലയാളത്തിലെ വായനക്കാര്‍ക്ക് കാട്ടിക്കൊടുത്ത താഹാ മാടായി അത്തരത്തില്‍ ചിലരെക്കൂടി പരിചയപ്പെടുത്തുന്ന പുസ്തകമാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും.
അറുപത് വര്‍ഷം മുമ്പ് ഒരു പുലയ സ്ത്രീ ‘അടിയാറ് ടീച്ചര്‍‘ എന്ന പരിഹാസത്തിലും പൊതുസമൂഹത്തിന്റെ ജാതി പറഞ്ഞുള്ള പീഡനങ്ങളിലും മടുത്ത് കടുത്ത മനോവ്യഥയോടെ ജോലി രാജിവെച്ചു. കാലത്തിന്റെ ഇങ്ങേയറ്റത്ത് രോഹിത് വെമുലയുടെ ആത്മഹത്യയും മറ്റു ജാതിപീഢനങ്ങളും. സമരങ്ങളും പ്രതിരോധങ്ങളും എത്ര തീര്‍ത്താലും, ജാതിയുടെ പുതപ്പ് രാഷ്ട്രത്തിനു മേല്‍ നിന്ന് മാറുന്നില്ല. രാജികൊണ്ട് പരിഹാരമില്ലാതെ, ആത്മഹത്യയില്‍ അഭയമെന്ന നിലയിലേക്ക് അത് രാജ്യത്തെ ചവിട്ടിത്താഴ്ത്തിയിരിക്കുന്നു.
എല്ലാവരാലും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതീയന്‍, അടിയന്തിരാവസ്ഥയില്‍ എരിഞ്ഞുതീര്‍ന്ന രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍, എ.കെ.ആന്റണിക്കൊപ്പം പഠിച്ച്, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടും (എതിര്‍ ചേരിയില്‍) ഇന്ന് തെരുവില്‍ കഴിയുന്ന കെ.തങ്കപ്പന്‍ പിള്ള തുടങ്ങി തീക്ഷ്ണമായ ജീവിതവിധികള്‍ ഏറ്റുവാങ്ങേണ്ടിവന്ന കുറേ പച്ചമനുഷ്യരുടെ പുസ്തകമാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും.
ചരിത്രത്തില്‍ ആഘോഷിക്കപ്പെടാന്‍ കാലം അനുവദിച്ച വരേണ്യജീവിതങ്ങളുടെ കഥകളും ചരിത്രങ്ങളും ആത്മകഥനങ്ങളും മാത്രം ശീലിച്ചിരുന്നവരാണ് നമ്മള്‍. ചരിത്രത്തില്‍ നിന്ന് ചവിട്ടിമാറ്റപ്പെട്ട ജീവിതങ്ങളാണ് അവയുടെ സ്മരണകളുമായി ഈ പുസ്തകത്തില്‍ ഇരമ്പിക്കയറുന്നത്. പതിനാറ് വ്യത്യസ്ത ജീവിതങ്ങാളാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും എന്ന പുസ്തകത്തിലൂടെ വായനക്കാരെ തേടിയെത്തുന്നത്.
എഴുത്തുകാരനും ജീവചരിത്രകാരനും അഭിമുഖകാരനുമായ താഹാ മാടായി ദലിതുകളുടെയും സമൂഹത്തിന്റെ പുറംവാതിലുകളില്‍ നില്‍ക്കുന്നവരുടെയും പ്രമുഖരുടെയും അനുഭവങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. മാമുക്കോയ, ദേശമേ ദേശമേ ഇവരുടെ ജീവിതവര്‍ത്തമാനം കേള്‍ക്ക്, നഗ്നജീവിതങ്ങള്‍ , ഉപ്പിലിട്ട ഓര്‍മ്മകള്‍ തുടങ്ങി ഇരുപതോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.