‘സിനിമ ചിലരെ ഇരുട്ടി വെളുക്കുമ്പോള്‍ താരവും മറ്റുചിലരെ താരാവസ്ഥയില്‍നിന്നു യാചകവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.’ കമല്‍. കമല്‍ ആദ്യമായി സംവിധാനം ചെയ്ത ‘മിഴിനീര്‍പ്പൂവുകള്‍ ‘ എന്ന ചിത്രത്തിന്റെ പൂജയുടെ 31 ാ വാര്‍ഷികം ഫെബ്രുവരി 26 ന്. 1986 ഫെബ്രുവരി 26നായിരുന്നു അലച്ചിലുകൾക്കൊടുവിൽ സംവിധാനസഹായിയുടെ റോളില്‍ നിന്നും സംവിധയകന്‍ എന്ന സ്ഥാനത്തേക്ക് കമല്‍ ചുവടുറപ്പിച്ചത്.പി എൻ മേനോൻ , ഭരതൻ , കെ എസ് സേതുമാധവൻ തുടങ്ങിയ പ്രതിഭകളുടെ സഹസംവിധായകനിലൂടെ വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ മുൻനിര സംവിധായകരിലൊരാളായ കമലിന്റെ അധികമാരുമറിയാത്ത അണിയറ ചരിത്രങ്ങളിലൂടെ ഒരു യാത്ര.
സിനിമയെ ശ്വാസവും ഉപജീവനവുമായി കണ്ട് മൂന്നു പതിറ്റാണ്ടുകളിലധികം സ്വന്തം മണ്ണിൽ തന്നെ ജീവിച്ച ഒരു മനുഷ്യന്റെ ജീവിതത്തോടുള്ള കൗതുകം തന്നെയാണ്. അത്രയും വര്ഷങ്ങളിലെ കമലിന്റെ ജീവിതം മലയാള സിനിമയുടെ ചരിത്ര രേഖയാകുന്നു എന്നതും ഈ ആത്മാവിൻ പുസ്തകത്താളിൽ കമൽ കുറിച്ചിടുന്നു. 1986 ൽ മിഴിനീർപൂവുകൾ എന്ന ആദ്യ ചിത്രം മുതൽ ഉണ്ണികളേ ഒരു കഥ പറയാം, പെരുമഴക്കാലം , ഗദ്ദാമ , സെല്ലുലോയിഡ് , കറുത്തപക്ഷികൾ , മേഘ മൽഹാർ , മധുരനൊമ്പരക്കാറ്റ് , മഴയെത്തും മുൻപേ , നമ്മൾ , സ്വപ്നക്കൂട് തുടങ്ങി 44 സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന സംവിധായകനാകാൻ കമൽ താണ്ടിയ വേറിട്ട അനുഭവങ്ങളുടെ കുറിപ്പുകളാണ് കമലിന്റെ ജീവിതം പകർത്തുന്ന ആത്മാവിൻ പുസ്തകത്താളിൽ എന്ന ആത്മകഥ.
കണ്ടകത്തു അബ്ദുല്‍ മജീദിന്റെയും സുലേഖയുടെയും മകനായി ജനിച്ച അബ്ദുല്‍ മജീദ് കമാലുദീന്‍ സിനിമയിൽ സംവിധായകനായി തിളങ്ങാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ ഡിജിറ്റല്‍ കാലം വരെ നേരില്‍ കണ്ട അബ്ദുല്‍ മജീദ് കമാലുദീന്‍ , സംവിധായകന്‍ കമലാകുവാന്‍ താണ്ടിയത് കനല്‍ പാതകളായായിരുന്നു .1979 ല്‍ സിനിമാസംവിധാനം എന്ന സ്വപ്നം കണ്ടുകൊണ്ടായിരുന്നു കമല്‍ ബന്ധുകൂടിയായ ബഹദൂര്‍ക്കയെ(സിനിമ നടന്‍ ബഹദൂര്‍ ) കാണാന്‍ മദ്രാസിലെത്തിയത്. അദ്ദേഹത്തിന്റെ പരിചയക്കാരനായ ഏതെങ്കിലും സംവിധായകന്റെ സഹ സംവിധായകനാകുകയായിരുന്നു ലക്ഷ്യം. എന്നാൽ നാട്ടിലേക്കുള്ള ടിക്കറ്റ് കൈയില്‍ കൊടുത്തുകൊണ്ട് ബഹദൂര്‍ക്ക പറഞ്ഞു സിനിമ വഴി തെറ്റിപ്പോകാന്‍ എല്ലാ സാധ്യതയുമുള്ള ഇടമാണ്. നാട്ടിലേക്കുള്ള ട്രെയിന്‍ വരന്‍ അധികം സമയം ഇല്ല.
