തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച ഒരു തലമുറയുടെ കഥ പങ്കുവയ്ക്കുന്ന നോവലാണ് എസ് കെ പൊറ്റെക്കാട്ടിന്റെ വിഷകന്യക. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന നോവല്‍ ഒരു സമൂഹത്തിന്റെ ചരിത്രം കൂടിയാണ്. ഭൂമിയും പ്രകൃതിയും മനുഷ്യന് എല്ലാം നല്കുന്ന അമ്മ മാത്രമല്ല , എല്ലാം തിരികെ ഊറ്റിയെടുക്കുന്ന ‘വിഷകന്യക‘ കൂടിയാണെന്ന് ഈ നോവല്‍ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മലബാറിലെ പ്രതികൂലമായ സാഹചര്യത്തില്‍ മണ്ണിനോടും അവിടുത്തെ മനുഷ്യനോടും പടവെട്ടി ഒടുവില്‍ കഠിനരോഗ ബാധിതരായ കര്‍ഷക സംഘമാണ് ഇതിലെ നായകന്‍. നായികയോ- ആ നായകനെ ദൂരെയിരുന്നു കടാക്ഷിച്ചു ചാരത്തുവരുത്തി, അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കി കഴിഞ്ഞതിനുശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമിയും.
തിരുവിതാംകൂറിലെ പാവങ്ങള്‍ തങ്ങളുടെ ശിഷ്ടകാലം പൂര്‍ത്തീകരിക്കുവാന്‍ കണ്ടെത്തിയത് മലബാറിലെ പൊന്നുവിളയുമെന്നു വിശ്വസിച്ച വനഭൂമിയായിരുന്നു. അങ്ങനെ പുറപ്പെട്ട കുടിയേറ്റക്കാരില്‍ ചിലരാണ് മാത്തന്‍, അവന്റെ ഭാര്യ മറിയം, മക്കളായ മേരിക്കുട്ടിയും ജോണും , ചെറിയാനും കുടുംബവും ,വര്‍ഗീസും , വര്‍ക്കിസാറും ആനിക്കുട്ടിയുമൊക്കെ. മലബാറിലെത്തിയ അവരെ കാത്തു ജന്‍മിമാരുടെ കയ്യാളായ കാര്യസ്ഥര്‍ ഭൂമിവില്പനയ്ക്ക് തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു .അങ്ങനെ അവര്‍ ജന്മിമാരുടെ കൈവശമുള്ള കുന്നും താഴ് വരയും വയലും നിറഞ്ഞ നിലങ്ങള്‍ വാങ്ങി കൃഷി തുടങ്ങി.
എന്നാല്‍ അവരുടെ സുന്ദരസ്വപ്‌നങ്ങള്‍ക്ക് കോട്ടം തട്ടിച്ചുകൊണ്ട് അവര്‍ക്ക് നേരിടേണ്ടി വന്നത് കാട്ടു പന്നികളുടെ ആക്രമണമായിരുന്നു. ആ തടസ്സം അതിജീവിച്ചു കൃഷി പുനരാരംഭിച്ച ചിലര്‍ക്ക് മലമ്പനിയെയാണ് നേരിടേണ്ടി വന്നത്. സര്‍വനാശം സംഭവിച്ച സ്ഥിതിയില്‍ നിന്നും അവര്‍ പിന്നെ ഉയിര്‍തെഴുന്നെറ്റിട്ടില്ല. ബാക്കിയുള്ളവര്‍ പിറന്ന മണ്ണിലേക്കു യാത്രയായി. അങ്ങനെ ഉറ്റവരും ഉടയവരും നഷ്ടപെട്ട ശേഷിക്കുന്ന ജനത തിരികെ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ വിഷഭൂമി തന്റെ അദൃശ്യ കരങ്ങള്‍ നീട്ടി വരാനിരിക്കുന്ന ഒരു പറ്റം ജനതയെ ആകര്‍ഷിച്ചുകൊണ്ടെയിരിക്കുന്നു എന്നയിടത്ത് നോവല്‍ അവസാനിക്കുന്നു.
പ്രശസ്ത സഞ്ചാര സാഹിത്യകാരന്‍ എന്നറിയപ്പെടുന്ന എസ് കെ പൊറ്റെക്കാടിന്റെ തൂലികയില്‍ ജന്മമെടുത്ത ഒരിതിഹാസ നോവലായ വിഷകന്യക 1948ലാണ് പ്രസിദ്ധീകരിക്കുന്നത്. എസ്. കെ യുടെ സമ്പൂര്‍ണ വിജയം വിളംബരം ചെയ്യുന്ന നോവല്‍ 2005ലാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ പന്ത്രണ്ടാമത് ഡ സി പതിപ്പ് വിപണിയില്‍ ലഭ്യമാണ്.