ചാവുകരയുടെ മോചനത്തിനായി ചോര ചിന്തിയ
കുഞ്ഞുങ്ങളുടെ ഓർമ്മയിൽ അനന്തൻ നിന്ന് ജ്വലിച്ചു
അയാൾ മുമ്പോട്ടു കുതിച്ചു പാറയിന്മേൽ കുന്തിച്ചിരിക്കുന്ന
കാലമ്മൂപ്പനെ പൊക്കിയെടുത്തു.
പുഴുത്ത് ചാവുന്ന
അമ്പുവിന്റെ സ്മരണയിൽ അനന്തന്റെ കൈകൾ കാലമ്മൂപ്പന്റെ
കഴുത്തിൽ അമർന്നു….
അയാൾ തന്റെ കൈകളിൽ കിടന്ന് പിടയ്ക്കുന്ന ദൈവത്തെ ഇരുൾ മലയുടെ പിറകിലെ
അഗാധമായ പാറക്കൂട്ടങ്ങളിലേക്ക് വീശിയെറിഞ്ഞു.
മനുഷ്യാവബോധത്തെ ഗാഢമായി സ്പര്‍ശിക്കുന്ന ഉജ്ജ്വലമായ ആഖ്യായികയാണ് എം.മുകുന്ദന്റെ രാവും പകലും എന്ന നോവല്‍ . വായനയിലും പുനര്‍വായനകളിലും കൂടുതല്‍ അര്‍ത്ഥ തലങ്ങള്‍ കൈവരുന്ന നോവല്‍ ആദ്യം പുറത്തിറങ്ങിയത് 1982ലാണ്. 2011ലാണ് ഡി സി ബുക്‌സ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. നോവലിന്റെ അഞ്ചാം ഡി സി പതിപ്പ് ഇപ്പോള്‍ വിപണിയില്‍ എത്തി.
നദി കടന്നെത്തിയ പരദേശിയായ കാലമ്മൂപ്പന്‍ ചാവുകരയുടെ കടിഞ്ഞാണ്‍ കയ്യിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും സസ്യലതാദികളുടെയും വിധി അതോടെ ആ പുതിയ ദൈവത്തിന്റെ കയ്യിലായി. കാലമ്മൂപ്പന്റെ അനുവാദം കൂടാതെ ചാവുകരയില്‍ ഒരു പൂവ് പോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ വിളിച്ചറിയിക്കാനായി അതിഭീകരമായ ഒരു വരള്‍ച്ച സൃഷ്ടിച്ച് ചാവുകരക്കാരെ ദൈവം പരിഭ്രാന്തിയിലാക്കി.
ചാവുകര പിന്നെ ഭരിച്ചത് കാലമ്മൂപ്പനായിരുന്നു. ദേശവാസികള്‍ അമ്പലം പണിത് കാലമ്മൂപ്പനെ അവിടെ കുടിയിരുത്തി. നദിയും ദേശവും വയലുകളും മലകളും മലിനമാക്കി കാലമൂപ്പന്‍ തിമിര്‍ക്കെ ഒരവതാരം അനിവാര്യമാവുകയാണ്. തിന്മ യെ നിഗ്രഹിച്ച് നന്മ നടപ്പിലാക്കാന്‍ ഒരു പുതിയ അവതാരം. ആരാവും ആ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവരിക?
കാലമ്മൂപ്പനില്‍നിന്ന് ചാവുകരക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ് വിഷവൃക്ഷങ്ങള്‍ കാവല്‍ക്കാരായ ഇരുള്‍മലയുടെ ഉച്ചിയിലേക്ക് ഒരു ദിവസം അനന്തന്‍ കടന്നുചെന്നത്. ഇതുവരെ ആരും നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടിട്ടില്ലാത്ത ദൈവത്തെ അനന്തന്‍ കണ്ടു. ഇരുള്‍ മലയിറങ്ങിയത് തീര്‍ത്തും വ്യത്യസ്തനായ ഒരു അനന്തനായിരുന്നു. മനുഷ്യാവബോധത്തെ ഗാഢമായി സ്പർശിച്ച എം മുകുന്ദന്റെ ഉജ്ജ്വലമായ നോവലാണ് രാവും പകലും
എം.മുകുന്ദന്റെ വിപുലമായ സാഹിത്യ സഞ്ചാരം നോവലുകളായും ചെറുകഥാ സമാഹരങ്ങളായും സമ്പൂര്‍ണ കഥാ സമാഹാരമായും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡി സി ബുക്‌സ് അദ്ദേഹത്തിന്റെ ഇരുട്ട് എന്ന നാടകവും പുറത്തിറക്കിയിട്ടുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ , ദല്‍ഹി, ആദിത്യനും രാധയും മറ്റു ചിലരും, കേശവന്റെ വിലാപങ്ങള്‍ , ദൈവത്തിന്റെ വികൃതികള്‍ , പ്രവാസം, സാവിത്രിയുടെ അരഞ്ഞാണം, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു തുടങ്ങിയവ പ്രസിദ്ധീകരിച്ച പ്രമുഖ കൃതികളില്‍ ചിലതാണ്.
1942ല്‍ ഫ്രഞ്ചധീന പ്രദേശമായ മയ്യഴിയില്‍ ജനിച്ച മുകുന്ദന്‍ 1961ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഈ ലോകം അതിലൊരു മനുഷ്യന്‍ എന്ന കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി.പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും നേടി. ദൈവത്തിന്റെ വികൃതികളിലൂടെ സാഹിത്യ അക്കാദമി അവാര്‍ഡും എന്‍ വി പുരസ്‌കാരവും കരസ്ഥമാക്കി. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 1998ല്‍ ഫ്രഞ്ച് ഗവണ്മെന്റ് ഷെവലിയര്‍ പദവി നല്‍കി ആദരിച്ചു. കേശവന്റെ വിലാപങ്ങളിലൂടെ 2003ലെ വയലാര്‍ അവാര്‍ഡ് നേടിയ മുകുന്ദന്‍ 2006 മുതല്‍ 2010 വരെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.