ജോലി തേടുന്നതിലും ജോലിയിൽ മികവ് പുലർത്തുന്നതിലും പരീക്ഷകളിൽ മാർക്ക് ശതമാനം മാത്രമാവില്ല തുണയാവുന്നത്. പ്രസന്നതയും വിനയവും സഹകരണശീലവുമടക്കം അന്യരെ മാനിക്കുന്ന പെരുമാറ്റ രീതികൾക്കും വരെ വൻ പ്രാധാന്യമുണ്ട്. സേവനമേഖലകളിലെ തൊഴിലുകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതിന് പ്രസക്തിയേറെയാണ്. ഏറ്റവും ദീർഘമായ യാത്രയുടെ ദൂരം പതിനെട്ട് ഇഞ്ചാണെന്ന് പറയാറുണ്ട്. തലമുതൽ ഹൃദയം വരെയുള്ള ദൂരം. മധുരക്കരിമ്പിൻ നീരു പോലെ മാധുര്യമുള്ള യുക്തിയും ബുദ്ധിയും നാമെല്ലാവരിലുമുണ്ട്. പക്ഷെ ആ മാധുര്യത്തെ തിരിച്ചറിയാനോ അതിന്റെ മാറ്റ് കൂട്ടുവാനോ നമ്മളിൽ പലർക്കും നേരമോ ക്ഷമയോ ഇല്ലെന്നതാണ് സത്യം. ബി.എസ്. വാരിയര്‍ രചിച്ച ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍ എന്ന പുസ്തകം നാമെല്ലാവരിലുമുള്ള യുക്തിയും ബുദ്ധിയും തിരിച്ചറിയാനുതകുന്നതാണ്.
ചിന്തയിൽ നിന്ന് പ്രവൃത്തിയും പ്രവൃത്തിയിൽ നിന്ന് ശീലവും , ശീലത്തിൽ നിന്ന് സ്വഭാവവും രൂപപ്പെടുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പഴയതും പുതിയതുമായ ആശയങ്ങള്‍ , പുരാണം മുതല്‍ ആധുനിക മാനേജ്‌മെന്റ് വരെയുള്ള മേഖലകള്‍ , സംസ്‌കൃതത്തിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മികച്ച കൃതികള്‍ , കല്പിതകഥകള്‍ , കവിതകള്‍ , പഴമൊഴികള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്ന് സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ പ്രയോജനകരമായ കാര്യങ്ങള്‍ കണ്ടെത്തി രസകരമായി വായിച്ചുപോകാവുന്ന വിധത്തില്‍ തയ്യാറാക്കിയ പുസ്തകമാണ് ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍ . നിത്യവും ഒന്ന് എന്ന ക്രമത്തില്‍ വായിക്കാന്‍ ഉതകുന്ന രീതിയിലാണ് ബി.എസ് വാരിയര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
നമ്മുടെ മനോഭാവത്തിലും സമീപനത്തിലുമുള്ള പോരായ്മകൾ സ്വയം തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കുന്നില്ല. ആദർശവ്യക്തിത്വങ്ങളുടെ അനുഭവ കഥകളും വിവേകശാലികളുടെ വാക്കുകളും ,അവരുടെ ന്യൂനതകളും , കോട്ടങ്ങളും ചൂണ്ടിക്കാട്ടി സ്വയം ഒരു വിശകലനത്തിന് നമ്മെ സഹായിക്കുന്നു ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍.
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ബി.എസ് വാരിയരുടെ പ്രചോദനാത്മകമായ പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ കൃതിയും. ആവേശം കൊള്ളിക്കുന്ന കഥാസമാനമായ കുറിപ്പുകള്‍ ആത്മവിശ്വാസത്തോടെ വിജയത്തിന്റെ പടവുകള്‍ കയറിപ്പോകാന്‍ വായനക്കാര്‍ക്ക് തുണയാകുമെന്നതില്‍ സംശയമില്ല. ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യകൃതിയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമായ ഈ പുസ്തകം. ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍ എന്ന പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ആ ജോലി എങ്ങനെ നേടാം, ഉള്‍ക്കാഴ്ച വിജയത്തിന്, ജീവിതവിജയവും ആത്മവിശ്വാസവും, പഠിച്ചു മിടുക്കരാകാന്‍ , വിജയത്തിന്റെ പടവുകള്‍ , വിജയത്തിലേയ്ക്കൊരു താക്കോല്‍ , സ്റ്റെപ്‌സ് ടു യുവര്‍ ഡ്രീം കരിയര്‍ , ലേണ്‍ ഫാസ്റ്റര്‍ ലേണ്‍ ബെറ്റര്‍ തുടങ്ങിയവയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബി.എസ് വാരിയരുടെ മറ്റു കൃതികള്‍
ബി എസ് വാര്യരുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച പ്രചോദനാത്മകമായ മറ്റു പുസ്തകങ്ങൾ