‘സമുദ്രത്തില്‍ അങ്ങകലെ വെള്ളിയാങ്കല്ലു പ്രകാശിച്ചു കൊണ്ടിരുന്നു. ഉറക്കച്ചടവിനാല്‍ ദാസന്റെ തല തിരിയുന്നുണ്ടായിരുന്നു. മൂന്നു ദിവസമായി അയാളുടെ കണ്ണൊന്ന് അടഞ്ഞിട്ട്. ഉറക്കത്തെ കത്തി ദഹിപ്പിക്കാന്‍ പോന്നതായിരുന്നു അയാളുടെ മനോവേദന. ചന്ദ്രികയെ നഷ്ടപ്പെടുന്ന ഈ നിമിഷത്തില്‍ ഭൂമി പിളരുന്നതും സൂര്യന്‍ പൊട്ടിത്തെറിക്കുന്നതും കാണുവാന്‍ അയാള്‍ ആഗ്രഹിച്ചു.’
എം മുകുന്ദനെയും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് നോവലിനെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം മലയാള നോവല്‍സാഹിത്യത്തില്‍ ഖസാക്കിന്റെ ഇതിഹാസം പോലെ എന്നും ശോഭിച്ചുനില്‍ക്കുന്ന കൃതിയാണ് എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ദാസനും, ചന്ദ്രികയും, കേളുവച്ചനും, ദാമു റൈട്ടരും, കരാണേട്ടനും ഇന്നും വായനക്കാരന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രണയത്തിന്റെയും വിരഹത്തിന്റെയും കുടുംബന്ധങ്ങളുടെയെല്ലാം വികാരധീതമായ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് വായനക്കാരന്റെ മനസ്സുകീഴടക്കിയ ഈ ക്ലാസിക് കൃതി കാലതിവര്‍ത്തിയായി ഇന്നും നിലനില്‍ക്കുന്നു.
കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകന്‍ ദാസനാണ് നോവലിലെ പ്രധാന കഥാപാത്രം. ബുദ്ധിമാനായ ദാസന്‍, മയ്യഴിയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷയും, സര്‍ക്കാര്‍ സഹായത്തോടെ പോണ്ടിച്ചേരിയില്‍ നിന്ന് ബക്കലോറയ പരീക്ഷയും പാസാകുന്നു. തുടര്‍ന്ന്, മയ്യഴിയില്‍ സര്‍ക്കാര്‍ ജോലിയോ, ഫ്രാന്‍സില്‍ സര്‍ക്കാര്‍ ചിലവില്‍ ഉപരിപഠനമോ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായെങ്കിലും കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന തന്റെ അദ്ധ്യാപകന്‍ കുഞ്ഞനന്തന്‍ മാസ്റ്ററുടെ സ്വാധീനത്തില്‍ മയ്യഴിയെ ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാനാണ് അയാള്‍ തീരുമാനിച്ചത്. അതുവഴി അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് നോവലിന്റെ ഇതിവൃത്തം.
ദാസന്‍ പഠിച്ച് ജോലി നേടുന്നതോടെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ തീരുമെന്ന് കുറമ്പിയമ്മയും ദാമൂ റൈട്ടറും ഭാര്യ കൗസുവമ്മയും സ്വപ്നം കണ്ടു. എന്നാല്‍ അയാള്‍ തെരഞ്ഞെടുത്ത വഴി കുടുംബത്തിന് ബുദ്ധിമുട്ടുകള്‍ വരുത്തി വച്ചു.1948ലെ മയ്യഴിയുടെ താല്‍ക്കാലിക വിമോചനത്തില്‍ പങ്കെടുത്ത ദാസന്‍ സമരം പരാജയപ്പെട്ടതോടെ ഒളിവില്‍ പോയി. തുടര്‍ന്ന് പോലീസ് പിടിയിലായ ദാസന് പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. 1954ല്‍ ഫ്രഞ്ചുകാര്‍ മയ്യഴി വിടുന്നതോടെ ദാസന്‍ ജയില്‍ മോചിതനാകുന്നു. ദാസന്റെ കാമുകി ചന്ദ്രിയ്ക്ക് മറ്റൊരു വിവാഹം തീരുമാനിച്ചതിനെ തുടര്‍ന്ന് ചന്ദിക അപ്രത്യക്ഷയാകുന്നു. താമസിയാതെ ദാസനും അവളുടെ വഴി പിന്തുടരുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.
ദാസന്‍ എന്നും ഇരിക്കാറുള്ള സ്ഥലം ഒഴിഞ്ഞുകിടന്നിരുന്നു.
അനാദിയായി പരന്നുകിടന്ന സമുദ്രത്തില്‍, അങ്ങകലെ ഒരു വലിയ കണ്ണീര്‍ത്തുള്ളിപോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകള്‍ തുമ്പികളായി പാറിനടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളില്‍ ഒന്ന് ദാസനായിരുന്നു..!
ദാസന്റെ കഥപറയുന്നതോടൊപ്പം കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി എം മുകുന്ദന്‍ എഴുതിയ ഈ നോവല്‍ മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാന്‍സിനും ഇന്ത്യക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയില്‍ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.’ എന്ന് പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെടുന്നു.
മലയാള നോവല്‍ സാഹിത്യത്തില്‍ എല്ലാ നിലയിലും പ്രാധാന്യമര്‍ഹിക്കുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് 1974ലാണ്. പുസ്തകത്തിന്റെ ആദ്യ ഡിസി ബുക്‌സ് പതിപ്പ് പുറത്തിറങ്ങിന്നത് 1992ലും. ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ പുസ്തകത്തിന്റെ നാല്‍പ്പത്തിയാറാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നത്.