”ഹൃദയം നുറുങ്ങിയതു പോലെ അവർ നൊമ്പരപ്പെട്ടിരിക്കണം. സ്നേഹത്തിന്റെ തണലിൽ 17 വർഷം വളർത്തിയ പൊന്നുമോനെയാണ് പാഞ്ഞെത്തിയ ആ ലോറി ജീവിതത്തിൽ നിന്ന് തട്ടിയെടുത്തത്. വിധിയുടെ കൊടും ക്രൂരതയിലും ആ ദമ്പതികൾ പക്ഷെ സഹജീവി സ്നേഹത്തിന്റെയും നന്മയുടെയും വഴി വിളക്കുകൾ കെടാതെ കാത്തു. തമിഴ്നാട്ടിലെ ചെങ്കൽ പേട്ട് സ്വദേശികളായ ഡോ . അശോകൻ ഡോ . പുഷ്പ്പാഞ്ജലി ദമ്പതികൾ. അനാദിയായ മനുഷ്യ സ്നേഹത്തിന്റെ കെടാവിളക്കുകൾ. ഏറെ പേരും ആലോചിക്കാൻ പോലും മടിക്കുന്ന മഹത്തായൊരു പ്രവൃത്തിയാണ് ഈ ദമ്പതികളെ കരുണയുടെ അത്യപൂർവ്വ മാതൃകയാകുന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു മസ്തിഷ്ക്ക മരണം സംഭവിച്ച മകൻ ഹിതേന്ദ്രന്റെ ഹൃദയം ഉൾപ്പെടെ ആറ് ആന്തരിക അവയവങ്ങളാണ് അവർ ദാനം ചെയ്തത്.ആ നന്മയിലൂടെ പുതുജീവിതം ലഭിച്ചത് എട്ടുപേർക്ക്. ഡോക്ടർ ദമ്പതികളുടെ സേവനത്തിന്റെ പുണ്യം തിരിച്ചറിഞ്ഞ് ഒരുപറ്റം ഡോക്ടർമാരും ചൈന്നൈയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും സഹായ ഹസ്തവുമായി അവർക്കൊപ്പം നിന്നു.”
മലയാള സിനിമയിൽ ന്യൂജെൻ എന്ന നവതരംഗത്തിന് തുടക്കമിട്ട ട്രാഫിക് എന്ന ചലച്ചിത്രത്തിന്റെ കഥയാണിത്. ഒരു ഞായറാഴ്ച സപ്ലിമെന്റിൽ വന്ന സംഭവം സിനിമയ്ക്ക് പ്രമേയം തേടിയിരുന്ന രാജേഷ് പിള്ളയുടെ മുന്നിലേക്കെത്തിയത് വളരെ ആകസ്മികമായായിരുന്നു. 2011 ജനുവരി 7 നു പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമ പ്രതിഭാധനരായ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും വളരെ ബ്രില്ലിയന്റ് ആയ ഒരു സംരംഭമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. പ്രേക്ഷകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുവാനും ഹൃദയത്തെ സ്പര്‍ശിച്ച് പിടിച്ചിരുത്തുവാനും സാധിച്ച സിനിമയുടെ തിരക്കഥയുടെ പൂർണ്ണരൂപമാണ് ട്രാഫിക് എന്ന പുസ്തകം.ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ബോബി സഞ്ജയ്.
ആഖ്യാനത്തിലും പ്രമേയത്തിലും നവീന അനുഭവം പകർന്നു നൽകിയ സിനിമയുടെ സമ്പൂർണ്ണ തിരക്കഥാ പുസ്തകമാണിത്. സിനിമയ്ക്കാസ്പദമായ വാർത്താ ഫീച്ചർ , എഡിറ്റിങ്ങിൽ ഉപേക്ഷിക്കപ്പെട്ട സീനുകൾ , സംഭാഷണങ്ങൾ എന്നിവയെല്ലാം തിരക്കഥയിൽ ഉൾപ്പെടുന്നു.അഭിനേതാക്കളെ കൂടാതെ സിനിമയുടെ പിന്നണിപ്രവർത്തകരെയും ട്രാഫിക് പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു.സംസ്ഥാന ചലച്ചിത്ര പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ തിരക്കഥയുടെ പുസ്തക പ്രസിദ്ധീകരണത്തിലൂടെ ട്രാഫിക് എന്ന സിനിമയും അകാലത്തിൽ പൊലിഞ്ഞുപോയ സിനിമയുടെ സംവിധായകനും വീണ്ടും അനുവാചക ഹൃദയങ്ങളിലേക്ക് ഓടിയെത്തുന്നു.