അതിപ്രാചീനവും സമ്പന്നവുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. പുരാതനത്വവും വൈവിദ്ധ്യവുംകൊണ്ട് ലോകജനതയുടെ തന്നെ സവിശേഷശ്രദ്ധ അര്‍ജ്ജിച്ചിട്ടുള്ളതാണ് ഇന്ത്യാചരിത്രം. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്തം, രാഷ്ട്രീയ സാമൂഹികസ്ഥിതി, സമ്പദ്ഘടന എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രാചീന ഇന്ത്യ അതിന്റെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യാചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് എത്തിനോക്കുന്ന പുസ്തകമാണ് എ ശ്രീധരമേനോന്റെ ഇന്ത്യാചരിത്രം. പുസ്തകം രണ്ട് വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചിരക്കുന്നത്.
ചരിത്രാതീതകാലം മുതല്‍ മുഗള്‍ സ്ഥാപനം വരെയുള്ള ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തു നിഷ്ഠമായും സമഗ്രമായും ലളിതമായും ആവിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യാചരിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍. സിന്ധുതട സംസ്‌കാരം, വേദകാലഘട്ടം, മഗധത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും, ഗുപ്തസാമ്രാജ്യം, രാഷ്ട്രകൂടര്‍, പല്ലവര്‍, ചോളസാമ്രാജ്യം, പാണ്ഡ്യ•ാര്‍, ചേര•ാര്‍, തുടങ്ങി ഇന്ത്യയിലെ മുസ്ലീം വംശങ്ങള്‍ വരെയുള്ളവരെക്കുറിച്ചും മദ്ധ്യകാല ഇന്ത്യയിലെ മതപ്രസ്ഥാനങ്ങളെക്കുറിച്ചും ഒന്നാം ഭാഗത്തില്‍ വിശദമാക്കുന്നു.
മുഗള്‍ ഭരണകാലം മുതല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രമാണ് രണ്ടാം ഭാഗത്തില്‍. രാജാക്കമന്‍മാരുടെ ഭരണകാലം, സാമൂഹ്യജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങള്‍, സ്വാതന്ത്ര്യസമരം, സാംസ്‌കാരിക നവേത്ഥാനം, ഗാന്ധിയും കോണ്‍ഗ്രസും, സ്വാതന്ത്ര്യ പ്രാപ്തി, ഭരണഘടന തുടങ്ങിയ വിവരങ്ങള്‍ വിശദമായി തന്നെ ഇതില്‍ വിവരിച്ചിരിക്കുന്നു.
ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സഹായകമാകുന്ന വിധത്തില്‍ മലയാളത്തില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകം 1971ലാണ് പ്രസിദ്ധീകരിച്ചത്. 2008ല്‍ ഡിസി ബുക്‌സ് ആദ്യപതിപ്പ് പുറത്തിറക്കിയ പുസ്തകത്തിന്റെ ഒന്‍പതാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.