എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രവിവര്‍മ്മത്തമ്പുരാന്റെ രണ്ടാമത്തെ നോവലാണ് ശയ്യാനുകമ്പ. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി, ചുംബനസമരമടക്കമുള്ള പുതിയ തലമുറയിലെ പ്രവണതകള്‍ പരിസ്ഥിതിക്കണ്ടാക്കുന്ന നാളം തുടങ്ങി സമകാലിക കേരള അവസ്ഥകളെ നീരീക്ഷിച്ച് അവ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന നോവലിനെ കുറിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതുന്നു…
“ഒരു നോവലിന് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഗുണങ്ങള്‍ സത്യസന്ധത, ആധികാരികത, മൗലികത എന്നിവയാണെന്ന് ഒര്‍ഹന്‍ പാമൂഖ് ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. അതിനെ പുതിയ കാലത്തിലേക്ക് ഒന്ന് മാറ്റിയെഴുതാന്‍ ശ്രമിച്ചാല്‍ അത് പാരായണക്ഷമവും സമകാലികവും പ്രവചനാത്മകവും ആയിരിക്കണം എന്ന് തിരുത്തുവാന്‍ കഴിയും. ഈ മൂന്ന് ലക്ഷണങ്ങളും ഒരുപോലെ ഒത്തുചേരുന്ന കൃതി എന്ന നിലയിലാണ് രവിവര്‍മ്മത്തമ്പുരാന്റെ പുതിയ നോവല്‍ ‘ശയ്യാനുകമ്പ‘ പാരായണവും പരാമര്‍ശവും അര്‍ഹിക്കുന്നത്.
പാരായണക്ഷമത ഒരു ദോഷമായിക്കണ്ടിരുന്ന ഒരു കാലത്തിന്റെ ഹാംഗ് ഓവര്‍ ഇനിയും വിട്ടുപോയിട്ടില്ലാത്ത കുറച്ചുപേരെങ്കിലും ഇനിയും മലയാളഭൂമിയില്‍ അവിടവിടെ അവശേഷിക്കുന്നുണ്ട്. എന്നാല്‍ പുതിയ കാലത്ത് അതൊരു കുറവായി കണ്ട് എഴുത്തുകാരന്‍ സ്വയം ചുരുങ്ങേണ്ടതില്ല. വായനയ്ക്കപ്പുറം ഇറങ്ങിപ്പോകാന്‍ മറ്റനവധി ഉല്ലാസങ്ങളുള്ള ഒരു കാലത്തില്‍ തന്റെ എഴുത്തിലേക്ക് വായനക്കാരെ ആകര്‍ഷിച്ചുകൊണ്ടുവരുവാനും അതില്‍ പിടിച്ചു നിറുത്തുവാനും എഴുത്തുകാരനു കഴിയുന്നുണ്ടെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. വായനക്കാരനുവേണ്ടിയുള്ള വായന അവസാനിക്കുകയും വായിപ്പിക്കുക എന്നത് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്വമായിരിക്കുകയും ചെയ്യുന്ന ഒരു കാലത്തില്‍ പ്രത്യേകിച്ചും. ഒരു ശാസ്ത്ര സംഹിതയെ ഏറ്റവും സാധാരണക്കാരനുപോലും മനസിലാവും വിധത്തില്‍ വിശദീകരിക്കാന്‍ കഴിയുമ്പോഴാണ് അത് സമ്പൂര്‍ണ്ണമാകുന്നത് എന്ന് ഐന്‍സ്റ്റീന്‍ പോലും പറഞ്ഞിട്ടുണ്ട്. അത് സാഹിത്യത്തിനും ബാധകമാണ്. എഴുതുന്ന വിഷയത്തിന്‍മേലുള്ള അഗാധമായ ജ്ഞാനവും ഉറപ്പുമാണ് ഒരെഴുത്തുകാരന് കാര്യങ്ങള്‍ ലളിതമായി പറയുവാനുള്ള കരുത്ത്. ശയ്യാനുകമ്പ എന്ന നോവലില്‍ ഈ കരുത്ത് നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും. വായിക്കാന്‍ ആരംഭിച്ചാല്‍ അവസാന താള്‍ വരെ നമ്മെ കൂട്ടിക്കൊണ്ടു പോകാനുള്ള ചുമതല ഈ നോവലില്‍ എഴുത്തുകാരന്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു. അത് നോവലിന്റെ ഒന്നാമത്തെ മികവായി നിലകൊള്ളുകയും ചെയ്യുന്നു.
