തങ്ങള്‍ രാജ്യത്തുണ്ടാക്കിയ അസമത്വത്തിന്റെ രജതജൂബിലി ആഘോഷിക്കുകയാണു ബിജെപിയും കോണ്‍ഗ്രസും കോര്‍പറേറ്റുകളുമെന്ന് സുഭാഷിണി അലി. മൂന്നു പാര്‍ട്ടികളും ഇടംവലം നോക്കാതെയാണ് ഉദാരവത്ക്കരണം നടപ്പാക്കിയത്. അതുവഴി സാമ്പത്തിക-സാമൂഹിക അസമത്വം വര്‍ധിച്ചുവെന്നും സുഭാഷിണി അലി കൂട്ടിച്ചേര്‍ത്തു. ‘പുതിയ അസമത്വങ്ങള്‍നിയോ ലിബറലിസത്തിന്റെ 25 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ 18-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
രാജ്യത്തെ ആദിവാസികളും ദലിതരും സ്ത്രീകളും അടങ്ങുന്ന 85 ശതമാനം ആളുകളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തിരിച്ചുപിടിക്കാനാകാത്തവിധം വലുതായി. രാജ്യത്തു തുടരുന്ന ഉദാര, സ്വകാര്യ വിദേശവത്ക്കരണ നയങ്ങള്‍ ദാരിദ്യത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. കേരളത്തിലും ഉദാരവല്‍ക്കരണത്തിന്റെ ദൂക്ഷ്യഫലങ്ങളുണ്ട് – അവര്‍ പറഞ്ഞു.
18-ാമത് ഡി സി കിഴക്കെമുറി അനുസ്മരണപ്രഭാഷണത്തിന്റെ പ്രസക്തഭാഗം
മാധ്യമങ്ങളിലും അസംഖ്യം സെമിനാറുകളിലും മറ്റു പൊതുചടങ്ങുകളിലുമൊക്കെ പുതു ലിബറല്‍ പരിഷ്‌കാരങ്ങള്‍ക്ക് ആരംഭംകുറിച്ചതിന്റെ 25-ാം വര്‍ഷത്തെ മഹത്തായ ഇന്ത്യന്‍ വിജയഗാഥയായി ആഘോഷിക്കുന്നതൊരു വൈപരീത്യംതന്നെ, അതു ദുഃഖകരവുമാണ്. ഇവര്‍ ഈ ‘വിജയത്തെ’ അസൂയയോടെ നോക്കുക മാത്രമല്ല പരിഷ്‌കാരനടപടികള്‍ ത്വരിതഗതിയിലാക്കേണ്ടതിന്റെ അത്യാവശ്യകതയും, ടെലിവിഷന്‍ ചാനലുകളും പത്രങ്ങളുടെ ഒന്നാം പേജും അടക്കം എല്ലാ വേദികളിലൂടെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സെല്ലുലാര്‍ ടെലിഫോണ്‍ മുതല്‍ ഇന്റര്‍നെറ്റും തീവണ്ടി-വിമാനയാത്രകളുടെ ഓണ്‍ലൈന്‍ ബുക്കിങ് വരെ എല്ലാം ഈ പരിഷ്‌കരണനടപടികളുടെ ഫലമാണെന്നാണ് ഘോഷിക്കുന്നത്. ഏതാണ്ട് രണ്ടര ദശാബ്ദത്തോളം വരുന്ന ഇക്കാലയളവില്‍ കേന്ദ്രഭരണത്തില്‍ വന്ന രണ്ടു മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍, കോണ്‍ഗ്രസ്സും ബി ജെ പിയും, ഈ പരിഷ്‌കരണ നടപടികളുടെ പേരും പ്രശസ്തിയും കൈക്കലാക്കാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്.
