കാലദേശാന്തരങ്ങളില്ലാതെ കുട്ടികളെ അത്ഭുതപരതന്ത്രരാക്കുകയും രസിപ്പിക്കുകയും അവരുടെ ഭാവനയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നകഥകളാണ് മാന്ത്രികകഥകള്‍. പല നാടുകളില്‍ പല ഭാഷകളില്‍ പ്രചരിക്കുന്ന മാന്ത്രിക കഥകള്‍ അതിപ്രശസ്തമാണ്. വാമൊഴിയായി പ്രചരിച്ച ഇത്തരം കഥകള്‍ ഇന്ന് പുസ്തകരൂപത്തിലാണ് പുതിയതലമുറയ്ക്ക് കൈമാറുന്നത്. മാന്ത്രിക കഥകള്‍ എന്ന പുസ്തകത്തിലൂടെ ഈ ധര്‍മ്മം നിര്‍വ്വഹിക്കുകയാണ് ഡി സി ബുക്‌സ് ഇംപ്രിന്റായ മാമ്പഴം. വായനയുടെ ലോകത്തേയ്ക്ക് കടക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് മാന്ത്രിക കഥകള്‍.
ലാലിബെലെയിലെ സിത്സില രാജകുമാരിയെ ചതിക്കാന്‍ ശ്രമിച്ച സര്‍പ്പത്തിന്റെ കഥ പറയുന്ന സര്‍പ്പവും രാജകുമാരിയും, രാജാവിന്റെ ക്രൂരതയ്ക്കിരയായി മുക്കുവത്തിയായി വളര്‍ന്ന് ഒടുവില്‍ രാജകുമാരന്റെ വധുവായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന മുദ്രമോതിരം, ജീവയെന്ന ആട്ടിടയന്‍ , വിചിത്രമായ ചെവികളുമായി ജീവിക്കുന്ന രാജാവിന്റെ കഥ പറയുന്ന ആട്ടിന്‍ ചെവിയുള്ള രാജാവ്, സത്യത്തിന്റെ പക്ഷി തുടങ്ങി 11 കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളെ കഥകളുടെ മായികലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനൊപ്പം തന്നെ നന്‍മയ്ക്കു മേലുള്ള തിന്‍മയുടെ കടന്നാക്രമണങ്ങളും ഒടുവില്‍ നന്‍മ നേടുന്ന വിജയവും പ്രതിപാദിക്കുന്നവയാണ് ഇവ ഓരോന്നും. അതുകൊണ്ടുതന്നെ ഈ കഥകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ല ഗുണപാഠവും പകര്‍ന്നു നല്‍കുന്നുണ്ട്.
പല നാടുകളില്‍ പ്രചാരത്തിലിരിക്കുന്ന ഈ കഥകള്‍ പുനരാഖ്യാനം ചെയ്ത് ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത് തുമ്പൂര്‍ ലോഹിതാക്ഷനാണ്. ജോബിന്‍ വരച്ച ചിത്രങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുന്നതാണ്. വായിച്ചു തുടങ്ങുന്ന കുട്ടികള്‍ക്ക് തനിയെ വായിച്ച് മനസ്സിലാക്കാവുന്ന ഈ പുസ്തകം കഥ കേട്ടുറങ്ങാനാഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കാവുന്നതുമാണ്. മാന്ത്രിക കഥകളുടെ മൂന്നാമത് പതിപ്പ് ഇപ്പേള്‍ വിപണിയില്‍ ലഭ്യമാണ്.