ഭൂതകാലഗൃഹാതുര സ്വപ്നങ്ങള്‍ വെടിഞ്ഞ് ഏറെ സമകാലികമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ഒരു ശുഭകാലത്തിലൂടെയാണ് ഇപ്പോള്‍ മലയാള നോവല്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെയെ അടയാളപ്പെടുത്തുകയല്ല ഇന്നുകളെ രേഖപ്പെടുത്തുകയാണ് അത് ചെയ്തുകൊണ്ടിരിക്കുന്നത്. ഓര്‍മ്മകളിലേക്കും ചരിത്രത്തിലേക്കുമുള്ള തിരിഞ്ഞു നടത്തമായിരുന്നു ഇന്നലെകളിലെ നോവല്‍ സ്വഭാവമെങ്കില്‍ ഇന്നുകളുടെ സൂക്ഷ്മ നിരീക്ഷണങ്ങളിലേക്ക് പുതിയ നോവല്‍ വഴിമാറിയിരിക്കുന്നു. ഇന്നുകളിലേക്ക് വളരെ ‘അപ്‌ഡേറ്റായ’ ഒരെഴുത്തുകാരനു മാത്രം സാധിക്കുന്ന കാര്യമാണത്. രവിവര്‍മ്മത്തമ്പുരാന്‍ അങ്ങനെ ഒരെഴുത്തുകാരനാണ്. അതുകൊണ്ടാണ് ചുംബനസമരം, ബിനാലെ, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം, ഹൌസ് ബോട്ട്, തീര്‍ത്ഥയാത്ര, ഫേസ് ബുക്ക് ചാറ്റ്, മദ്യപാനം, പാക്കേജ് ടൂര്‍, വിവാഹേതബന്ധം എന്നിങ്ങനെ സമകാലിക മദ്ധ്യവര്‍ഗ്ഗ സ്വപ്നജീവിതത്തിന്റെ പരിച്ഛേദമത്രയും പല അടരുകളയി ഈ നോവലില്‍ വന്നു നിറയുന്നത്. അതിനിടയിലാണ് യൗവ്വനാവസാനത്തിലെത്തിയ പുരുഷന്‍മാര്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നായ ‘മിഡ് ലൈഫ് ക്രൈസിസ്’ എന്ന പ്രഹേളിക ഈ നോവലിന്റെ മുഖ്യവിഷയമായി അവതരിപ്പിക്കുന്നത്. മലയാള സാഹിത്യത്തില്‍ ആദ്യമായിട്ടാവും ഈ വിഷയം ഇത്ര ഗൗരവമായി അവതരിപ്പിക്കുന്ന ഒരു നോവല്‍ ഉണ്ടാവുന്നത്.
