“വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ ഉള്ളുരുകി. ആചൂട് എന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചു. മനുഷ്യചിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്ക് തോന്നുന്നു. സ്വാതന്ത്ര്യസമരമെന്നാല്‍ രാഷ്ട്രീയസമരമോ, സാമ്പത്തിക സമരമോ സാമൂഹ്യസമരമോ മാത്രമല്ല. എന്നാല്‍ ഇതെല്ലാമാണുതാനും...”
കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെപ്പിടിച്ച കണ്ണാടിയായിമാറിയ ഇതിഹാസസമാനമായ ഒരു ആത്മകഥയിലെ കുറിപ്പുകളാണ്. അതേ.., സ്വന്തംസമുദായത്തിലെ ദുരാചാരങ്ങളും അന്തര്‍ജനങ്ങളുടെ കണ്ണീരിന്റെ കഥയും പുറംലോകത്തോട് വിളിച്ചുപറഞ്ഞ അടുടക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ നയിച്ച വി ടി ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും എന്ന കൃതിയിലേതുതന്നെയാണിത്..!
കേരളത്തിലെ ജാതി വ്യവസ്ഥയുടെയും ജന്മി വ്യവസ്ഥയുടെയും സൂക്ഷിപ്പുകാരായിരുന്ന നമ്പൂതിരി സമുദായം എത്രമേല്‍ ദുഷിച്ചു പോയിരുന്നു എന്ന് ആ സമുധായത്തിന്റെ ഉള്ളില്‍ നിന്ന് കൊണ്ട് പറയുകയാണ് വി ടി ഈ കൃതിയിലൂടെ. അര്‍ത്ഥശൂന്യവും യാന്ത്രികവുമായ ആചാരാനുഷ്ടാനങ്ങളുടെ കണിശതയില്‍ ബുദ്ധിയും സര്‍ഗ്ഗ ശേഷിയും മുരടിച്ചു തങ്ങളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാന്‍ സാധിക്കാതെ ആത്മസംഘര്‍ഷങ്ങളില്‍ പെട്ട് കഷ്ടപെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം കണ്ടു. ആ കാഴ്ച അദ്ദേഹത്തില്‍ ഉണ്ടാക്കിയ ആത്മനൊമ്പരങ്ങള്‍ ആണ് വി ടി ഭട്ടതിരിപ്പാട് എന്നാ സാമൂഹ്യ പരിഷ്‌കര്‍ത്താവിനു ജന്മം നല്‍കിയത്.
വലിച്ചു വാരി എഴുതപെട്ട വീരസാഹസ്സങ്ങളുടെ നീണ്ട പട്ടികയല്ല ഈ കൃതി. വി ടി യുടെ പ്രവര്‍ത്തന മണ്ഡലത്തെ അതിന്റെ സമഗ്രതയില്‍ വരച്ചു കാണിക്കുന്ന സമ്പൂര്‍ണ ആത്മകഥയുമല്ല. മറിച്ച് തന്റെ ജീവിതത്തിന്റെ ആദ്യ ഇരുപതു വര്‍ഷ കാലയളവില്‍ ഉണ്ടായിട്ടുള്ള തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ നേര്‍പകര്‍പ്പാണ്. തന്റെ കുട്ടികാലത്ത് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും, കഷ്ടതകളും, ധാരണകളും തന്റെ യുവ്വനകാലത്തെ പ്രണയവും കിനാവും മോഹഭംഗങ്ങളും തിരിച്ചറിവുകളും അതോടൊപ്പം തന്നെ ആ കാലഘട്ടത്തെ ജീര്‍ണ്ണോന്മുഖമായ സാമൂഹ്യ വ്യവസ്ഥിതിയെ കൂടെ വരച്ചു കാണിക്കുകയാണ് കണ്ണീരും കിനാവും.
തന്റെ പതിനേഴാം വയസ്സ് വരെ നിരക്ഷരനായിരുന്ന ആ യുവാവ് ഒരു ചെറു ബാലികയില്‍ നിന്ന് ആദ്യമായി അക്ഷരം പഠിക്കുന്ന കഥ നമ്മള്‍ ഇതില്‍ വായിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു അത്. തനിക്കു അക്ഷരാഭ്യാസം പോലും ഇല്ലെന്ന തിരിച്ചറിവ് അദ്ദേഹത്തില്‍ വലിയ ആശങ്കകള്‍ ഉണ്ടാക്കി. വിജ്ഞാനം നേടിയേ അടങ്ങു എന്നദ്ദേഹം നിശ്ചയിച്ചു. വ്യവസായ വിപ്ലവങ്ങളിലൂടെയും ശാസ്ത്രീയ വിജ്ഞാനത്തിലൂടെയും ലോകം മുന്നേറുമ്പോള്‍ ദര്‍ഭ പുല്ലുകൊണ്ട് പവിത്രമോതിരവും കൂര്‍ച്ചവും കെട്ടി ഹോമരൂപേണ നമ്പൂതിരിമാര്‍ നടത്തി വന്ന ലഘു വ്യവസായത്തിന്റെ ദയനീയതയോര്‍ത്തു അദ്ദേഹം പരിതപിച്ചു.
നമ്മുടെ സമകാലീന സാമൂഹ്യ വ്യവസ്ഥിതിയിലെ ചില പ്രവണതകളുമായി കൂട്ടിച്ചേര്‍ത്തു എല്ലാവരും വായിച്ചിരിക്കേണ്ട കൃതികളില്‍ ഒന്നാണ് കണ്ണീരും കിനാവും. സവര്‍ണ്ണ ആധിപത്യം നിറഞ്ഞു തുളുമ്പുന്ന ആശയങ്ങള്‍ നമ്മുടെ സാഹിത്യത്തിലും, സിനിമയിലും രാഷ്ട്രീയത്തിലും എന്തിന് നമ്മുടെ കണ്‍മുന്നിലും അരങ്ങു തകര്‍ക്കുകയാണ് ഇന്ന്. അതില്‍ നിന്നും പുതിയ തലമുറയ്ക്ക് സ്വാംശീകരിക്കാനായി ഒന്നുമുണ്ടാകില്ല. എന്നാല്‍ കഴിഞ്ഞുപോയ കാലത്തെ ജാതിയവേര്‍തിരിവുകള്‍ക്കും ദുരാചാരങ്ങള്‍ക്കും അസ്വാതന്ത്ര്യത്തിന്റെ വിലക്കുകള്‍ക്കും എല്ലാം എതിരായി പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള അന്നത്തെ അവസ്ഥകളെ കുറിച്ചുള്ള ഓര്‍മ്മപെടുത്തലുകള്‍ ആണ് കണ്ണീരും കിനാവും മുന്നോട്ടുവയ്ക്കുന്നത്.
1970 കളില്‍ പ്രസിദ്ധീകരിച്ച കണ്ണീരും കിനാവും 1999ലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഈ ആത്മകഥയുടെ 14-ാമത് ഡി സി പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.