കലാലയങ്ങളുടെ പ്രതിഷേധത്തിന്റെ അക്ഷരങ്ങളാണ് വിശ്വവിഖ്യാത തെറി. ഇന്ത്യൻ കാമ്പസുകളിലെ സവർണ്ണതയ്ക്കും ജനാധിപത്യ ധ്വംസനത്തിനും എതിരെ ജെഎൻയുവിലും ഹൈദരാബാദ് സർവ്വകലാശാലയിലും ഒതുങ്ങി നിൽക്കാത്ത പ്രതിഷേധാഗ്നിയാണ് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും ഉയർന്നത്. ദളിത്, സ്ത്രീ, ന്യൂനപക്ഷം, ഭിന്ന ലൈംഗികത, പരിസ്ഥിതി, സര്‍ഗാത്മകത, പ്രണയം എന്നീ വിഷയങ്ങളെ ആഴത്തില്‍ ചര്‍ച്ച ചെയ്ത അവരുടെ മാഗസിന്‍ രൂപകല്‍പ്പനയിലും ഉള്ളടക്കത്തിലും ഏറെ പുതുമപുലര്‍ത്തുന്നു. ഒരു വിഭാഗത്തിന്റെ അടിച്ചമർത്തലുകളെ ചിലർ നേരിട്ടത് മാഗസീൻ അഗ്നിക്കിരയാക്കിയാണ്. ഇതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ അടക്കം വൻവിവാദങ്ങൾക്ക് വഴിവച്ചു. വിവാദങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്ന് ഡി സി ബുക്‌സും തങ്ങളുടെ നിലപാട് വ്യക്തമാക്കി മാഗസീൻ പുസ്തകമായി പ്രസിദ്ധീകരിച്ചു.
പുറത്തിറങ്ങിയ അന്നുമുതല്‍ കോളജിലെ തന്നെ ഒരു വലിയവിഭാഗം അധ്യാപകരും ചില വിദ്യാര്‍ഥി സംഘടനകളും മാഗസിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എബിവിപിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ മാഗസിന്റെ കോപ്പികള്‍ കത്തിച്ചു പ്രതിഷേധിച്ചു. കവര്‍ പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നതിലെ പുതുമ മാഗസിന്റെ ഓരോ പേജിലും ഉള്ളടക്കത്തിലും രൂപകല്‍പ്പനയിലും നിലനിര്‍ത്തിയിട്ടുണ്ട്. മാഗസിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന പ്രതിജ്ഞ കോളജിന്റെ മാനേജ്‌മെന്റ്തലത്തിലും നിലവില്‍ രാജ്യത്തു തന്നെയും നിലനില്‍ക്കുന്ന അരാഷ്ട്രീയ-പിന്തിരിപ്പന്‍ നിലപാടുകളെ ആക്ഷേപഹാസ്യരൂപത്തില്‍ നിശിതമായി വിമര്‍ശിക്കുകയും ഒപ്പം പരിഹസിക്കുകയും ചെയ്യുന്നു.
”മണ്ണിന്റെ മക്കൾ ചോറുകൊണ്ടൊരു പുരയുണ്ടാക്കി
അതിനെ ആരൊക്കെയോ ചെറ്റകുടിലുകൾ എന്ന് വിളിച്ചു.”
മലയാളികളുടെ ഏറ്റവും ലളിതമായ തെറിയായ ചെറ്റ എന്ന വാക്കെടുത്താൽ , മോശപ്പെട്ട ആളെ അല്ലെങ്കിൽ അനീതി ചെയ്ത ആളെ സമൂഹം ചെറ്റ എന്ന് വിളിക്കാറുണ്ട്. ആ പദത്തിന്റെ ഉത്ഭവം തന്നെ ദളിത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാണ്.ദളിതന്റെ വീടാണ് ചെറ്റകുടിൽ , അവൻ തലചായ്ക്കുന്ന ഇടത്തെയാണ് സമൂഹം പൊരുളറിയാതെ ചെറ്റ എന്നുവിളിക്കുന്നത്.
”പുലയാണു പോലും പുലയാണു പോലും
പുലയാടി മക്കൾക്ക് പുലയാണു പോലും
പറയാനും പുലയനും പുലയായതെങ്ങിനെ ?
ഇത്തരത്തിൽ സമൂഹത്തിലെ അധികാര ശക്തി നിലനിർത്തുന്നതിൽ സവർണ്ണത നടത്തിയ അധിനിവേശമാണ് ഭാഷയുടെ മേലുള്ള ഉച്ചനീചത്വ സങ്കൽപം.ഉണരുന്ന യുവത്വത്തിന്റെ അലയൊലികളാണ് കാമ്പസുകളിൽ നിന്നുയരുന്ന ആ തീനാളങ്ങൾ.
വിശ്വവിഖ്യാത തെറിയുടെ മൂന്നാം പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.