കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും ‘ക്ലിഷേ’യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് ഈ സന്തോഷ്‌കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കഥകളെല്ലാം ശേഖരിച്ച് ഡി സി ബുക്‌സ് പുറത്തിറക്കിയ സമ്പൂര്‍ണ്ണ കഥാസമാഹാരമാണ് കഥകള്‍ ഇ സന്തോഷ് കുമാര്‍. 2012 ല്‍ പ്രസിദ്ധീകരിച്ച കഥകളുടെ പുതിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
സന്തോഷ് കുമാറിന്റെ ആദ്യസമാഹാരം “ഗാലപ്പഗോസ് ”പ്രസിദ്ധീകരിക്കുന്നത് 2010 ലാണ്. അഞ്ചാമത്തെ സമാഹാരമായ “നീചവേദം” 2010 ലും. പത്തുവര്‍ഷത്തിനിടയില്‍ ഇറങ്ങിയ അഞ്ചുസമാഹാരങ്ങളിലെ നാല്പത്തഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. 1994 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളില്‍ ഇ സന്തോഷ് കുമാര്‍ എഴുതിയ എല്ലാ കഥകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം, ഗാലപ്പഗോസ്, തുരങ്കങ്ങള്‍, ദ്വീപ്, ആമ, ചാവുകളി, ഒരു മരണം നിരവധി മരണങ്ങള്‍ ചേക്ക, കാറ്റാടിമരങ്ങള്‍, സര്‍പ്പസത്രം, ചിത്രപുരുഷന്‍, കന്യാദാനം, പാശുപതം, മാംസം, പട്ടങ്ങള്‍, സുജാത, മൂന്ന് അന്ധന്‍മാര്‍ ആനയെ വിവരിക്കുന്നു തുടങ്ങി നാല്പത്തഞ്ച് കഥകളാണ് കഥകള്‍ ഇ സന്തോഷ് കുമാര്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരാള്‍ എഴുതുന്നതിന് എന്തിനാണ്..? എത്രയോ എഴുത്തുകാര്‍ എഴുത്തുകാരാകാന്‍ മോഹിച്ചു, ജീവിച്ചു, എഴുതിയിട്ടും എഴുത്തുകാരനാകാതെ അംഗീകരിക്കപ്പെടാതെ മരിച്ചടിഞ്ഞ മനുഷ്യരുണ്ടല്ലോ… സന്തോഷ് കുമാറിന്റെ ആദ്യകഥാസമാഹാരമായ ഗാലപ്പഗോസിലെ ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം” എന്ന കഥയില്‍ ഇത്തരത്തില്‍ പരാജിതനായ ഒരു എഴുത്തുകാരന്റെ കഥാണ് പറയുന്നത്. എന്നാല്‍ വായനക്കാരന്റെ കണ്ണുതുറപ്പിതക്കുന്ന അനുഭവമാണ് “മൂന്ന് അന്ധന്‍മാര്‍ ആനയെ വിവരിക്കുന്നു” എന്ന കഥ.
പിന്നീടൊരിക്കലും ഞന്‍ ഉത്സവത്തിനുപോയിട്ടില്ല. ആന എന്ന് ഈ സുഹൃത്ത് സൂചിപ്പിച്ചപ്പോള്‍ ഭുമി കുലുങ്ങുന്ന ഒച്ച ഞാന്‍ വീണ്ടും കേട്ടു. എന്നെ സംബന്ധിച്ച് ആന അത്രയും വലിയൊരു ചലനമാണ് ചങ്ങാതീ. ഒറ്റയ്‌ക്കൊറ്റയ്ക്ക് അതിനു നിലനില്‍പ്പില്ല. ഓടിമാറുന്നവര്‍, പേടിപ്പിക്കുന്ന നിശബ്ദതയക്കുമേല്‍ ആ ഒച്ചകള്‍…ആരോരുമില്ലാതെ ഞാന്‍ വീണുകിടന്നപ്പോള്‍ എന്നെക്കടന്നുപോയ ഒരു ലോകത്തിന്റെ ആരവം..
ആന വിരണ്ട ഉത്സവപ്പറമ്പില്‍ കുട്ടിക്കാലത്ത് ഒറ്റയ്ക്കായിപ്പോയ അന്ധന്റെ ഓര്‍മ്മകള്‍ നമ്മള്‍ ഈ ചുരുങ്ങിയ വാക്കുകളില്‍ വായിച്ചറിയുന്നു. ഇങ്ങനെ മനുഷ്യാവസ്ഥയുടെ വ്യത്യസ്ഥതലങ്ങളിലെ അനുഭവങ്ങളെകുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് സന്തോഷ് കുമാറിന്റെ ഓരോ കഥയും.
കാലത്തിന്റെ ചെറുതല്ലാത്ത ദൂരം ഈ രചനകളെ അകന്നുമാറി നിന്നു കാണാന്‍ ഇപ്പോള്‍ തന്നെ പ്രേരിപ്പിക്കുന്നുവെന്നും ഒരോ കഥയും രൂപപ്പെട്ടതിന്റെ പശ്ചാത്തലവും എഴുതിയ സന്ദര്‍ഭവും ഒരു പക്ഷേ, സമയം പോലും ഇപ്പോവും തനിക്കോര്‍മ്മിക്കാമെന്നും, വരിയും വാക്കും തൊട്ടറിയാമെന്നും കഥാകൃത്ത് പറയുന്നു.