മലയാളസിനിമയ്ക്ക് പുത്തനുണര്‍വ്വ് സമ്മാനിച്ച പ്രതിഭാധനനായ സംവിധായകന്‍ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന സിനിമ പാഠപുസ്തകമാകുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബി എ മലയാളം കോഴ്‌സിലാണ് ട്രാഫിക്കിന്റെ തിരക്കഥ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുള്ളത്. എം ടിയുടെ പെരുംന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്നീ സിനിമകളുടെ തിരക്കഥകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്. അതിന്റെയൊപ്പമാണ് ട്രാഫിക്ക് ഇടം പിടിച്ചിട്ടുള്ളത്. ഫെബ്രുവരി 27 ന് രാജേഷ് പിള്ളയുടെ ഓര്‍മ്മകള്ക്ക് ഒരുവയസ്സുതികയുമ്പോള്‍ അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടുമുള്ള ആദരമായി ഇതുകാണാവുന്നതാണ്.
കണ്ണൂര്‍ സര്‍വ്വകലാശാല യു ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ജയചന്ദ്രന്‍ കീഴോത്താണ് ആദ്യം ട്രാഫിക് പാഠപുസ്തകം ആക്കാനുള്ള ആശയം മുന്നോട്ട് വച്ചത്. രാജേഷ് പിള്ള ജീവിച്ചിരിക്കുമ്പോഴായിരുന്നു അത്. ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ട്രാഫിക് സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ആഗ്രഹം അദ്ധ്യാപകരും വിദ്യാര്‍ഥികളും പ്രകടിപ്പിച്ചിരുന്നതായി ജയചന്ദ്രന്‍ പറഞ്ഞു. സിനിമയിലെ ദൃശ്യങ്ങള്‍ക്ക് പിന്നിലെ കാര്യങ്ങള്‍ അറിയുന്നതും പഠിക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഎ മലയാളം വിദ്യാര്‍ഥികളുടെ ആറാം സെമസ്റ്ററില്‍ അരങ്ങും പൊരുളും എന്ന വിഷയത്തില്‍ ആയിരിക്കും ട്രാഫിക് പഠനത്തിനെത്തുക. 2011 ല്‍ ഇറങ്ങിയ ട്രാഫിക് മലയാളം കാത്തിരുന്ന സിനിമാ മാറ്റത്തിന് വഴിയൊരുക്കിയിരുന്നു. 2017 ജനുവരിയിലാണ് ഡി സി ബുകസ് ട്രാഫിക്കിന്റെ തിരക്കഥ പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിച്ചത്.
ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ട്രാഫിക്കില്‍ ശ്രീനിവാസന്‍, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, സന്ധ്യ, റോമ, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചെന്നൈയില്‍ നടന്ന ഒരു സംഭവമാണ് ചലച്ചിത്രത്തിനാധാരം. 2011ലെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.