പരിഭ്രമവും പരാതികളുമെല്ലാം മനസ്സില്‍ അലയടിച്ചു എങ്കിലും സിനിമ എങ്ങനെയോ കമലിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. ഒരു കാമുകിയെപ്പോലെ ജീവിതത്തിന്റെ ലക്ഷ്യമായി മാറിയിരുന്നു. അവിടെ നിന്ന് കുറച്ചകലെ മാറി ചായക്കടയില്‍ നിന്നൊരു തീരുമാനം എടുത്തു ‘സിനിമ എന്റെ വഴിയാണ്’. അന്നെടുത്ത ആ തീരുമാനമാണ് കമാലുദീന്‍ എന്ന വ്യക്തിയെ സംവിധായകന്‍ കമലാക്കി മാറ്റിയത്. സിനിമ സ്വപ്നം കണ്ടു മദ്രാസിലെ ഉമാ ലോഡ്ജില്‍ കഴിയുന്ന കാലത്ത് ഹനീഫ എന്ന വ്യക്തിയെ കണ്ടുമുട്ടിയത് കമലിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായിരുന്നു . അതെ , ഈ ഹനീഫ, മലയാള സിനിമക്ക് നഷ്ടമായ കൊച്ചിന്‍ ഹനീഫ തന്നെ. അദ്ദേഹം കാരണമാണ് പിന്നീട് ബഹദൂര്‍ക്കയുടെ കൈയില്‍ നിന്നും ഐ.വി.ശശിക്കുള്ള ശുപാര്‍ശ കത്ത് കമലിന് ലഭിക്കുന്നത് .ശേഷം പല സംവിധായകരുമായി പരിചയം സ്ഥാപിക്കാനായ കമല്‍ ‘അലാവുദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ സിനിമ വലയത്തിനുള്ളിലേക്കു കടന്നു. ആസിസ്റ്റന്റ് ഡിറക്ടറായും അസ്സോസിയേറ്റ് ഡിറക്ടറായും സിനിമ രംഗത്തു സജീവമായെങ്കിലും അതിരറ്റ പ്രശ്‌നങ്ങളും കൂടെക്കൂടി. സംവിധായകന്റെ ദീര്‍ഘകാല സ്വപ്നങ്ങള്‍ക്ക് അന്തം വരുത്തുന്ന അനവധി കാര്യങ്ങള്‍. പകുതി മുക്കാലും പൂര്‍ത്തിയാക്കിയിട്ടും തിരശീലയിലെത്തിക്കാന്‍ കഴിയാതെ പോയ ചിത്രങ്ങളെ ‘പാതി പിറന്ന സിനിമകളുടെ ശവഭാരങ്ങള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ലില്ലിപ്പൂക്കള്‍, കൊതിച്ചതും വിധിച്ചതും,യമുന എന്നിവയെല്ലാം അതില്‍പെടുന്നു.
