മഹാകുസൃതിയായ തെന്നാലിരാമന് ഒരിക്കല്‍ ഒരു സന്യാസി പറഞ്ഞുകൊടുത്ത കാളീമന്ത്രം ജപിച്ചു കാളീദേവിയെ പ്രത്യക്ഷപ്പെടുത്തി. ദേവി അവന് രണ്ടുസ്വര്‍ണ്ണക്കിണ്ണങ്ങള്‍ നല്‍കി.ഒന്നില്‍ വിഞ്ജാനമാകുന്ന പാല്‍, മറ്റേതില്‍ ധനമാകുന്ന പാല്‍. ഏതെങ്കിലും എടുത്തുകൊള്ളു. എന്ന് ദേവി ആവശ്യപ്പെട്ടു. എന്നാല്‍ രാമനെന്തുചെയ്‌തെന്നോ..? സൂത്രത്തില്‍ അതുരണ്ടും വാങ്ങി ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു.
എന്നിട്ട് പറഞ്ഞു: അടിയനോട് ദേവി ക്ഷമിക്കണം, അടിയനു വിജ്ഞാനവും വേണം പണവും വേണം. രണ്ടും ഉണ്ടെങ്കിലേ ജീവിതം സുഖിക്കാനൊക്കു.
എന്തൊരു കുസൃതിക്കാരനാണ് നീ! ഒന്നിനുപകരം രണ്ടും കുടിച്ചില്ലേ.. അക്കാരണത്താല്‍ നീ ഒരു വികടകവിയാകുമെന്ന് ദേവി അരുള്‍ ചെയ്തു.
ദേവി അങ്ങനെ അരുള്‍ചെയ്യരുത് അടിയനു വികടകവിയായാല്‍ മാത്രം പോര. കവിയുംകൂടിയാകണം എന്ന് രാമനും പറഞ്ഞു. ഒടുവില്‍ നീ ഒരേസമത്ത് കവിയും വികടകവിയും ആകുമെന്നും വിദൂഷകനയി കീര്‍ത്തിനേടുമെന്നും ദേവി അനുഗ്രഹിച്ചു.
കാലങ്ങള്‍ക്ക് ശേഷം വിജയനഗരത്തിലെ ചക്രവര്‍ത്തിയായ കൃഷ്ണദേവരായരുടെ വിദൂഷകനായിമാറി നമ്മുടെ തെന്നാലിരാമന്‍. ബുദ്ധിശക്തിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒപ്പം വാക്ശക്തിയും. നേരമ്പോക്കുകള്‍ പറയുക മാത്രമല്ല തെന്നാലിരാമന്‍ ചെയ്തിരുന്നത്. കുസൃതികളും സൂത്രങ്ങളും പ്രയോഗിച്ച് രാജാവിനെ സഹായിക്കുകയും ചെയ്തിരുന്നു. ഇതില്‍ ചിലതൊക്കെ അല്പം കടന്നവയും ആയിരുന്നു. എങ്കിലും അവ ചിലരെ നിലയ്ക്കു നിര്‍ത്താന്‍ സഹായകമായി.
ഇങ്ങനെ കവിയും വികടകവിയും വിദൂഷകനുമായ തെന്നാലിരാമന്റെ പ്രതിഭയെക്കുറിച്ചുള്ള കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് തെന്നാലിരാമന്‍ കഥകള്‍.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ പുസ്തകം പ്രസിദ്ധ ബാലസാഹിത്യകാരനായ മാലിയാണ് എഴുതിയിരിക്കുന്നത്. തെന്നാലി രാമനെ സംബന്ധിക്കുന്ന കഥകള്‍ ഒട്ടനവധിയുണ്ട്. കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്ന അത്തരം കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത മുപ്പത്തിയാറെണ്ണമാണ് മാലി പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഓരോ കഥകളോടൊപ്പം സുമേഷ് വരച്ച മനോഹര ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഡിസി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ പതിപ്പിറങ്ങുന്നത് 1981ലാണ്. പുസ്തകത്തിന്റെ പന്ത്രണ്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
കുട്ടികളുടെ അത്ഭുതകരമായ മനോസ്പന്ദനങ്ങള്‍ സൂക്ഷ്മതയോടെ ഉള്‍ക്കൊണ്ട എഴുത്തുകാരനാണ് മാലി. അദ്ദേഹം സൃഷ്ടിച്ച ഒരു കഥാപാത്രത്തെയെങ്കിലും മനസ്സിലിട്ടു നടക്കാത്ത കു്ട്ടികള്‍ കുറവാണ്. ഉണ്ണികളേ കഥ പറയാം, ഉണ്ണിക്കഥകള്‍, സര്‍ലജിത്തിന്റെ സമുദ്രസഞ്ചാരം, മാലിഭാരതം,മാലിഭാഗവതം, മാലിരാമായണം പുരാണ കഥാമാലിക തുടങ്ങി ബാലസാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്.