സാമൂഹികമേഖല, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങി പല വിഭാഗങ്ങളില്‍നിന്നും ഗവണ്‍മെന്റിനു പിന്മാറേണ്ടിവരുന്നതുള്‍പ്പടെ ഘടനാപരമായ മാറ്റങ്ങളും വാണിജ്യമേഖല തുറന്നിടുന്നതും പോലെയുള്ള പലേ ഉപാധികളും വച്ചുകൊണ്ട് ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഗവണ്‍മെന്റുകള്‍ക്ക് സാമ്പത്തികസഹായം അനുവദിച്ചു തുടങ്ങിയതോടെയാണ് പുതു-ലിബറല്‍ പരിഷ്‌കാരങ്ങളുടെ തുടക്കം കുറിച്ചത്. ഇത് 1980-കളിലായിരുന്നു. ആ ദശാബ്ദത്തിന്റെ അവസാനത്തില്‍ സോവിയറ്റ് റഷ്യയുടെയും സോഷ്യലിസ്റ്റ് സംഘത്തിന്റെയും തകര്‍ച്ചയോടെ ഇതു പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തനനിരതമായി. അതോടെ വികസ്വര-അവികസിത രാഷ്ട്രങ്ങളുടെ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കാനും അവിടുത്തെ തൊഴിലാളികളെ പണച്ചിലവില്ലാതെ ചൂഷണം ചെയ്യാനും ആ രാജ്യങ്ങളുടെ വിപണി തങ്ങളുടെ ഉല്പന്നങ്ങളാല്‍ നിറയ്ക്കാനും സാധിക്കുംവിധം അവിടങ്ങളിലെ ‘ വിപണി സ്വതന്ത്രമാക്കുക’ എന്ന ആശയവുമായി എളുപ്പം മുന്നോട്ടുപോകാന്‍ വികസിത മുതലാളിത്ത ശക്തികള്‍ക്ക് വഴിയൊരുക്കി. നവലിബറല്‍ മാതൃക ആഗോളവ്യാപകമായി നടത്തുവാന്‍ ആവശ്യമായ ഒരു നിര്‍ബന്ധിത മുന്നുപാധിയായിരുന്നു സോവിയറ്റ് റഷ്യയുടെയും സോഷ്യലിസ്റ്റ് സംഘത്തിന്റെയും തകര്‍ച്ച എന്ന വസ്തുത അധികമാരും ശ്രദ്ധിക്കാറില്ല, എന്നാല്‍ ഈ പുതുശൈലിയുടെ യഥാര്‍ത്ഥസ്വഭാവം മനസ്സിലാക്കാന്‍ ആവശ്യമായൊരു അടിത്തറ രൂപീകരിക്കുന്ന ഒന്നാണ് അത്.
ആഗസ്റ്റ് 21-ന് ഗാഡിയന്‍ ദിനപ്പത്രത്തില്‍ മാര്‍ട്ടിന്‍ ജാക്വസ് എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ‘പുതുലിബറല്‍ കാലഘട്ടത്തിന്റെ ഏറ്റവും ദാരുണമായ അടയാളം അസമത്വങ്ങളുടെ അഭിവൃദ്ധിയാണ്’ എന്നാണ്. ഇന്ത്യയിലാകട്ടെ സമൂഹത്തിന്റെ പലപ്രധാന വിഭാഗങ്ങളിലും ഈ ‘പുതു ലിബറലിസവും അതിന്റെ മൂല്യങ്ങളും നടപ്പാക്കുന്നതിന്റെ കുത്തക’ക്കാരാകട്ടെ ഇവിടെ രൂപപ്പെടുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്ന എണ്ണമറ്റ അസമത്വങ്ങളെക്കുറിച്ച് ഒരുതരത്തിലും പ്രതികരിക്കുന്നില്ലെന്നത് അമ്പരപ്പിക്കുന്നതും ഞെട്ടലുളവാക്കുന്നതുമാണ്.
നാമെങ്ങോട്ടൊക്കെ തിരിഞ്ഞുനോക്കിയാലും അവിടെല്ലാം ഇത്തരം അസമത്വങ്ങള്‍ നമ്മെ തുറിച്ചുനോക്കുന്നതു കാണാം. അവയെ എണ്ണിത്തിട്ടപ്പെടുത്തുന്നതുപോലും എളുപ്പമല്ല. വെറും 1% ഇന്ത്യക്കാര്‍ ആണ് രാജ്യത്തിന്റെ സമ്പത്തിന്റെയും വിഭവങ്ങളുടെയും അമ്പത്തിമൂന്നു ശതമാനവും നിയന്ത്രിക്കുന്നത്. ദേശീയ പോഷകാഹാരനിരീക്ഷണ സമിതിയുടെ ഈ അടുത്തകാലത്തെ ഒരു സര്‍വ്വെ വെളിപ്പെടുത്തിയത് ഏറ്റവും ആശ്ചര്യജനകമായൊരു വസ്തുതയാണ്, രാജ്യത്തെ ജനസംഖ്യയുടെ 70% ഓളം വരുന്ന ഗ്രാമീണ ജനവിഭാഗം 1975-79 കാലഘട്ടത്തില്‍ ഭക്ഷിച്ചിരുന്നതിനെക്കാള്‍ 