വനിതാ ദിനത്തെ വരവേല്‍ക്കാനായി 50 വനിതകള്‍ ചേര്‍ന്നു എഴുതി പ്രസിദ്ധീകരിച്ച അടുക്കളപുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഫ്രം ദ ഗ്രാനൈറ്റ് ടോപ്പെന്ന പേരിലുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് വ്യത്യസ്തമായ രീതിയില്‍ വനിതാദിനത്തെ വരവേറ്റത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങ് സ്വാമി സന്ദീപാനന്ദഗിരി ഉത്ഘാടനം ചെയ്തു.പുസ്തകപ്രകാശനം എം സ്വരാജ് എം എല്‍ എ വി ടി ബല്‍റാമിനു നല്‍കി നിര്‍വഹിച്ചു. ഡോ ടി എന്‍ സീമ അധ്യക്ഷയായി.അമല ഷഫീക് സ്വാഗതവും ബിന്ദു മനോജ് നന്ദിയും പറഞ്ഞു.
”ഈ പുസ്തകം പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാവേണ്ടതാണ്. കാരണം കുട്ടികള്‍ പഠിക്കേണ്ടത് ഇത്തരം പച്ചയായ ജീവിതങ്ങളാണ്. ഈ പുസ്തകം സ്ത്രീകളിലായിരിക്കില്ല മാറ്റം ഉണ്ടാക്കുക. മറിച്ച് പുരുഷനിലാണ് ഈ പുസ്തകം മാറ്റമുണ്ടാക്കുക. തന്റെ ചുറ്റും ജീവിക്കുന്ന സ്ത്രീകളെ തിരിച്ചറിയാന്‍ ഇതുപകരിക്കും. അനനവനെ തുറന്നു വക്കുന്ന പുസ്തമാണ് ഇത്..എന്ന് സന്ദീപാനന്ദഗിരിയും ”
‘ഇതിലെ കുറിപ്പുകളില്‍ സ്ത്രീയുടെ ജീവിതം ഉണ്ട്. എന്തോ വലിയ കാര്യം പറയുകയാണെന്ന നാട്യമില്ലാതെ ആത്മാര്‍ത്ഥമായി എഴുതിയ കുറിപ്പുകള്‍. ഇതിലുള്ള ആരുടേയും കുറിപ്പുകള്‍ ഒരാളുടെ അനുഭവമല്ല. അനേകം പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന അനുഭവങ്ങളാണ്. ഒട്ടും സംഭവമല്ലാത്ത സംഭവബഹുലമായ ഒരു ദിവസം എന്ന് ഇതില്‍ പലരും തങ്ങളുടെ ദിനചര്യ എഴുതിയിട്ടുണ്ട്. വലിയ വനിതാ വിമോചനമൊന്നും പച്ചയായി പറയാതെ മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളാണ് പലതും. ഇതിലെ ഓരോ കുറിപ്പുകളും ഓരോ പുസ്തകമാണ്. ഇതില്‍ എഴുതിയവര്‍ എഴുത്തു നിര്‍ത്താതെ തുടര്‍ന്നെഴുതണം എന്നാഗ്രഹിക്കുന്നു. അതിനുള്ള പരിശ്രമവും ഇച്ഛാശക്തിയും സ്വന്തം കണ്ടത്തൊനും ഇവര്‍ക്ക് കഴിയട്ടെ. ഇതില്‍ എഴുതിയ എല്ലാവരും എഴുത്തുകാരികളാവില്ലെങ്കിലും ചിലരെങ്കിലും എഴുത്തുകാരാവും എന്ന് സീമയും അഭിപ്രായപ്പെട്ടു.
” ആണത്തം എന്നത് അഭിമാനകരവും ആവേശകരവും സ്ത്രീത്വം മോശമാണെന്ന് കരുതുകയും ചെയ്യുന്ന പുരുഷാധിപത്യ വ്യഗ്രതയുള്ള ലോകത്ത് ജീവിച്ചിട്ടും സ്ത്രീകളുടെ കൂട്ടായ്മയില്‍ ഉണ്ടായ ഈ പുസ്തകത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അവനവന്റെ കാഴ്ച ഓരോരുത്തര്‍ക്കുമുണ്ട്. എവിടേയും അടയാളപ്പെടുത്താതെ പോകുന്ന ജീവിതത്തേയും ലോകത്തേയും അടയാളപ്പെടുത്താന്‍ നടത്തിയ ഒരു ശ്രമമായി ഈ പുസ്തകത്തെ കാണുന്നു. അടയാളപ്പെടുത്താതെ പോകുമായിരുന്ന കുറേ ജീവിതങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ” സ്വരാജ് പറഞ്ഞു.
ലോകമെമ്പാടുമുള്ള വനിതകള്‍ അംഗങ്ങളായ കൂട്ടായ്മയിലെ അംഗങ്ങളാണ് പുസ്തകത്തിനു പിന്നില്‍. സുനിത ദേവദാസ് എഡിറ്റ് ചെയ്ത പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പരസ്പരം പരിചയപ്പെട്ടവരാണ് ഇവര്‍. കഴിഞ്ഞ വനിതാദിനത്തിലാണ് കൂട്ടായ്മ രൂപം കൊണ്ടത്. അതിന്റെ ഒന്നാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.
സ്ത്രീ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍, സമകാലീന രാഷ്ട്രീയം, ജീവിതത്തിലുംവ്യക്തിസ്വാതന്ത്ര്യത്തിലും കടന്നു കയറുന്ന മതം, സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ പ്രസക്തി, വരുംകാലത്തിന്റെ രാഷ്ട്രീയത്തിനും ആവശ്യകതക്കുംഒപ്പം തോളോടു തോള്‍ ചേര്‍ന്നു നടക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി വര്‍ത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുംവരുംകാലത്തിന്റെ ആവശ്യങ്ങളും സ്വപ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ഇടമായി മാറിയിട്ടുണ്ടെന്നു കൂട്ടായ്മ അവകാശപ്പെടുന്നു.
സ്ത്രീ ജീവിതത്തിന്റെ നേര്‍കാഴ്ചയായി പെണ്ണിന്റെ ചൂടും ചൂരും ഉപ്പും വിയര്‍പ്പുമുള്ള ഈ പുസ്തകം നിങ്ങള്‍സ്വീകരിക്കു’ എന്ന അഭ്യര്‍ത്ഥനയുമായാണ് പുസ്തകം വായനക്കാരിലേക്കെത്തുന്നത്.