ചൂടുനിറഞ്ഞ ഫെബ്രുവരി മാര്‍ച്ചിനു വഴിമാറുമ്പോഴും പുസ്തക വിപണി സജീവമായി തുടരുകയാണ്. ഫെബ്രുവരി 20 മുതല്‍ 26 വരെയുള്ള ഒരാഴ്ചക്കാലത്തെ പുസ്തകവിപണി പരിശോധിച്ചാല്‍ അത് മനസ്സിലാകും. ചൂടും തിരക്കും നിറഞ്ഞ ജീവിതത്തിനിടയില്‍ വായനക്കാര്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങളില്‍ ഭക്ഷണത്തിന്റെ മഹത്വം തുറന്നുകാട്ടിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ , പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍ എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്.
സക്കറിയയുടെ തേന്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ഡി രാമകൃഷ്ണന്റെ സിറാജുന്നിസ, സോണിയാ റഫീക്കിന്റെ ഹെര്‍ബേറിയം, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍,ടി എന്‍ ഗോപകുമാറിന്റെ ഒരു അര്‍ബുദകഥ, സി വി ബാലകൃഷ്ണന്റെ രതിസാന്ദ്രത, കാന്‍സര്‍ എന്ന അനുഗ്രഹം, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, വിശുദ്ധപാപങ്ങളുടെ ഇന്ത്യ, ജി എസ് നാരായണന്റെ കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍, എന്നിവയും വായനക്കാര്‍ തിരഞ്ഞെത്തിയ പുസ്തകങ്ങളാണ്.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ പരിശോധിച്ചാല്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മാറ്റമില്ലാതെ തുടരുന്ന കാഴ്ചയാണ് കാണാനാവുക. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എന്റെ കഥ, തകഴിയുടെ രണ്ടിടങ്ങഴി, എം ടിയുടെ രണ്ടാമൂഴം, , ഒരു സങ്കീര്‍ത്തനം പോലെ,അഗ്നിസാക്ഷി എന്നിവയാണ് വായനക്കര്‍ തിരഞ്ഞെടുത്ത മറ്റ് പുസ്തകങ്ങള്‍.
പതിവ് പോലെ വിവര്‍ത്തനകൃതികളില്‍ ചാരസുന്ദരി, ആല്‍കെമിസ്റ്റ് തന്നെ മുന്നിലെത്തി. അബ്ദുള്‍കലാമിന്റെ അഗ്‌നിച്ചിറകുകള്‍, അര്‍ദ്ധനാരീശ്വരന്‍ എന്നിവയും വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചു.