നല്ല എഴുത്തുക്കാരിയുടെ കയ്യൊപ്പുപ്പതിഞ്ഞ കുറെയേറെ കഥകള്‍ വായിക്കാന്‍ കഴിയുക എന്നുള്ളതൊരു സൗഭാഗ്യമാണ് . പലപ്പോഴും വിരസമായി പോയേക്കാവുന്ന ചെറുകഥകള്‍ക്കു മുമ്പില്‍ വായനക്കാരെ പിടിച്ചിരുതണമെങ്കില്‍ അത്രയേറെ വായനക്കാരനെ മോഹിപ്പിക്കുന്ന ഘടകം അതിലുണ്ടാകണം. ‘ കഥകള്‍ കെ. ആര്‍ .മീര’ എന്ന സമാഹാരത്തില്‍ ഒന്നോ രണ്ടോ കഥകള്‍ ഒഴികെ ബാക്കിയെല്ലാം അത്തരമൊരു വായന സമ്മാനിക്കുന്നവയാണ് . കഥകള്‍ മുഴ’കരിനീല’ , ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍’ ,തുടങ്ങിയ കഥകളിലൂടെ മൗലികമായൊരു വ്യക്തിത്വം മലയാള ഫിക്ഷനില്‍ സ്ഥാപിക്കുകയായിരുന്നു മീര.
ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാര്‍ന്ന ഭാഷാശൈലിയും വിശാലമായ അനുഭവസമ്പത്തും അപൂര്‍വ്വതയുളള ഇതിവൃത്തങ്ങളുമൊക്കെക്കൊണ്ട് ശ്രദ്ധേയമായ കഥകള്‍ ആണ് മീരയുടെത്. പത്രപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത് മീരയുടെ കഥാലോകത്തെ ഒട്ടൊന്നുമല്ല പോഷിപ്പിച്ചിട്ടുളളത്. മീരയുടെ ചെറുകഥകളില്‍ വലിയൊരുപങ്ക് ഇതിവൃത്തത്തിന്റെ അപൂര്‍വ്വത കൊണ്ട് ശ്രദ്ധിക്കപ്പെട്ടവയാണ്. അഥവാ ഇതിവൃത്തത്തിന് അപൂര്‍വ്വത അവകാശപ്പെടാനില്ലെങ്കില്‍ ആഖ്യാനത്തില്‍ കൈവരിക്കുന്ന അപൂര്‍വ്വത കൊണ്ട് ചില കഥകള്‍ ശോഭിക്കുന്നു.
പുതിയ ലോകത്തിലും പുതിയ കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ ജീവിത വ്യഥകളെ തീവ്രമായി ആവിഷ്‌കരിക്കുന്ന നിരവധികഥകള്‍ ഇന്നുണ്ടാകുന്നുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഇത് വെറുമൊരു കഥ അല്ല, അനുഭവമാണ്, സത്യങ്ങളാണ് എന്ന് വായനക്കാരന്റെ മനസ്സില്‍ തോന്നിപ്പിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിടുണ്ട്. കഥ വായിക്കുമ്പോള്‍ മനസ്സിന് തുടര്‍ച്ചയായി മുറിവേല്‍ക്കുന്ന ആഖ്യാനം. കഥാകാരി, അവരുടെ തന്നെ വാക്കുകളില്‍, ഇപ്പോള്‍ കുരയ്ക്കുകയല്ല, ഗര്‍ജിക്കുകയാണ്. മീരയുടെ ഗര്‍ജനം ഈ സമൂഹത്തോടാണ്.
രോഗവും പ്രണയവും കാമവും ചേര്‍ന്ന ഒരു കഥ വിടരുകയാണ് ‘മോഹമഞ്ഞ’യില്‍.അടിച്ചമര്‍ത്തപ്പെടുന്ന ആസക്തികളെയും സ്‌നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യനെയും ഈ കഥ ചേര്‍ത്തുനിര്‍ത്തി കാണുന്നുണ്ട്. ‘ജീവിതത്തിലാദ്യമായി കാണുകയാണെങ്കിലും പ്രണയബന്ധങ്ങളില്‍ പതിവുള്ളതുപോലെ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവളും ഇവളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് അയാളും വിചാരിച്ചു.’കഥയ്ക്കുള്ളില്‍ തെളിയുകയും മറയുകയും ചെയ്യുന്ന വര്‍ണ്ണങ്ങള്‍ (മഞ്ഞ/ചാര നിറങ്ങള്‍) സൃഷ്ടിക്കുന്ന വിനിമയഭംഗിയും കഥയുടെ വായനയില്‍ നാം കാണണം. രോഗവും പ്രണയും കാമവും എത്ര ആഴത്തിലും കലാത്മകമായും ആണെന്നോ ഈ കഥയില്‍ കൂടിക്കലരുന്നത് . ‘മോഹമഞ്ഞ’യുടെ വിവര്‍ത്തനം ‘ശൂര്‍പ്പണഖ’ എന്ന പേരില്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടിടുണ്ട് .