അടക്കാനാവാത്ത ലൈംഗീക തൃഷ്ണയിലും ജീവിതാസക്തിയിലും വിങ്ങിപ്പതയുമ്പോഴും വിക്!ടോറിയന്‍ സദാചാരബോധത്തിന്റെ ഇടുങ്ങിയ തടവറയില്‍ കിടന്ന് ഞ്ഞെരിപിളി കൊള്ളുന്ന മലയാളി പുരുഷന്റെ നേര്‍ പതിപ്പാണ് ഇതിലെ മുഖ്യ കഥാപാത്രം ആനന്ദ് വര്‍ഗ്ഗീസ്. പരസ്പരം പറഞ്ഞൊരു പ്രണയമില്ലാതെ, കൊടുങ്കാറ്റുപോലൊരു രതിയില്ലാതെ, കാമിനിമാരൊത്ത് ഉല്ലാസസല്ലാപങ്ങളില്ലാതെ, വരുണ്ടുപോയ തന്റെ കൗമാര യൗവ്വന ഓര്‍മ്മകളില്‍ തെളിയുന്നത് വസ്ത്രമണിഞ്ഞ സ്ത്രീകളുടെ വഴിക്കാഴ്ചകളും വസ്ത്രമഴിക്കാന്‍ ആലോചിക്കുന്ന സ്ത്രീകളുടെ വിദൂര കുളിക്കടവൊളിക്കാഴ്ചകളും മാത്രം എന്ന് രവിവര്‍മ്മ തമ്പുരാന്‍ അതിനെ കൃത്യമായി വിശദീകരിക്കുന്നുമുണ്ട്. അയാളുടെ ഭാര്യ ആന്‍സിയാവട്ടെ മതജീവിതം പകര്‍ന്നു നല്കിയ പാപബോധത്തില്‍ മാത്രം ഒതുങ്ങി ജീവിക്കുന്നവളും. ലൈംഗീകത അവര്‍ക്കിടയില്‍ ഒരു ഹിമാലയന്‍ കയറ്റവും അപൂര്‍വ്വതയുമായി തീരുന്നു. അങ്ങനെ വ്യത്യസ്ത ജീവിതാഭിലാഷങ്ങളുള്ള രണ്ടുപേര്‍ക്കിടയിലേക്കാണ്, കോഴിക്കോട്ടു വച്ച് നടക്കുന്ന ചുംബനസമരത്തില്‍ വച്ച് കണ്ടുമുട്ടുന്ന, അക്ഷര എന്ന പെണ്‍കുട്ടി കടന്നു വരുന്നത്. അതോടെ തന്റെ അതുവരെയുള്ള ജീവിതം ഒരു നഷ്ടക്കച്ചവടമായിരുന്നു എന്നും, ബാക്കിയുള്ള കാലമെങ്കിലും വേണ്ടവണ്ണം സുഖിച്ചും ആസ്വദിച്ചും ജീവിക്കാനുള്ളതാണെന്നും ആനന്ദ് തീരുമാനിക്കുന്നത്. അപ്രതീക്ഷിതമായി കിട്ടിയ ആണ്‍സുഹൃത്തിനെ അച്ഛനായും കാമുകനായും കൂട്ടുകാരനായും പങ്കാളിയായും കാണുന്ന അല്ലെങ്കില്‍ അയാള്‍ തനിക്ക് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ വണ്ണം നിഗൂഡമായ മാനസിക ഭാവം വഹിക്കുന്ന അക്ഷരയില്‍ അയാള്‍ തന്റെ മോഹങ്ങള്‍ ഇറക്കി വയ്ക്കാന്‍ തുടങ്ങുന്നതോടെ ആനന്ദിന്റെ ജീവിതം ഒരു അസംബന്ധനാടകമായി മാറുകയാണ്. കുടുംബത്തെയും സമൂഹത്തെയും പറ്റിക്കുന്നതില്‍ അയാള്‍ ആഹ്ലാദം കണ്ടെത്തുന്നു. അതുവരെ പാലിച്ചു പോരുന്ന നിഷ്ഠകളും മൂല്യങ്ങളും അയാള്‍ ഈ പ്രണയത്തിനുവേണ്ടി ഉപേക്ഷിക്കുന്നു. എന്നാല്‍ പുതിയ കാലത്തിനോടു പക്വതയോടും മാന്യതയോടും കൂടി പെരുമാറാന്‍ അറിയാവുന്ന മകന്‍ അലന്റെ അന്വേഷണബുദ്ധിയ്ക്കു മുന്നില്‍ അയാള്‍ക്ക് വളരെ വേഗം പിടികൊടുക്കേണ്ടി വരുകയും ചെയ്യുന്നു. ഈ കഥയെ ക്രമാനുഗതമായും വിശ്വസനീയമായും വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന പാടവം എടുത്തു പറയേണ്ടതാണ്. അതാണ് ഈ നോവലിന്റെ രണ്ടാമത്തെ മികവ്.
