കുത്തിക്കെടുത്താനാകാത്ത പോരാട്ടച്ചുരുട്ടിന്റെ പേരായിരുന്നു ഫിദൽ കാസ്ട്രോ.അവസാനശ്വാസത്തോളം പോരാടി അജയ്യനായാണ് ഫിദൽ ചരിത്രത്തിലേക്ക് മടങ്ങിയത്.ക്യൂബ എന്ന ചെറിയ ദ്വീപിനെ ലോക രാഷ്ട്രീയത്തിന്റെ സങ്കീർണ്ണമായ വ്യവഹാരങ്ങളിലെ നിർണ്ണായക സാന്നിധ്യമാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് ഫിദലിന്റെ നേട്ടം. ഫിദലിനെ അറിയാൻ ആദ്യം ക്യൂബയെ അറിയണം.ഫിദൽ കാസ്ട്രോയുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു ബിജീഷ് ബാലകൃഷ്ണന്റെ ഫിദൽ കാസ്ട്രോ എന്ന പുസ്തകം.
സാമ്രാജ്യത്ത്വത്തിനെതിരെ ലോകത്തെവിടെയും നടക്കുന്ന പോരാട്ടങ്ങളുടെ മുഖചിത്രമാണ് ഫിദൽ കാസ്ട്രോ. ലാറ്റിനമേരിക്കൻ പോരാട്ടങ്ങളുടെ ചരിത്രവീര്യം ഉൾക്കൊണ്ട മഹാനായ ആ പോരാളി മരണം വരെയും തന്റെ ആദർശങ്ങളുടെയും മൂല്യങ്ങളുടെയും പിന്നിൽ അചഞ്ചലമായി നിലകൊണ്ടു. ഫിദൽ കാസ്ട്രോയുടെ ഐതിഹാസികമായ ജീവിതം സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും ഉള്ളിൽ പേറുന്ന ഏതൊരു മനുഷ്യനും ആവേശം പകരുന്നതാണ്. വളക്കൂറുള്ള മണ്ണുള്ള സ്ഥലം എന്നർത്ഥം വരുന്ന ”ക്യൂബാവോ ” എന്ന വാക്കിൽ നിന്നാണ് ക്യൂബ എന്ന പേരുണ്ടായത് എന്നാണു കരുതുന്നത്.ക്യൂബൻ മണ്ണിൽ മാത്രം വേരോടിയ ചെടിയായിരുന്നില്ല ഫിദൽ.
1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ലാറ്റിനമേരിക്കൻ പോരാട്ടങ്ങളുടെ ചരിത്ര വീര്യം മുഴുവൻ ആവാഹിച്ചാണ് അദ്ദേഹം പോരാടിയത്. ചെഗുവേരയെ പോലെ ലാറ്റിനമേരിക്കയുടെ സമ്പൂർണ്ണ വിജയമായിരുന്നു ഫിദലിന്റെയും സ്വപ്നം.ലോകത്തിന്റെ പഞ്ചസാരകിണ്ണമായിരുന്ന ക്യൂബയിൽ കയ്യിട്ടുവാരിക്കൊണ്ടിരുന്ന കുത്തകകളെ വിപ്ലവാനന്തര ക്യൂബ തുരത്തി.അങ്ങിനെ ഫിദൽ എന്നാൽ ക്യൂബയായി മാറുന്നതും ലോകം കണ്ടു.
ഒരുകാലത്ത് മദ്യത്തിന്റെയും മദിരയുടെയും നുരയുന്ന ചൂതാട്ട കേന്ദ്രമായിരുന്ന ക്യൂബ പിന്നീട് പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും മറുവാക്കായി. ഫിദലിന്റെ ആശയങ്ങൾ ക്യൂബയുടെ ആദർശങ്ങളായി. കൂട്ടായ്മയുടെ കരുത്തായിരുന്നു ക്യൂബയിൽ വിപ്ലവം സാധ്യമാക്കിയത്. അസാധാരണമായ ആത്മവിശ്വാസമായിരുന്നു ഫിദലിന്റേത്. മരണത്തിനു മുന്നിൽ പോലും ഫിദൽ തെല്ലും കുലുങ്ങിയില്ല. പരാജയം സമ്മതിച്ചുകൊടുക്കുന്നതുവരെ അത് പരാജയമല്ല. പരാജയത്തെ അംഗീകരിക്കുന്നതോടെ കഥ കഴിയും.പരാജയത്തെ വകവെച്ചു കൊടുക്കുന്നില്ലെങ്കിൽ അതിനെ നിങ്ങൾക്ക് വിജയമാക്കി മാറ്റാം.
മലയാള മനോരമ പത്രാധിപ സമിതി അംഗമാണ് ബിജീഷ് ബാലകൃഷ്ണൻ. പുസ്തകത്തിന്റെ ആദ്യ ഡിസി പതിപ്പ് പുറത്തിറങ്ങി.