കാലംമാറി…എല്ലായിടവും യന്ത്രം കയ്യടക്കി.എന്തിന് മനുഷ്യര്‍ പോലും യന്ത്രംകണക്കേ പായുകയാണെന്നാണ് പൊതു അഭിപ്രായം..പറഞ്ഞുവരുന്നത് വൈദ്യുതിചാര്‍ജ്ജിന്റെ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തെക്കുറിച്ചല്ല..ഭരണമണ്ഡലത്തിന്റെ കാണാപ്പുറങ്ങള്‍ വായനക്കാരനു കാണിച്ചു തരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം എന്ന നോവലിനെപറ്റിയാണ്. ഭരണവ്യവസ്ഥ പശ്ചാതലമാക്കിയ നിരവധി നോവലുകള്‍ മുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നും തികച്ചും വിഭിന്നമാണ് ‘മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം‘.
ബാലചന്ദ്രന് എന്ന യുവ ഐ.എ.എസ് കാരന്റെ കഥയാണ് യന്ത്രം. ഭരണ യന്ത്രത്തിന്റെ ഭാഗമായി തീരുന്ന ബാലചന്ദ്രന്, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകള്‍ നമുക്ക് കാണിച്ചു തരുന്നു. നാട്ടിന്‍പുറത്തെ നാടന്‍ സ്കൂളില്‍ പഠിച്ച ബാലന്, അവന്റെ മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവള്‍ക്ക് തനി നാടനായ ബാലനെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. വളരെ വിഷമം ഏറിയ ഒരു ദാമ്പത്യവും ജോലിയില്‍ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും എല്ലാം ഈ നോവലില്‍ ചുരുള്‍ നിവരുന്നു. എന്നാല്‍ ജെയിംസ് എന്ന നിശ്ചയ ദാര്‍ഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ നോവല്‍. ആദര്‍ശ ശീലനായ, നിശ്ചയ ദാര്‍ഢ്യമുള്ള ജെയിംസ് എല്ലാവരുടെയും ഹൃദയം കവരുന്നു. അതി ജീവനത്തിനായി പെടാപാട് പെടുമ്പോഴും സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാള്‍ അതെല്ലാം സധീരം നേരിടുകയാണ്. ഒരു മനുഷ്യന് എങ്ങനെ ആയിരിക്കണം എന്ന് ജെയിംസ് നമുക്ക് കാണിച്ചു തരുന്നു. ഇവരിരുവരും ഭരണമണ്ഡലം എന്ന വലിയ ഒരു യന്ത്രത്തിന്റെ ഘനമില്ലാത്ത കുഞ്ഞു പല്‍ച്ചക്രങ്ങള്‍ മാത്രം.
സര്‍ക്കാര്‍ സര്‍വ്വീസിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് യന്ത്രം പറയുന്നത്. അതിനാല്‍ തന്നെയാണ് ‘യന്ത്രത്തിന്റെ വിശാലമായ ക്യാന്‍വാസ് നിറയെ ധര്‍മ്മസങ്കടങ്ങളുടെ ചിത്രമാനുള്ളതെന്ന് ‘മലയാറ്റൂര്‍ തന്നെ നോവലിനെ പറ്റി അഭിപ്രായമുന്നയിച്ചത്. മാത്രമല്ല ജെയിംസ് എന്ന കഥാപാത്രത്തിലൂടെ മലയാറ്റൂര്‍ പറഞ്ഞുവെക്കുന്നതും ഇതാണ്- “ആരുഭരിച്ചാലും ഒരു ദരിദ്ര്യരാജ്യത്തില് ഒരൊറ്റ രാഷ്ട്രീയമെയുള്ളു ! ദാരിദ്ര്യം മാറണം…ഇന്നെത്തെ സിവില്‍ സര്‍വ്വീസ് നിഷ്പക്ഷമായിരിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്കു യോജിക്കാനാവില്ല. ദാദ്ര്യത്തിന്റെ മുമ്പില്‍ എങ്ങനെ നിഷ്പക്ഷമായിരിക്കും..?”
മലയാറ്റൂരിന്റെ തൂലികയില്‍ വിരിഞ്ഞ എക്കലത്തെയും വലിയ നോവലായ യന്ത്രത്തിന്റെ 14-ാമത് ഡി സി പതിപ്പ് പുറത്തിറങ്ങി. മലയാളത്തിലെ ഒരു വാരികയില്‍ 1976ലാണ് ഈ നോവല്‍ ആദ്യമായ പ്രസിദ്ധീകരിച്ചത്. വയലാര്‍ അവാര്‍ഡ് നേടിയ പുസ്തകത്തിന്റെ ആദ്യ ഡി സി ബുക്സ് പതിപ്പ് പുറത്തിറങ്ങുന്നത് 1998ലാണ്.
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ മലയാറ്റൂര്‍ രാമകൃഷ്ണന് പാലക്കാട് ജില്ലയിലെ പുതിയ കല്‍പ്പാത്തിയില്‍ 1927 മേയ് 30നാണ് ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളേജില്‍ ഇംഗ്ലീഷ് ട്യൂട്ടറായി. തുടര്‍ന്ന് നിയമ ബിരുദം നേടിയ അദ്ദേഹം വക്കീലായി പ്രാക്ടീസ് തുടങ്ങി.1955ല്‍ മട്ടാഞ്ചേരിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേട്ടായതു മുതലാണ് മലയാറ്റൂരിന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ല്‍ അദ്ദേഹത്തിന് ഐഎഎസ് ലഭിച്ചു.
ഔദ്യോഗികജീവിതത്തിലെ സ്മരണകള്‍ സര്‍വ്വീസ് സ്റ്റോറി എന്റെ ഐ എ എസ് ദിനങ്ങള്‍ എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്?പദമാക്കി മലയാറ്റൂര്‍ രചിച്ച നോവലാണ് പൊന്നി. തമിഴ് ബ്രാഹ്മണ ജീവിതവും ബ്യൂറോക്രസിയുടെ ഉള്ളുകള്ളികളും വിവരിക്കുന്ന നോവലാണ് വേരുകള്‍ .നിഗൂഢമായ മാനസിക പ്രവര്‍ത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും, ഷെര്‍ലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതും ഇദ്ദേഹമാണ്.