ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടുമുള്ള മനുഷ്യന്റെ അത്യാര്‍ത്തി അവനെ പ്രകൃതി വിരുദ്ധനും ചൂഷകനുമാക്കി മാറ്റുകയാണ്. തനിക്കു മാത്രം ജീവിക്കണം, സുഖിക്കണം, സമ്പാദിക്കണം എന്ന ചിന്തയിലേയ്ക്ക് മനുഷ്യന്‍ അധഃപതിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേയ്ക്ക് ഭൂമിയെ തള്ളിവിട്ടതിന്റെ പരിണിതഫലമായി പ്രകൃതി നമ്മോട് കണക്കുതീര്‍ക്കുകയാണിപ്പോള്‍.
കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്നത് നിസ്സംഗ ഭാവത്തോടെയാണെങ്കിലും നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊടും വരള്‍ച്ചയും ജലക്ഷാമവും ഇതു മൂലമുള്ള ഭവിഷ്യത്തുകളും അഭിമുഖീകരിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് ഒരു ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും അവസരമൊരുക്കിക്കൊണ്ട് പുറത്തിറങ്ങിയ നോവലാണ് കുഞ്ച്‌രാമ്പള്ളം.
വനസംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും കഥ പറയുന്ന ഒരു പരിസ്ഥിതി നോവലാണ് കുഞ്ച്‌രാമ്പള്ളം. ഈ വനം സംരക്ഷിക്കുന്നതിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷകര്‍ നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കുന്നതിനൊപ്പം ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെയും നോവല്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കാട്ടുവാസികളുടെയും അവരുടെ അധിവാസകേന്ദ്രമായ കാടിന്റെയും പ്രകൃതിയുടെയും നദിയുടേയും സംരക്ഷണത്തിലേയ്ക്ക് വിരല്‍ചൂണ്ടുകയാണ് ഈ നോവല്‍. കുഞ്ച്‌രാമന്‍ എന്ന കാട്ടുപന്നിയുടെയും അവന്‍ സംരക്ഷിച്ചുപോന്ന കുഞ്ച് രാമ്പള്ളത്തിന്റെയും കഥപറയുന്ന ഈ കൃതി അട്ടപ്പാടിയിലെ ഇനിയും പിറക്കാനിരിക്കുന്ന പുതിയ തലമുറയ്ക്കുവേണ്ടിയുള്ള അതിജീവനത്തിന്റെ കഥകൂടിയാണിത്.
ഹരിതാഭമായിരുന്ന പല വനങ്ങളും അകാല ചരമമടഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. ജലസ്‌ത്രോതസുകളുടെ അനിയന്ത്രിതമായ ചൂഷണവും വനനശീകരണവുമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഒരു മഴയുടെ താളം തെല്ലൊന്ന് പിഴയ്ക്കുമ്പോഴും വേനല്‍ ചൂടില്‍ വേവുമ്പോഴും, ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്‍ നടക്കുമ്പോഴും ഒക്കെ മനുഷ്യന്‍ പറയും, പ്രകൃതി ചതിച്ചുവെന്ന്. എന്നാല്‍ അവര്‍ പ്രകൃതിയോട് ചെയ്യുന്ന ചതികളുടെ ആഴവും പരപ്പും എത്രയാണെന്ന് നോവല്‍ കാട്ടിത്തരുന്നു. പരിസ്ഥിതി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയുമാണ് ഈ നോവലിന്റെ രചയിതാക്കള്‍. ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് വിപണിയിലുള്ളത്.