ഒരു പെണ്ണിന്റേതു മാത്രമായ അനുഭവങ്ങളെ ഒരു പെണ്ണിനു മാത്രം കഴിയുന്ന രീതിയില്‍ വിവരിക്കുകയാണ് കരിനീലയില്‍ എഴുത്തുകാരി. കഥയുടെ ഭാഷ പൂര്‍ണമായും ലളിതമാണ്, ഒരു അനുഭവകഥനത്തിന്റെ രീതി, കേള്‍ക്കുന്നവരില്‍ നീറിപ്പിടിക്കുന്ന വാക്കുകളും വാചകങ്ങളും . കരിനീലയിലെ നായിക ആദ്യം സ്വന്തം പ്രണയം കണ്ടെത്തുന്നു, അപ്പോള്‍ തന്നെ അത് അല്പായുസ്സാണെന്നവള്‍ മനസ്സിലാക്കുന്നുമുണ്ട്. പ്രണയമാളുന്നതും കത്തിയൊടുങ്ങി വിരഹത്തിന്റെ മഞ്ഞു വീഴ്ചയിലവള്‍ തണുത്തു വിറയ്ക്കുന്നതും വായനയില്‍ നാം തുടര്‍ന്നു കാണുന്നു. അതിനിടയിലൂടെ അവള്‍ കടന്നുപോകുന്ന സ്‌ത്രൈണാനുഭവങ്ങളുടെ സത്യസന്ധമായ ഒരു ചിത്രം ഈ കഥയിലുണ്ട്.
‘ അല്ലെങ്കിലും നിരാശപ്പെടുത്താത്ത ഏതു പുരുഷനാണ് ഭൂമിയിലുള്ളത്? അല്ലെങ്കിലും അര്‍ഹിക്കും വിധം സ്‌നേഹിക്കപ്പെട്ട ഏതു സ്ത്രീയുണ്ടു ഭൂമിയില്‍ ? അല്ലെങ്കിലും വേദനയില്ലാതെ എന്തു പ്രേമം ?’ ‘ അവിവാഹിതര്‍ക്കു കാഴ്ച കൂടും, വിവാഹിതര്‍ക്കു അതു കുറയും ‘ എന്നിങ്ങനെ കൗതുകകരവും സത്യസന്ധമെന്നു സ്ത്രീകള്‍ ചിന്തിക്കുന്നതുമായ പല നിരീക്ഷണങ്ങളും ഈ കഥയില്‍ കാണാം .
ശൂര്പ്പണഖയുടെ കഥയെന്ന് കേള്ക്കുമ്പോള് ആദ്യം മനസില് ഓടി വരുന്നത് രാമായണത്തിലെ ആരണ്യകാണ്ഡമാണ്. പക്ഷെ മീരയുടെ ശൂര്‍പ്പണഖ അത്തരത്തില്‍ ഒരുവളല്ല. ഫെമിനിസം ജീവശ്വാസമെന്നു കരുതുന്ന , വിവാഹവും മാതൃത്വവും പൊള്ളയെന്നു വിശ്വസിക്കുന്ന , എങ്കിലും മകളുടെ വളര്‍ച്ചയില്‍ ആതിപ്പി ടിക്കുന്ന അനഘ എന്ന കഥാപാത്രം മനസ്സില്‍നിന്നും പെട്ടെന്ന് മായില്ല. ഒരഹങ്കാരിയെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും പതറാത്ത ചിന്തകളും കടുംപിടുതവുമായി അനഘ വായനക്കാരുടെ മനസ്സില്‍ ഇരുപ്പുറപ്പിക്കും. ഒപ്പം ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ലാക്ടോജെന്‍ ഇഷ്ടപ്പെടുന്ന അനഘയുടെ മകള്‍ സീതയും. മാറി വരുന്ന കുടുംബ വ്യവസ്ഥിതികളോടുള്ള അമര്‍ഷം ഒരല്പം പരിഹാസത്തിന്റെ മേമ്പൊടിയോടെ വായിക്കാം ഈ കഥയില്‍ .
ഇരകളാകുന്ന പാവം മനുഷ്യ ജീവികളോടു നമ്മുടെ സമൂഹം എത്ര ക്രൂരമായാണ് പെരുമാറുന്നത് എന്നോര്‍മിപ്പിക്കുന്ന കഥയാണ് കൃഷ്ണഗാഥ. ഉന്നത ജീവിതസാംസ്‌കാരിക മാനസില നിലവാരത്തിലാണ് എന്ന് അഹങ്കാരത്തോടെ കൊട്ടിഘോഷിക്കുന്ന നാം, മനുഷ്യത്വം, അനുകമ്പ, സ്‌നേഹം എന്നീ മാനുഷിക വികാരങ്ങള്‍ക്കൊന്നിനും നമ്മില്‍ ഇടമില്ല എന്നുകൂടി ഉത്‌ഘോഷിക്കുകയാണ് ഈ കഥയില്‍ . ഇന്നത്തെ സമൂഹത്തില്‍സംഭവിച്ചുകൊണ്ടിരിക്കുന്ന കഥ . പോളിയോ ബാധിച്ച അതിസുന്ദരിയായ മുസ്ലിം യുവതിയുമായി സത്യനെന്നവാടകകൊലയാളിയുടെ പ്രണയമാണ്’ ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍’ .
ഇനി പുസ്തകത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ , കാലവുമായി സ്‌ഫോടനശക്തിയോടെ ഇടപഴകുന്ന കഥകളാണ് ഈ സമാഹാരത്തില്‍. വാക്കുകളില്‍ അതീവ ജാഗ്രതയുള്ളൊരു മനസ്സ് ഈ കഥകള്‍ക്കു പിന്നിലുണ്ട് . വായനയെ ആഹ്ലാദകരമാക്കുന്ന നനുത്ത നര്‍മ്മം ഈ കഥകളുടെ സൗഭാഗ്യമാണ് . തീര്‍ച്ചയായും മലയാളികള്‍ക്ക് മികച്ചൊരു സംഭാവന. കഴിയുമെങ്കില്‍ നഷ്ടപ്പെടുത്തരുത് ഈ കഥകളുടെ പൂക്കാലം.
ഇറങ്ങിയനാള്‍ മുതല്‍ ബെസ്റ്റ് സെല്ലറായ പുസ്തകത്തിന്റെ 11ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.