അന്ധമായ പാരമ്പര്യാരാധന , യുക്തിയുടേയും , സ്വതന്ത്ര ചിന്തയുടെയും നിരാസം , സംസ്കാരത്തെയും കലയെയും , ധൈഷണിക പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഭയം കലർന്ന സംശയം , വിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി കാണുന്ന സമീപനം , നാനാത്വത്തിന്റെ നിരാസം , ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം , ദേശത്തിന്റെ നിഷേധാത്മകമായ നിർവ്വചനം , ചില അപരരെ സൃഷ്ടിച്ച് എല്ലാ കുഴപ്പത്തിനും അവരാണ് കാരണം എന്ന ആരോപണം , വീരാരാധന , ആൺകോയ്മ , തങ്ങളാണ് ജനങ്ങൾ എന്ന രീതിയിലുള്ള പ്രവർത്തനം , ദുർബലരോടുള്ള അവജ്ഞ , ചരിത്രം തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതൽ : എല്ലാതരം ഫാസിസങ്ങളുടേയും അടിസ്ഥാന സ്വഭാവങ്ങളായി പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റും , തത്വ ചിന്തകനും , സാഹിത്യ നിരൂപകനുമായ ഉംബർട്ടോ ഇക്കോ ചൂണ്ടിക്കാണിച്ച പ്രവണതകളാണിതെല്ലാം.
ആവിഷ്കാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം ഒന്നൊന്നായി ആക്രമിക്കപ്പെടുകായും , ജനാധിപത്യത്തോടുള്ള വിദ്വേഷവും , ജനാധികാരത്തെ അടിച്ചമർത്താനും ചെറുക്കാനും വാളോങ്ങുന്നവരോടുള്ള പ്രതിഷേധമാണ് ഇന്ത്യ ഫാസിസത്തിലേക്ക് എന്ന പുസ്തകം. മതേതരത്വം എന്ന സുപ്രധാനമായ അടിസ്ഥാന തത്വം ഉച്ഛരിക്കാൻ പോലും ഇന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്. ഈയിടെ ഇന്ത്യയെ സംബോധന ചെയ്തുകൊണ്ടുള്ള ഒരു കവിതയില്‍ പാക്കിസ്ഥാനി കവി ഫഹ്മീദാ റിയാസ് പറഞ്ഞു, ‘ഒടുവില്‍ നിങ്ങളും ഞങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതില്‍ സന്തോഷം’ എന്ന്. ഇന്നത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യധ്വംസനത്തെയും അസഹിഷ്ണുതയെയും പരിഹസിച്ചുകൊണ്ടായിരുന്നു ആ വരികള്‍. അതെ… ഇന്ത്യയും അതിവേഗം അസഹിഷ്ണുവായ ഒരു ഏകമതരാഷ്ട്രമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയത ഫാസിസത്തിന്റെ ഉറച്ച അടിത്തറയാണെന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകളെ അര്‍ത്ഥവത്താക്കിക്കൊണ്ടുള്ള വാര്‍ത്തകള്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഉയരുന്നത് ജനാധിപത്യ വിശ്വാസികള്‍ക്കാര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഇന്ത്യയുടെ ബഹുസ്വരതയെയും ജനാധിപത്യത്തെയും നിഷേധിച്ചുകൊണ്ട് നിരോധനങ്ങളായും കൊലവിളികളായും വളരുന്ന മതപരമായ അസഹിഷ്ണുതകള്‍ക്കെതിരെയുള്ള പ്രതിരോധ പുസ്തകമാണ് ഇന്ത്യ ഫാസിസത്തിലേക്ക്?. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള ആലോചനകളും സംവാദങ്ങളും മുന്നോട്ടുവെയ്ക്കുന്ന പുസ്തകം എഡിറ്റ് ചെയ്തത് കവി സച്ചിദാനന്ദനാണ്.
സ്വതന്ത്രചിന്തയും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇന്ന് മതഭീഷണിയുടെ നിഴലിലാണ്. ഇന്ത്യയില്‍ ചിന്തിക്കുന്നവരെ ഇല്ലാതാക്കിക്കൊണ്ടുള്ള ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച ഇന്നുവരെ നാം ദര്‍ശിച്ചിട്ടില്ലാത്തതാണ്. ഇതിനെ പ്രതിരോധിക്കാതെ മൗനം പാലിച്ചുകൊണ്ട് അധികാരത്തിലിരിക്കുന്നവര്‍ തന്നെ പലപ്പോഴും ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയും സ്ഥാനങ്ങള്‍ രാജിവെച്ചും ശാസ്ത്രജ്ഞരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മത ഭരണകൂട ഭീകരതയ്ക്കെതിരെ രംഗത്തു വന്നുകഴിഞ്ഞു. പ്രതിരോധത്തിന്റെ വര്‍ത്തമാനം എന്ന് വിലയിരുത്താവുന്ന ഇന്ത്യ ഫാസിസത്തിലേക്ക് എന്ന പുസ്തകം ഈ സങ്കീര്‍ണ്ണമായ സാമൂഹ്യാവസ്ഥ ചര്‍ച്ച ചെയ്യുന്നു.
റൊമിലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, നയന്‍താര സെഹ്ഗാള്‍, എന്‍.എസ്.മാധവന്‍, ഡോ. കേശവന്‍ വെളുത്താട്ട്, എം.പി.വീരേന്ദ്രകുമാര്‍, ബി.രാജീവന്‍, കെ.വേണു, സനല്‍ ഇടമറുക്, ഹമീദ് ചേന്നമംഗലൂര്‍ തുടങ്ങി 16 പ്രമുഖരുടെ ലേഖനങ്ങളാണ് ഇന്ത്യ ഫാസിസത്തിലേക്ക്? എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.എം.കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യ അക്കാദമി പ്രതിഷേധിക്കാത്ത സാഹചര്യത്തില്‍ അക്കാദമി സമിതികളില്‍ നിന്ന് രാജിവെച്ച സച്ചിദാനന്ദന്‍ ഈ പുസ്തകത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച എഡിറ്ററാണെന്നതില്‍ സംശയമില്ല.
മനുഷ്യസ്നേഹികളെയും സ്വാതന്ത്ര്യവാദികളെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഏതുതരം ഫാസിസ്റ്റ് പ്രവണതകളും ജനാധിപത്യ സമൂഹത്തില്‍ പ്രതിരോധാര്‍ഹമാണെന്ന് വിശ്വസിക്കുകയും പുരോഗമനപക്ഷത്ത് നില്‍ക്കുകയും ചെയ്യുന്ന പ്രസാധകരാണ് ഡി സി ബുക്‌സ്. വായനകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സമര്‍പ്പിക്കുന്ന ഇന്ത്യ ഫാസിസത്തിലേക്ക്? എന്ന സമാഹാരവും അതിന്റെ ഭാഗമാണ്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.