മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ സമുദ്രയാനത്തിനിറങ്ങി കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട് പിന്നീട് ഒരു പോര്‍ച്ചുഗീസ് കപ്പിത്താന്റെ സഹായത്തോടെ രക്ഷപ്പെട്ട് ബ്രസീലില്‍ എത്തി തോട്ടമുടമയുമായി മാറിയ നാവികനാണ് ക്രൂസോ.അങ്ങനെയിരിക്കുമ്പോള്‍ ആഫ്രിക്കയില്‍നിന്നും അടിമകളെ പിടിച്ചുകൊണ്ടു വരുവാനുള്ള പദ്ധതിയില്‍ ക്രൂസോ ചേര്‍ന്നു. പക്ഷേ അടിമകള്‍ക്കുവേണ്ടിയുള്ള ആ യാത്രയില്‍ കപ്പല്‍ തകര്‍ന്ന് അയാള്‍ ഒരു വിചനമായ ദ്വീപില്‍ അകപ്പെട്ടു. തകര്‍ന്നകപ്പലില്‍ നിന്ന് തോക്കും വെടിമരുന്നും ബൈബിളുമെല്ലാം സംഘടിപ്പിച്ച ക്രൂസോ ആ ദ്വീപില്‍ വര്‍ഷങ്ങളോളം ഏകാകിയായി കഴിഞ്ഞു. സ്വന്തം കൃഷിയിടവും കലണ്ടറും പാര്‍പ്പിടവുമെല്ലാം അയാള്‍ ഉണ്ടാക്കി. ഒരിക്കല്‍ വന്‍കരകയിലെ തദ്ദേശിയരായ നരഭോജികള്‍ കൊല്ലാന്‍ കൊണ്ടുവന്ന ഒരു തടവുകാരനെ ക്രൂസോ രക്ഷിച്ചു. വെള്ളിയാഴ്ച ദിവസം കിട്ടിയ അവന് ഫ്രൈഡേ എന്നാണ് ക്രൂസോ നല്‍കിയ പേര്. അവനെ അയാള്‍ അടിമയാക്കി ഇംഗ്ലീഷ് പഠിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് ചേര്‍ത്തു. ഒടുവില്‍ 28 വര്‍ഷത്തെ ഏകാന്തവാസത്തിനുശേഷം ഫ്രൈഡേയൊടൊപ്പം ക്രൂസോ ഒരു ഇംഗ്ലിഷ് കപ്പലില്‍ മാതൃരാജ്യത്തേക്ക് മടങ്ങി..
പാശ്ചാത്യസാഹിത്യത്തിന്റെ ചരിത്രത്തില്‍ ഡനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോയോളം വായിക്കപ്പെട്ട മറ്റൊരു കൃതിയുണ്ടാകില്ല. ഇത്രയധികം പതിപ്പുകള്‍ വിറ്റഴിക്കപ്പെട്ട പുസ്തകവും ഇതുതന്നെയാവാം. പൂര്‍ണ്ണരൂപത്തിലും സംഗ്രഹമായും പുനരാഖ്യാനമായും ചിത്രസഹിതമായും ചിത്രകഥയായും ബാലസാഹിത്യമായുമൊക്കെ നൂറുകണക്കിനു പതിപ്പുകളാണ് പുറത്തിറക്കിയത്. റോബിന്‍സണ്‍ ക്രൂസോയുടെ കഥ വായനക്കാരെമാത്രമല്ല എഴുത്തുകാരെയും വശീകരിച്ചിട്ടുണ്ട്. റോബിന്‍സനേഡ് എന്നു വിശേഷിപ്പിക്കുന്ന ഒരു സാഹിത്യരൂപം തന്നെ യൂറോപ്യന്‍ ഭാഷകളില്‍ രൂപപ്പെടാന്‍ ഈ നോവല്‍ കാരണമായി. ഒറ്റയ്‌ക്കൊരു ദ്വീപിലോ മരുഭൂമിയിലോ വനത്തിലോ അകപ്പെട്ട് ജീവിക്കുന്നവരുടെ കഥയാണ് അത്തരം കൃതികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഡനിയേല്‍ ഡിഫോയുടെ തൂലികയില്‍ നിന്നും ഉദയംചെയ്ത പ്രശസ്തമായ ഈനോവല് റോബിന്‍സണ്‍ ക്രൂസോ എന്നപേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴും നിരവധിവായനക്കാരണ് അദ്ദേഹത്തിന്റെ ആരാധകരായിത്തീര്‍ന്നത്. ഒരുപക്ഷേ വ്യക്തികേന്ദ്രിതത്വത്തില്‍ ഉറച്ച ആദ്യനോവലാണിത്. ഏകാന്തമായ ദ്വീപില്‍ കാര്യങ്ങള്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന റോബിന്‍സണ്‍ ക്രൂസോ പുതിയ വ്യക്തിയാണ്. മാത്രമല്ല ക്രൂസ്സോയുടെ കാലില്‍ തലചായ്ച്ചുറങ്ങുന്ന ഫ്രൈഡേയുടെ ചിത്രം കൊളോണിയലിലത്തിന്റെ ശേഷിപ്പായ അടിമയെയും യജമാനനെയും ഓര്‍മ്മിപ്പിക്കുന്നതാണ്.
ഡോ പി കെ രാജശ്വേകരന്‍ എഡിറ്റുചെയ്ത എം പി സദാശിവന്‍ സംഗൃഹീത പുനരാഖ്യാനം നിര്‍വ്വഹിച്ച റോബിന്‍സണ്‍ ക്രൂസോയ്ക്ക് 1982ലാണ് ഒരു ഡി സി ബി പതിപ്പ് ഉണ്ടാകുന്നത്. ഇപ്പോള്‍ പുസ്തകത്തിന്റെ പത്താമത് പതിപ്പാണ് പുറത്തുള്ളത്.
1719ല്‍ റോബിന്‍സണ്‍ ക്രൂസോ പുറത്തുവന്നതോടെ നോവലിസ്റ്റായ ഡാനിയേല്‍ ഡിഫോ ഉദിച്ചുയര്‍ന്നു. തുടര്‍ന്ന് പ്രസിദ്ധങ്ങളായ ഒട്ടേറെ നോവലുകള്‍ അദ്ദേഹം എഴുതി. പല പ്രമേയങ്ങളും വായനക്കാരെയും മറ്റ് എഴുത്തുകാരെയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. അതില്‍ മോള്‍ ഫഌന്‍ ഡേഴ്‌സും, റോക്‌സാനയും അദ്ദേഹത്തിന്റെ കീര്‍ത്തി ഉയര്‍ത്തി.