മിനി കഥകളുടെ രാജാവാണ് പി.കെ.പാറക്കടവ്. കഥാകൃത്ത് ടി എൻ പ്രകാശ് പാറക്കടവിന്റെ കഥകളെ ‘കുറുംകഥകൾ’ എന്നാണ് ഒരു ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. അത്തരത്തിൽ കുറും കഥകളിലൂടെ വലിയ ആശയങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ച് ശ്രദ്ധേയനായ കഥാകൃത്താണ് അഹമ്മദ് എന്ന പി.കെ.പാറക്കടവ്. നോവല്‍ എഴുതിയപ്പോഴും ആറ്റിക്കുറുക്കി പ്രമേയത്തെ ചാട്ടുളി പോലെ തറപ്പിക്കുന്ന മാന്ത്രികത അദ്ദേഹം കൈവിട്ടില്ല. മീസാന്‍ കല്ലുകളുടെ കാവല്‍ എന്ന ലഘുനോവലിനു പിന്നാലേ പി.കെ.പാറക്കടവിന്റെ മറ്റൊരു നോവല്‍ പ്രസിദ്ധീകരിക്കുകയാണ് ഡി സി ബുക് സ്. ഇടിമിന്നലുകളുടെ പ്രണയം. പ്രണയവും രാഷ്ട്രീയവും സമന്വയിക്കുന്ന വായനയുടെ നവ്യാനുഭവമാണ് ഇടിമിന്നലുകളുടെ പ്രണയം. ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന നോവലിൽ കവിതയും സ്നേഹവും ഫലസ്തീനിയൻ പോരാളികളോടുള്ള ഐക്യദാർഢ്യവും രേഖപ്പെടുത്തുന്നു.
നോവൽ എഴുതുന്ന സമയത്ത് എഴുത്തുകാരൻ മനസുകൊണ്ട് കത്തിയെരിയുന്ന ലെബനനിലായിരുന്നു. മഴയുടെ ചാട്ടവാറടിക്കും സൂര്യന്റെ തീ വാരിയെറിയുന്ന കൊടും ചൂടിനും കീഴെ എഴുത്തുകാരനുമുണ്ടായിരുന്നു. അലയുന്ന രാജ്യമായ ഫലസ് തീനിലെ ജീവിതവും ചരിത്രവും രാഷ്ട്രീയവുമാണ് ഇടിമിന്നലുകളുടെ പ്രണയത്തിന്റെ പ്രമേയം. മണ്ണില്‍ ഒരിടത്ത് ഉറച്ചുനിന്ന് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന രാജ്യമാണ് ഫലസ്തീന്‍. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ഒരുപാട് ചോരയും കണ്ണീരും ഫലസ് തീനികള്‍ ഒഴുക്കിക്കഴിഞ്ഞെങ്കിലും ഇന്നും ഭൂപടത്തില്‍ ഇല്ലാത്ത രാജ്യമായി അത് തുടരുന്നു.
ഫലസ് തീനിലെ ആയിരക്കണക്കിന് പോരാളികളില്‍ ഒരാളാണ് സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന ഫര്‍നാസ്. ഭൂമിയിലുള്ള തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികില്‍ വന്നെത്താന്‍ അയാള്‍ അവസരം ഒരുക്കുന്നു.ഫലസ് തീനിയന്‍ പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അസ്വസ്ഥപ്രദേശത്തെ മനുഷ്യാവസ്ഥകളിലേക്കാണ് ഈ ലഘുനോവലിലൂടെ പാറക്കടവ് സഞ്ചരിക്കുന്നത്. അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ഉൾക്കാഴ്ചയും വിസ്മയകരമായ കയ്യൊതുക്കവും കൊണ്ട് നോവൽ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇടിമിന്നലുകളുടെ പ്രണയത്തിന്റെ രണ്ടാം ഡി സി പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
കേരള സാഹിത്യ അക്കാദമി നിര്‍ വ്വാഹക സമിതിയംഗവും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ പി.കെ.പാറക്കടവ് ഇപ്പോള്‍ മാധ്യമം പീരിയോഡിക്കല്‍ സിന്റെ എഡിറ്ററാണഹ്. മുപ്പത്തഞ്ചോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. കഥകള്‍ ഇംഗ്ലിഷ്, ഹിന്ദി, മറാഠി, അറബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.എസ്.കെ.പൊറ്റെക്കാട്ട് അവാര്‍ഡ്, അയനം സി.വി.ശ്രീരാമന്‍ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ്, ഫൊക്കാനോ അവാര്‍ഡ്, പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.