മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി പദ്മരാജന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരുടേതുപോലെ ആധുനികതയുടെ കൈമുദ്രകള്‍ പതിഞ്ഞ രചനകളാണ് സേതുവിന്റേതും. അക്കാദമിക് പണ്ഡിതരുടെയും സാധാരണ വായനക്കാരുടെയും ആസ്വാദനത്തിന് ഒരുപോലെ വിധേയമാകുന്നവയാണ് സേതുവിന്റെ രചനകള്‍. ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത. ആ പ്രത്യേകത തന്നെയാണ് 2006 ല്‍ പുറത്തിറക്കിയ ആറാമത്തെ പെണ്‍കുട്ടി എന്ന നോവലിനുമുള്ളത്.
കാലികപ്രസക്തിയേറെയുള്ള നോവലാണ് ആറാമത്തെ പെണ്‍കുട്ടി. ഇന്ന് സത്രീസമൂഹത്തിനുനേരെയുണ്ടാകുന്ന ആക്രമണങ്ങളും ചതിക്കുഴികളും എല്ലാം ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്റെ ആറാമത്തെ പൂവായി കടന്നുവന്ന കാദംബരിയുടെ കഥയാണ് ആറാമത്തെ പെണ്‍കുട്ടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഒപ്പം ശങ്കരരാമന്റേയും ഗോമതിയുടേയും.
തന്നെ പ്രസവിക്കാത്ത അമ്മയുടെ മടിയില്‍ കിടന്നു വളര്‍ന്ന കാദംബരി മക്കളില്ലാത്ത ശങ്കരരാമന്റേയും ഗോമതിയുടേയും ജീവിതത്തില്‍ സൗരഭ്യം വിതറി. തന്റെ ഭാര്യ പലവട്ടം ചാപിള്ളകളെ പ്രസവിക്കുന്നതു കണ്ട ശങ്കരന് അവസാനം ഉത്സവ പറമ്പില്‍ നിന്നും കിട്ടിയതായിരുന്നു അവളെ. അവള്‍ക്ക് അയാള്‍ കാദംബരിയെന്ന പേരും നല്‍കി. നല്ല വിദ്യാഭ്യാസവും അവള്‍ക്ക് വേണ്ടതെല്ലാം അവര്‍ നല്‍കുന്നു. എന്നാല്‍ സ്‌കൂളില്‍ ഒന്നാമതായി പഠിച്ചുവന്ന അവള്‍ക്ക് പക്ഷേ ഫൈനല്‍ പരീക്ഷയ്ക്ക് മൂന്നാംസ്ഥാനം മാത്രമണ് കിട്ടുന്നത്. ഒടുവില്‍ വളര്‍ന്നു വലുതായപ്പോള്‍ മറ്റേതോ പൂക്കാരന്റെ ചായ്പ്പിലെ ആറാമത്തെ പൂവായി അവള്‍ പോകുന്നു. അവള്‍ക്ക് എന്തുസംഭവിച്ചു എന്നറിയാതെ തളര്‍ന്നിരിക്കുന്ന ഭാര്യയെ ആശ്വസിപ്പിക്കാന്‍ അറിയാവുന്ന വിലാസങ്ങളിലേക്കെല്ലാം അവള്‍ക്കായ് കത്തുകള്‍ എഴുതുന്ന ശങ്കരരാമനെന്ന അച്ഛനില്‍ നിന്നുമാണ് ‘ആറാമത്തെ പെണ്‍കുട്ടി‘യുടെ കഥ ആരംഭിക്കുന്നത്. ഒടുവില്‍ .., ദൂരെ ഏതോ ഒരു നാട്ടില്‍നിന്നും മേല്‍വിലാസം വയ്ക്കാത്ത് ഒരു കത്ത് ശങ്കരരമാനെ തേടിയെത്തി.