ആനന്ദിന്റെ അവസാനകാലമാകട്ടെ ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിച്ചു കളയാനുള്ള ഒരു ഉപഭോഗവസ്തു മാത്രമാണ് മനുഷ്യന്‍ എന്ന പുതിയ കാലത്തിന്റെ വിചാരത്തെ സാധൂകരിക്കുന്ന ഒരു വിധിയിലേക്കാണ് ചെന്നടുക്കുന്നത്.. അതുവരെ കുടുംബത്തിന്റെ അത്താണിയായിരുന്ന, എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍ ആയിരുന്ന ഒരു മനുഷ്യന്‍ കിടക്കയിലേക്ക് വീഴുന്നതോടെ അവര്‍ക്കൊരു ഭാരമായി മാറുന്നു. അയാളുടെ അന്ത്യം വേഗം സംഭവിക്കണമേ എന്നാണ് കുടുംബത്തിലെ ഓരോ അംഗങ്ങളും രഹസ്യമായി മോഹിച്ചുകൊണ്ടിരിക്കുന്നത്. സര്‍വ്വതിനും ഉത്തരം കൈവശമുള്ള ജയപാലന്‍ എന്ന സുഹൃത്ത് ഒരു പരിഹാരമാര്‍ഗ്ഗവുമായി വരുമ്പോള്‍ അവര്‍ അത് ഒരു മനസാക്ഷിക്കുത്തുമില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നു.
തൊണ്ണൂറുകളുടെ മധ്യത്തില്‍ കൊച്ചുബാവ വൃദ്ധസദനം എന്നൊരു സാധ്യതയെക്കുറിച്ച് ഒരു നോവല്‍ എഴുതുമ്പോള്‍ കേരളീയ സമൂഹത്തില്‍ അതൊരു വിദൂര സാധ്യത മാത്രമായിരുന്നു. എന്നാല്‍ അത് സമൂഹമനസിനെ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞ ഒരു എഴുത്തുകാരന്റെ പ്രവചനം നിറഞ്ഞ ഭീതിയായിരുന്നു എന്ന് തിരിച്ചറിയാന്‍ നമുക്ക് പിന്നെ അധികം കാലമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. അതുപോലെ തന്നെയാണ് രവിവര്‍മ്മത്തമ്പുരാന്റെ നോവലുകളുടെ വിഷയങ്ങളും. അദ്ദേഹത്തിന്റെ ആദ്യനോവലായ ഭയങ്കരമുടി മുന്നോട്ടു വച്ച ഭീകരവാദ രാഷ്ട്രീയത്തിന്റെ സമകാലീകാവസ്ഥയിലൂടെയാണ് നാം ഇപ്പോള്‍ കൃത്യമായും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അതുപോലെ ഇപ്പോള്‍ ദയാവധമൊക്കെ ദൂരെ ദേശങ്ങളില്‍ എവിടെയോ നടക്കുന്ന ഒന്നായി നമുക്ക് തോന്നാനിടയുണ്ടെങ്കിലും അത് നമ്മിലേക്ക് വളരെ വേഗം അടുത്തുവന്നുകൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു സര്‍ഗ്ഗാത്മകരചയിതാവിന്റെ പ്രവചനമായിട്ടുതന്നെ കാണാവുന്നതാണ്. ഇതാണ് ഈ നോവലിന്റെ മുന്നാമത്തെ മികവ്.
ശയ്യാനുകമ്പ എന്ന നോവല്‍ പുരുഷ മനസിന്റെ അടക്കാനാവാത്ത മോഹങ്ങളുടെ ശയ്യ മാത്രമല്ല അതിനപ്പുറം അത് മോഹഭംഗങ്ങളുടെ ശയ്യയാണ്. അനാഥത്വത്തിന്റെ ശയ്യയാണ്. ഏകാന്തതയുടെ ശയ്യയാണ്. പാപബോധങ്ങള്‍ നീറുന്ന ശയ്യയാണ്. കാപട്യത്തിന്റെ ശയ്യയാണ്. ആ ശയ്യയെക്കുറിച്ച് പേടിപ്പെടുത്തുന്ന ഒരു വിചാരം വായനക്കാരുടെ ഉള്ളില്‍ നിറച്ചുകൊണ്ടേ ഇതിന്റെ വായന പൂര്‍ത്തിയാക്കാന്‍ കഴിയു എന്ന കാര്യത്തില്‍ സംശയം വേണ്ട.’‘ (കടപ്പാട് ദേശാഭിമാനി വരിക)