550 കലോറി കുറവാണത്രേ ഇന്നു ഭക്ഷിക്കുന്നത്. മൂന്നു വയസ്സില്‍ത്താഴെയുള്ള ശിശുക്കള്‍ 300 മി ലി പാല്‍ ദിവസവും കുടിക്കേണ്ടയിടത്ത് വെറും 80 മി ലി മാത്രമാണ് കുടിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീപുരുഷ•ാരില്‍ 35%വും വേണ്ടത്ര പോഷകാഹാരം കിട്ടാത്തവരാണ്. കുട്ടികളില്‍ 42%വും പ്രായത്തിനനുസരിച്ച് ശരീരഭാരമാര്‍ജ്ജിക്കാത്തവരാണ്. 2014-ല്‍ ഗ്രാമീണഇന്ത്യയുടെ ദരിദ്രമേഖലകളില്‍ സര്‍വ്വെ നടത്തിയപ്പോള്‍, ദക്ഷിണരാജസ്ഥാനിലെ 4 പഞ്ചായത്തുകളില്‍ അജീവിക ബ്യൂറോ കണ്ടെത്തിയ ഒരു വസ്തുത നോക്കൂ. 500 അമ്മമാരില്‍ 250 പേരും തലേദിവസം പയറുവര്‍ഗത്തില്‍പ്പെട്ടതൊന്നുംതന്നെ കഴിച്ചിരുന്നില്ല. 150 പേര്‍ പച്ചക്കറികളൊന്നും കഴിച്ചിട്ടില്ല. പഴങ്ങളോ മുട്ടയോ മാംസമോ അവരാരുംതന്നെ കഴിച്ചിരുന്നില്ല. ലോകബാങ്ക് നമ്മോടു പറയുന്നതു കേള്‍ക്കൂ ‘പോഷകാഹാരക്കുറവ് അനാരോഗ്യത്തിനും മരണത്തിനും കാരണാകുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. മാത്രമല്ല ഉത്പാദനക്ഷമതയിലും പോഷകാഹാരക്കുറവിന്റെ കാര്യമായ പ്രഭാവം ഉണ്ടാകാം. അതിനാല്‍ പോഷകാഹാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിക്ഷേപിക്കാതിരുന്നാല്‍ അത് സാമ്പത്തികവളര്‍ച്ചാ സാധ്യതകളെ കാര്യമായി ചുരുക്കിയെന്നുവരാം.’ (ലോകബാങ്ക് റിപോര്‍ട്ട്, 2015)
റിപ്പോര്‍ട്ടുകളോരോന്നായി പോഷകാഹാരക്കുറവിനെപ്പറ്റിയും തീര്‍ത്തും അപര്യാപ്തമായ ആരോഗ്യസേവനങ്ങളെപ്പറ്റിയും എണ്ണിയെണ്ണിപ്പറയുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള അടിയന്തിര ഇടപെടലുകളാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാരാകട്ടെ പരിഷ്‌കരണത്തിന്റെ പേരില്‍ നേര്‍വിപരീതമാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പിലുള്ള ചിലവുകളും പൊതുവിതരണവ്യവസ്ഥയ്ക്കുള്ള ചിലവുകളും ഭീമമായി വെട്ടിക്കുറയ്ക്കുന്നതാണ് കഴിഞ്ഞ ബജറ്റുകളിലൊക്കെ കാണാന്‍ സാധിച്ചത്. ആരോഗ്യസേവനരംഗം സംബന്ധിച്ചാണെങ്കില്‍ സര്‍ക്കാര്‍ സ്വന്തം ആരോഗ്യവകുപ്പു ശ്രദ്ധിക്കേണ്ടതിനുപകരം സ്വകാര്യ ആരോഗ്യസേവനരംഗങ്ങള്‍ക്കു കൂടുതല്‍ ചിലവിടുന്നതുകാണാം. സ്വന്തം പൗര•ാര്‍ക്ക് അത്യാവശ്യം അടിസ്ഥാനസേവനങ്ങള്‍ നല്‍കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും സാവധാനം പിന്‍വലിയുകയും ഒപ്പം സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പൊതുഖജനാവില്‍നിന്നും സബ്‌സിഡി നല്‍കി അവരുടെ ലാഭം പരമാവധി വര്‍ധിപ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അതുതന്നെയാണ് പുതു ലിബറല്‍ പരിഷ്‌കാരചിന്തകളുടെ കേന്ദ്രാശയം.
The post ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തിരിച്ചുപിടിക്കാനാകാത്തവിധം വലുതായി; സുഭാഷിണി അലി appeared first on DC Books.