അപ്പാ ഞാന്‍ കാദംബരി. വീണ്ടും ഒരിക്കല്‍ കൂടി കാദംബരി……..ദൂരെയൊരുദേശത്ത് മറ്റൊരു പൂക്കടക്കാരന്റെ ചായപ്പില്‍ ആറാമത്തെ പെണ്‍കുട്ടിയായി..ഞാനിവിടെ. ആറാമത്തെ പെണ്‍കുട്ടി. ആറാമത്തെ കാട്ടുപൂവ്..
എന്തോ ഇപ്പോള്‍വലിയ മനസ്സമാധാനം തോന്നുന്നു. ഒരു ആറാമത്തെ പെണ്‍കുട്ടിയാവാന്‍ ഇപ്പോഴെങ്കിലും സാധിച്ചല്ലോ.പക്ഷേ, ഇവിടെ എത്തിപ്പെടാന്‍ ഇത്രയും നാളുകള്‍ ഇത്രയും ദൂരം, അതാണെന്നെ അലട്ടുന്നത്….ഇവിടെയുമുണ്ട് ഒരു മാമനും മാമിയും . ചായിപ്പിലെ പെണ്‍കുട്ടികള്‍ക്ക് അവരും ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് ഓരോതരം പൂക്കളുടെ പേരുകള്‍. കണ്ണും കാതും തിരിയാത്തവര്‍, കൈകാലുകള്‍ തളര്‍ന്നുപോയവര്‍, ബുദ്ധിവേണ്ടത്ര ഉറയ്ക്കാത്തവര്‍. ഏതോ അനാഥാലയത്തില്‍നിന്ന് വെളുപ്പിനേ അവരേ കുതിരവണ്ടിയില്‍ കൊണ്ടുവന്നാക്കുന്നു..അവരുടെ ഇടയിലിരിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേണ്ടതിലേറെ ഉണ്ടല്ലോ എന്ന ദുരഭിമാനം എനിക്കൊരിക്കലും തോന്നാറില്ല. അവരെക്കാള്‍ കൂടുതല്‍ പോരായ്മകളുമായി അക്കൂട്ടത്തില്‍ ഞാന്‍..
താന്‍ എത്തപ്പെട്ട സ്ഥലത്തെക്കുറിച്ച് സൂചിപ്പിക്കാതെ നീണ്ടുപോകുന്ന കത്ത്. ഒടുവില്‍ അപ്പാവേയും അമ്മയെയും ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും നിങ്ങളിലൂടെ എനിക്ക് സ്‌നേഹം തന്ന എല്ലാവരെയും ഞാന്‍ മറക്കുമെന്നും, കുറേ നാള്‍ കഴിഞ്ഞ് ഇവിടുത്തെയും അവിടുത്തെയും പരിചയംവെച്ച് ഒരുപൂക്കട തുടങ്ങുമെന്നും പറഞ്ഞ് കാദംബരി കത്ത് അവസാനിപ്പിക്കുന്നു…!
കാദംബരിയുടെ ബാല്യകൗമാരങ്ങളിലൂടെ കടന്നുപോകുന്ന നോവലില്‍ ഇന്ന് ശിഥിലമാകുന്ന ചില ബന്ധങ്ങളുടെ കഥകൂടിയാണ് നോവലിസ്റ്റ് പറഞ്ഞുവയ്ക്കുന്നത്. നൃത്തവും പാട്ടും പഠിപ്പിക്കാന്‍ വരുന്ന അധ്യാപകന്‍മാര്‍ മുതല്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ വരെ കാദംബരിയെ ‘വിദ്യാര്‍ത്ഥി’യെന്നതിനെക്കാള്‍ അവളിലെ ‘സ്ത്രീ’ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇങ്ങനെ നവലോകത്തില്‍ ശിഥിലമാകുന്ന അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തെക്കൂടി സേതു ആറാമത്തെ പെണ്‍കുട്ടിയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതുകാണാം.
ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ഈ നോവലിന്റെ ആറാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.