എങ്കിലും ‘ശില’ എന്ന ചിത്രം ചെയ്തതിലൂടെ സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം കമല്‍ കൈവരിച്ചിരുന്നു. ഈ സമയത്തിനകം 13 ഓളം സംവിധായകരുടെ കൂടെ സഹസംവിധയകനായിത്തീരാന്‍ കമലിന് സാധിച്ചു. അപ്പോഴേയ്ക്കും തന്റെ ആദ്യ സിനിമ എന്ന സ്വപ്നം കമലിൽ ചിറകു മുളക്കാന്‍ തുടങ്ങിയിരുന്നു. ജോണ്‍ പോളിന്റെ തിരക്കഥയും പ്രേം നസീര്‍,മമ്മൂട്ടി,പൂര്‍ണിമ ജയറാം,അങ്ങനെ വലിയ താരങ്ങള്‍ അണിനിരക്കുന്ന സിനിമ’.ആരോരുമറിയാതെ’ എന്ന് പേരിട്ടു കമല്‍ അതിനെ നെഞ്ചിലേറ്റി. ഷൂട്ടിങ്ങിനായി പുറപെടാന്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്ന സമയത്ത് അവസാന നിമിഷം പ്രൊഡ്യൂസര്‍ പിന്മാറി. അങ്ങനെ’ആരോരുമറിയാതെ’ അസ്തമിച്ചു. ആദ്യ സിനിമ കൈവിട്ടു പോയ രാത്രിയില്‍ പാതിരാ തണുപ്പത്ത് മനസുവെന്തു വീട്ടിലേക്കു കയറി ചെന്നപ്പോള്‍ ഇനിയും ജീവിച്ചിരിക്കേണ്ട ആവശ്യത്തെപ്പറ്റി കൈവെള്ള അടിവയറ്റില്‍ ചേര്‍ത്തുവച്ചോര്‍മ്മിപ്പിച്ചത് ഭാര്യ സബൂറ ആയിരുന്നു.അവര്‍ അന്ന് ഗര്‍ഭിണിയായിരുന്നു.
അവസരം പിന്നെയും കമലിനെ തേടിയെത്തി. നിർമ്മാതാവ് ആര്‍.എസ്. ശ്രീനിവാസനുമായുള്ള ഒരു ചിത്രത്തിനു അവസരം കിട്ടിയെങ്കിലും അതിനൊക്കെ വഴിയൊരുങ്ങും മുന്‍പേ കുമരകത്തുവച്ചുള്ള ബോട്ട് അപകടത്തില്‍ അദ്ദേഹം മരിച്ചു. സിനിമ സംവിധായകനാകാനുള്ള മോഹത്തെ ഒരിക്കൽകൂടി അദ്ദേഹം മടക്കി വച്ചു. അങ്ങനെ സ്വന്തം കുഞ്ഞുമായി കുടുംബനാഥന്റെ റോള്‍ ആസ്വദിച്ചു കഴിയുന്ന സമയത്താണ് ശ്രീനിവാസന്റെ മക്കള്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഒരാഴ്ചക്ക് ശേഷം ശ്രീനിവാസന്റെ മക്കള്‍ എറണാകുളത്തെത്തി അഡ്വാന്‍സ് നല്‍കി. ഇലഞ്ഞിത്തറമേളം പോലെ കൊട്ടിയാടിയ ആ നിമിഷം അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. കമലിന്റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. മാര്‍ച്ച് 23 നു ഷൂട്ടിംഗ് ആരംഭിച്ചു.
‘സംവിധാനം : കമല്‍ ‘അന്ന് മുതല്‍ സ്‌ക്രീനില്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാശിക്കും വിധം സിനിമകൊണ്ട് അടയാളപ്പെടുത്താൻ കഴിഞ്ഞോ എന്നറിയില്ല. എന്റെ ഓരോ ശ്രമങ്ങളും അതിനുവേണ്ടിയുള്ളതായിരുന്നു.ഒന്നും അവസാനിക്കുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യം ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളി നേരിടുന്ന ഈ വർത്തമാന കാലത്ത് ഏതു കലാകാരനാണ് നിശ്ശബ്ദനാകാൻ കഴിയുക. കലാകാരന് അവയെ ചെറുക്കാൻ മറ്റായുധങ്ങളില്ല.ആവിഷ്കാരമാണ് അവന്റെ ആയുധം. അത് അക്ഷരമായാലും ,ഒരു ദൃശ്യമായാലും , ചിലപ്പോൾ ഒരു നിലവിളിപോലും സമരമാണ്.സമരായുധമാണ്. ആ നിലവിളിയാകണം സിനിമ എന്ന് എന്റെ ബോധ്യം എന്നോട് പറയുന്നു.ആ ബോധ്യത്തിൽ ഊന്നിയ സിനിമകളെ ഇനി എന്നിൽ നിന്നുണ്ടാവുകയുള്ളൂ. ആ ഉറച്ച നിലപാടിലാണ് കമൽ.