ചിന്തയില്‍ നിന്നും വാക്കുകളും പ്രവൃത്തികളും രൂപം കൊള്ളുന്നു. ജീവിതമെന്നാല്‍ നമ്മുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും ആകെത്തുകയാണ്. അപ്പോള്‍ ജീവിതം ധന്യവും ശ്രേഷ്ഠവുമാക്കുവാന്‍ ഉത്തമചിന്തകള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. നാം കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതുമെല്ലാം നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നു. അധമവികാരങ്ങളെ ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കും വായനകള്‍ക്കും നമ്മെ ആകര്‍ഷിക്കാനും വശീകരിക്കാനും എളുപ്പമാണ്. അതുകൊണ്ടാണ് ബ്ലൂഫിലിമുകളും മഞ്ഞക്കൃതികളുമൊക്കെ രഹസ്യമായിട്ടാണെങ്കിലും വേഗത്തില്‍ പ്രചരിക്കുന്നത്. അവ യുവ ഹൃദയങ്ങളെ മ്ലേച്ഛവും ജുഗുപ്‌സാവഹങ്ങളുമായ കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ നല്ലകാര്യങ്ങളില്‍ ഇടപെടുകയും നല്ല ചിത്രങ്ങളും പുസ്തകങ്ങളും വായിക്കുകവഴി നല്ല ചിന്തകള്‍ ഉണരുകയും സര്‍ഗാത്മക കഴിവുകള്‍ വികസിക്കുകയും ചെയ്യുന്നു. പക്ഷേ എന്താണ് ശുഭചിന്തകള്‍… അവയിലൂടെ ജീവിതവിജയം നേടുന്നതെങ്ങനെ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടായേക്കാം. അതിനുള്ള ഉത്തരങ്ങളാണ് റ്റി ജെ ജോഷ്വയുടെ ശുഭചിന്തകള്‍ ; ജീവിത വിജയത്തിന് എന്ന പുസ്തകം.
സാമൂഹിക ബന്ധങ്ങള്‍ ഭദ്രമാക്കാനും സഹവര്‍ത്തിത്വത്തിന്റെ ആവശ്യകത തിരിച്ചറിയാനും വ്യക്തിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സ്‌നേഹത്തിലധിഷ്ഠികതമായ ജീവിതം കെട്ടിപ്പടുക്കാനും ശുഭചിന്തകള്‍; ജീവിത വിജയത്തിന് എന്ന പുസ്തകം സഹായിക്കുന്നു. പ്രത്യാശകള്‍ നഷ്ടപ്പെട്ട് ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനായി മരണം തിരഞ്ഞെടുക്കുന്നവര്‍ക്കും, പരീക്ഷയില്‍ തോല്‍വികള്‍ സംഭവിക്കുന്നവര്‍ക്കും, എല്ലാക്കാര്യത്തിലും നിരാശപുലര്‍ത്തുന്നവര്‍ക്കും ഉള്ള ഫലപ്രദമായ ചികിത്സയാണ് ഈ പുസ്തകം. ദൈനംദിന ജീവിതത്തില്‍ പരിചിതമായ സാഹചര്യങ്ങളില്‍ നിന്നും എടുത്തിട്ടുള്ള കഥകള്‍ ഉദാഹരണമായി നല്‍കികൊണ്ടാണ് അദ്ദേഹം ജീവിത വിജയത്തിനാവശ്യമായ ശുഭചിന്തകള്‍ പറഞ്ഞുതരുന്നത്. ഡി സി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
1992ല്‍ കോന്നിയിലാണ് റ്റി ജെ ജെ ജനിച്ചത്. കോട്ടയം സി.എം.എസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ്, ആലുവ യു.സി കോളേജില്‍നിന്ന് ബി.എ, കല്‍ക്കട്ട ബിഷപ്‌സ് കോളേജില്‍നിന്ന് ബി.ഡി, അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എസ്.റ്റി.എം എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി. യെരുശലേമിലെ എക്യൂമെനിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണപഠനം നടത്തി. 1947ല്‍ ശെമ്മാശപ്പട്ടവും 1956ല്‍ വൈദികപദവിയും കൈവന്നു. 1954 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
ആ ആത്മീയചിന്തകള്‍ ദൈനംദിന വായനയ്ക്കും മനനത്തിനുമായി ക്രമീകരിച്ച ഇന്നത്തെ ചിന്താവിഷയം,ഇന്നത്തെ ചിന്താവിഷയം: ഉത്തമജീവിതചിന്തകള്‍ എന്നിങ്ങനെ രണ്ടു പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ശുഭചിന്തകള്‍ : പ്രതിസന്ധികള്‍ നേരിടാന്‍ , ശുഭചിന്തകള്‍ : സന്തോഷകരമായ കുടുംബജീവിതത്തിന്, ശുഭചിന്തകള്‍ : ജീവിത വിജയത്തിന് , ശുഭചിന്തകള്‍ : കുട്ടികളില്‍ സല്‍സ്വഭാവം വളര്‍ത്താന്‍ എന്നിവയടക്കം മുപ്പത്തഞ്ചില്‍പരം കൃതികള്‍ ഫാദര്‍ റ്റി.ജെ.ജോഷ്വ എഴുതിയിട്ടുണ്ട്.