”ചിരിച്ച മുഖങ്ങളല്ല ഞാൻ ഏറെയും കണ്ടിട്ടുള്ളത്. എന്നെ കാണാനെത്തുന്നവരുടെ തളർന്ന നെഞ്ചിലെ വിതുമ്പൽ ഞാൻ വ്യക്തമായി കേൾക്കുന്നു. ഒരു കുടുംബത്തെ മുഴുവൻ ക്യാൻസർ കാർന്നുതിന്നുന്നത് നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്.വൈകാരികവും സാമ്പത്തികവുമായ തകർച്ചകൾ. സ്നേഹം പോലെ തന്നെ തീവ്രമാണ് സ്നേഹരാഹിത്യവുമെന്ന അത്ഭുതം ഞാൻ കണ്ട ജീവിതം എനിക്ക് കാണിച്ചു തന്നു.
ഒരു ക്യാൻസർ ചികിത്സാ വിദഗ്ധന്റെ അനുഭവങ്ങൾ ഒരു കഥാകാരൻ പകർത്തുക. തീർത്തും അപൂർവ്വമായ ഈ കൂട്ടുകെട്ടിലൂടെ വാർന്നു വീണ അസാധാരണ കൃതിയാണ് ജീവിതമെന്ന അത്ഭുതം. പ്രശസ്ത ക്യാൻസർ ചികിത്സാ വിദഗ്ദനായ ഡോ. വി.പി ഗംഗാധരന്റെ തീവ്രാനുഭവങ്ങൾ പ്രശസ്ത കഥാകൃത്ത് കെ എസ് അനിയൻ ഹൃദയസ്പർശിയായ വാക്കുകളിലൂടെ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണിത്.നിസ്സംഗനായ ഒരു കാഴ്ചക്കാരൻ മാത്രമായി മാറി നിൽക്കാതെ കൊടും വേദനയുടെ ഒരു ജന്മം തന്നെയാണ് ഡോക്ടർ രോഗികളുമൊത്ത് ജീവിക്കുന്നത്.ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊഴുക്കിനെ ഒരു മഹാപ്രവാഹമാക്കി മാറ്റാനുള്ള ഒരു ഡോക്ടറുടെയും കഥാകൃത്തിന്റെയും യത്നമാണ് ജീവിതമെന്ന അത്ഭുതം.
ഒരു നിയോഗം പോലെ ജീവിതത്തിന്റെ നിരവധി മുഖങ്ങൾ തന്റെ കർമ്മ മണ്ഡലത്തിലൂടെ അടുത്തറിഞ്ഞ ഒരു ഭിഷഗ്വരന്റെ അനുഭവക്കുറിപ്പുകളാണിത്. എത്രയോ പുരുഷായുസ്സുകൾ കൊണ്ട് കണ്ടുതീർക്കേണ്ട കാര്യങ്ങളാണ് ഈ നാല്പത്തിയൊൻപതുകാരന്റെ കണ്മുന്നിലൂടെ കടന്നു പോയത്. നന്മയും കാരുണ്യവും മറന്നു സകലതും വെട്ടിപ്പിടിക്കാനോടുന്ന സമൂഹത്തിനുള്ള ഒരു താക്കീതാണ് ഈ പുസ്തകം.
കാൻസർ രോഗത്താൽ തകർന്നു പോകുന്ന ഒട്ടനവധി ഹൃദയങ്ങളെ സമാധാനത്തിന്റെ തീരത്തെത്തിക്കാൻ ഉതകുന്ന ഈ പുസ്തകത്തിലെ ഓരോ താളുകളും ഏതൊരു മനുഷ്യന്റെയും ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്നവയാണ്. ചിലപ്പോൾ നെഞ്ചിടിപ്പിന്റ കണ്ണീർത്തുള്ളികളും ചിലപ്പോൾ സമാധാനത്തിന്റെ ദീർഘ നിശ്വാസവും പുസ്തകം വായനക്കാർക്ക് സമ്മാനിക്കുന്നു. കരയാനും വേണം ഒരാവകാശം എന്ന സത്യം മനസിലാക്കിയ ഡോ. വി.പി ഗംഗാധരന്റെ ജീവിതാനുഭവങ്ങളാണ് ജീവിതമെന്ന അത്ഭുതം.
ഈ പുസ്തകം വായിച്ച ശേഷം ഒരു ക്യാൻസർ രോഗിയായ എഴുത്തുകാരി പറഞ്ഞത്-
”പൂജാമുറിയിലാണ് ഞാൻ ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ ഒരു പേജെങ്കിലും വായിക്കാതെ ഞാൻ ഉറങ്ങാറില്ല. ഒരു ടീച്ചറുടെ പ്രതികരണമാണിത്.
മറ്റൊരു മനസ് തുറന്നത് ഇങ്ങനെയാണ്-
‘‘സത്യം പറഞ്ഞാൽ ഞാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത് ഈ പുസ്തകം വായിച്ചു കഴിഞ്ഞതിനു ശേഷമാണ്. ജീവിതത്തിന്റെ പലമുഖങ്ങൾ. എന്താണ് ജീവിതമെന്ന് ഞാൻ ഈ പുസ്തകത്തിലൂടെ മനസിലാക്കുന്നു. നമ്മുടെയൊക്ക ദുഃഖം ഒന്നുമല്ലെന്നും.”
ഡോ. വി.പി ഗംഗാധരൻ അന്താരാഷ്ട്ര പ്രശസ്തനായ കാൻസർ ചികിത്സകനാണ്. എയിംസ് , അടയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. ക്രൂരവും ദീനവുമായ ഈ ജീവിതകാഴ്ചകളിൽ എന്ത് ശേഷിപ്പിക്കുന്നു എന്ന ചോദ്യത്തിന് ഡോ . ഗംഗാധരൻ പറഞ്ഞത് ഇതാണ്.
എന്റെ മനസ്സ് കൂടുതൽ ശുദ്ധിയുള്ളതാകുന്നു. എന്നിൽ കൂടുതൽ മനുഷ്വത്വം വന്നു നിറയുന്നു.നിർമ്മലമായ കണ്ണുകളോടെ നോക്കികാണുമ്പോൾ ലോകം എത്ര മനോഹരം, പക്ഷെ ആ കണ്ണുകളെവിടെ ? എത്രപേർക്കുണ്ടത് ?