ഇന്ന് മതവും രാഷ്ട്രീയവും രാജ്യത്തെ ജനങ്ങളെ വിഭജിക്കുമ്പോള്‍ സാഹിത്യമാണ് ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ജ്ഞാനപീഠം അവാര്‍ഡ് ജേത്രിയും ഒഡിഷ എഴുത്തുകാരിയുമായ പ്രതിഭ റോയ് പറഞ്ഞു. ദേശാഭിമാനി എം.ടി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സാഹിത്യം എക്കാലത്തും ജനതയെ കൂട്ടിയിണക്കുന്ന കണ്ണിയായാണ് പ്രവര്‍ത്തിക്കുന്നത്. എം ടി കാലാതീതനായ എഴുത്തുകാരനാണ് എം ടി. ദി മാസ്റ്റര്‍ ഓഫ് ടൈംലെസ്‌നസ് എന്ന് വിശേഷിപ്പിക്കാം. ഒപ്പം അദ്ദേഹം ഉജ്വലനായ പ്രതിഭകൂടി (മെജസ്റ്റിക്ക് ഓഫ് ടാലന്റ്) യാകുന്നു. ഇതു രണ്ടും അദ്ദേഹത്തിന്റെ പേരിനെ അന്വര്‍ഥമാക്കുന്നതാണെന്ന് എം ടിയെ സാക്ഷിയാക്കി അവര്‍ പറഞ്ഞു. സാഹിത്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും അദ്ദേഹം വളരെയധികം ഔന്നത്യം പുലര്‍ത്തി. വിയോജിപ്പില്‍ നിശ്ശബ്ദനാവുകയും യോജിപ്പില്‍ ചെറുതായി പുഞ്ചിരിക്കുകയും ചെയ്തു. അഞ്ചു വര്‍ഷം അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി. സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തിയില്ല എന്നത് ശ്രദ്ധേയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാഹിത്യത്തിനൊപ്പം എം ടി സിനിമാരംഗത്തും തന്റെ കഴിവു തെളിയിച്ചതാണ്. കാലത്തെ അതിജീവിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ പുതിയ തലമുറയ്ക്കും ആസ്വാദ്യകരമാവുന്നുണ്ടെന്ന് എടുത്തുപറയേണ്ടതാണ്. സാഹിത്യകാരന്‍ എന്നതിലുപരി എം ടിയുടെ വ്യക്തിത്വവും ഔന്നത്യമുള്ളതാണ്. കൃത്യമായ ആശയവും നിലപാടും ഉണ്ടെങ്കിലും ഒരിക്കലും ക്ഷോഭിക്കാത്ത വ്യക്തിയാണദ്ദേഹം. ഞാന്‍ അദ്ദേഹത്തെ മൂത്തസഹോദരനായാണ് കാണുന്നത്. അദ്ദേഹത്തിന് ഞാന്‍ ഇളയസഹോദരിയാണ്. പല എഴുത്തുകാരെയും രൂപപ്പെടുത്തുന്നതില്‍ നദികള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എഴുത്തുകാര്‍ മിക്കവരും പ്രകൃതിസ്‌നേഹികള്‍കൂടിയാണ്. നിളാനദി എം ടി യുടെ എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നിളയുടെ സംരക്ഷണത്തിനുവേണ്ടി എം ടി നിലകൊണ്ടു. ഒഡിഷ സ്വദേശിയായ എന്റെ എഴുത്തിനെ നാട്ടിലെ ‘അല്‍ക്ക’ എന്ന നദി ഏറെ സ്വാധീനിച്ചിട്ടുണ്ട്. അല്‍ക്കയെക്കുറിച്ച് കവിതയെഴുതിയാണ് ഞാന്‍ സാഹിത്യകാരിയാവുന്നത്. പക്ഷേ അല്‍ക്കാ നദി ഇന്ന് മരിച്ചുകഴിഞ്ഞു. പക്ഷേ നദിയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലൊന്നും എനിക്ക് ഇടപെടാനായില്ല. പക്ഷേ എം ടി അങ്ങനെയല്ല- പ്രതിഭ റായ് പറഞ്ഞു.
എം. മുകുന്ദന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംവിധായകന്‍ ഹരിഹരന്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍, എം.എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മതാന്ധകാലത്തെ വെളിച്ചപ്പാടുകള്‍ എന്ന സെഷനില്‍ എം.എന്‍. കാരശ്ശേരി, കെ.പി. രാമനുണ്ണി, വി.സി. ഹാരിസ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, എ.കെ. അബ്ദുല്‍ ഹക്കീം എന്നിവരും കാഥികന്റെ പണിപ്പുര എന്ന സെഷനില്‍ സേതു, സുഭാഷ് ചന്ദ്രന്‍, പി.കെ. ഗോപി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എം. ഹരികുമാര്‍ എന്നിവരും സംസാരിച്ചു. എം.ടിയുടെ ചിത്രഭാഷ എന്ന സെഷനില്‍ ജോണ്‍പോള്‍, ജി.പി. രാമചന്ദ്രന്‍, ആര്‍.വി.എം ദിവാകരന്‍, പി.വി. ജീജോ, എ.വി. ശശി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എം.ടിയുടെ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി നര്‍ത്തകി സുചിത്ര വിശ്വേശരന്‍ മോഹിനിയാട്ടം അവതരിപ്പിച്ചു.