അർബുദം ഇന്ന് സർവ്വ സാധാരണമാണ്. കുട്ടികളിലും സ്ത്രീകളിലും അർബുദ രോഗബാധയുടെ കണക്കുകൾ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഭക്ഷണ കാര്യങ്ങളിലെ വ്യത്യാസങ്ങളുമൊക്കെ ഇതിനു കാരണമാകുന്നു. ഈ അവസരത്തിലാണ് ഡോ. ബി ശ്യാമളകുമാരി രചിച്ച അർബുദം : കുട്ടികളിലും സ്ത്രീകളിലും എന്ന പുസ്തകത്തിന് പ്രസക്തിയേറുന്നത്. കുട്ടികളിലും സ്ത്രീകളിലും കണ്ടു വരുന്ന വിവിധതരത്തിലുള്ള ക്യാൻസറുകളെ പറ്റി വിശകലനം ചെയ്യുന്നതിനൊപ്പം തന്നെ അവ എങ്ങനെ സ്വയം തിരിച്ചറിയണമെന്നും എന്തൊക്കെ മുൻകരുതലുകളെടുത്താൽ ഗണ്യമായ രീതിയിൽ ഇവ തടുക്കാം എന്നും ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.
അർബുദത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആധുനിക ശാസ്ത്രം ചികഞ്ഞെത്തിക്കഴിഞ്ഞിരിക്കുന്ന ഈ കാലത്ത് നാം ഇത്രയധികം ഭയചകിതരാകേണ്ടതുണ്ടോ ? ശരിയായ രോഗപ്രതിരോധവും , രോഗത്തിന്റെ ആരംഭത്തിൽ തന്നെയുള്ള തിരിച്ചറിവും കൃത്യമായ ചികിത്സാ സംവിധാനങ്ങളും ഈ രോഗത്തേയും പ്രായോഗികമായി നിയന്ത്രിച്ചു നിർത്തതാണ് നമ്മെ സഹായിക്കില്ലേ ? സ്ഥിതിവിവര കണക്കുകൾ പ്രകാരം കേരളത്തിൽ അർബുദം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും പ്രസക്തമാകുന്നത്.
ഒരു പെൺകുട്ടിയിൽ അവളുടെ കൗമാര പ്രായം തൊട്ടേ മാതൃത്വവും വളർന്നു വരുന്നു. അവൾ ഋതുമതിയാകുമ്പോൾ ആ ദിവസങ്ങളെ കൊണ്ടാടുകയും അവിടുന്നങ്ങോട്ട് അമ്മയാകാനുള്ള ശാരീരികമായ തയ്യാറെടുപ്പുകളും നടക്കുന്നു.വിവാഹം അതിനുള്ള പൊതുജന അംഗീകാരമാണ്.കടന്നുപോയ എല്ലാ ഘട്ടങ്ങളിലും ശ്രദ്ധ ചെലുത്തിയാൽ മാത്രമേ അവൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയൂ എന്ന വസ്തുതയാണ് ഇതിന്റെ പിന്നിൽ. അയൺ , കാൽസ്യം , എന്നിവയെല്ലാം അടങ്ങിയ ആഹാരം , പാൽ , തൈര് , പനീർ എന്നിവയ്ക്ക് പുറമെ ശരീരത്തിനാവശ്യമുള്ള വ്യായാമങ്ങളും നൽകണം.
ക്യാൻസറിനെ തടുക്കാൻ ഒരു സ്ത്രീ ജനിക്കുമ്പോൾ മുതലുള്ള ഭക്ഷണ ക്രമീകരണങ്ങളും , കൃത്യമായ വ്യായാമമുറകളും ഒരു പരിധി വരെ സഹായകമാകും. ഋതുമതിയാകുമ്പോഴും, ഗർഭാവസ്ഥയിലും സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണക്രമങ്ങളും അവയിലൂടെ ലഭിക്കുന്ന പോഷകങ്ങളെ കുറിച്ചും അർബുദം : കുട്ടികളിലും സ്ത്രീകളിലും എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു. കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന അർബുദവും , അർബുദ ലക്ഷണങ്ങളും , ചികിത്സാ രീതികളും , ലക്ഷണങ്ങളും , ശസ്ത്രക്രിയകളും പുസ്തകത്തിൽ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഡി സി ബുക്സിന്റെ എല്ലാ സ്റ്റാളുകളിലും പുസ്തകം ഇപ്പോൾ ലഭ്യമാണ്.