സാമൂഹിക പ്രശ്നങ്ങൾക്ക് നേരെ പ്രതികരിക്കുകയും സമൂഹമനഃസാക്ഷിയെ ഉണർത്തുകയും ചെയ്യുന്നവയാണ് മുരുകൻ കാട്ടാക്കടയുടെ കവിതകൾ. കവിത ഉള്ളിൽ ഒളിച്ചു വയ്ക്കാനുള്ളതല്ല. വിളിച്ചുപറയാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന കവിയാണ് മുരുകൻ കാട്ടാക്കട. വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കും സാമൂഹിക വൈകൃതങ്ങൾക്കുമിടയിൽ മുരുകൻ കാട്ടാക്കട രചിച്ച സൂര്യകാന്തിനോവ് എന്ന കവിതയ്ക്ക് പ്രസക്തിയേറുകയാണ്. തീക്ഷ്ണവും ഗ്രാഹ്യവുമാണ് കാട്ടാക്കടയുടെ വരികൾ. രക്തസാക്ഷി , കണ്ണട , ഓർമ്മമഴക്കാറ്റ് , തിരികെ യാത്ര ,നെല്ലിക്ക എന്നീ കവിതകൾ മലയാളികൾ നെഞ്ചേറ്റിയവയാണ്
പെൺമലയാളം എന്നാണ് കേരളത്തെ അറിയപ്പെടുന്നത്. ആ കേരളത്തിൽ ഇന്ന് സ്ത്രീ ആരാണ്? എന്താണ്? അവള്‍ അമ്മയല്ല, മകളല്ല, കൊച്ചുമകളല്ല, സഹോദരി അല്ല, മരുമകളല്ല. പിന്നെയോ? വെറും ശരീരം, ചുരുക്കി പറഞ്ഞാല്‍ ഒരു ലൈംഗികാവയവം മാത്രം ,അവ ബലാത്സംഗം ചെയ്ത് വലിച്ചെറിയപ്പെടുകയാണ്. മുരുകൻ കാട്ടാക്കടയുടെ കവിതകളിലൂടെ കടന്നുപോകുമ്പോൾ കേരളത്തിലെ ഇന്നത്തെ പ്രക്ഷുബ്‌ദാവസ്ഥ മുന്നിൽ കണ്ടു കൊണ്ട് എഴുതിയ വരികളാണോ അവ എന്ന് തോന്നിപ്പോകും.
മുരുകൻ കാട്ടാക്കടയുടെ കവിതകൾ എന്ന പുസ്തകം ഡി സി ബുക്സ് 2010 ലാണ് പ്രസിദ്ധീകരിച്ചത്. വരികളിലെ വാളിന്റെ മൂർച്ച കവിതാ ആസ്വാദകർക്ക് ഹരം പകരുന്നവയാണ്. ആലാപനത്തിലെ ഗാംഭീര്യവും പ്രമേയ സ്വീകരണത്തിൽ നിലനിർത്തുന്ന വേറിട്ട വഴികളും മുരുകൻ കാട്ടാക്കടയുടെ കവിതകൾ ശ്രദ്ധേയമാകാൻ കാരണമായി. സൂര്യകാന്തിനോവ് എന്ന കാട്ടാക്കടയുടെ കവിത പെണ്ണായി പിറന്നതിന്റെ ശാപവും പേറിയുള്ള യാത്രയാണ്.
മുരുകൻ കാട്ടാക്കടയുടെ സൂര്യകാന്തിനോവ് എന്ന കവിത
പാതി വിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ
മോഹങ്ങള്‍ വാടി കരിഞ്ഞുപോയി
ഏതോ കരങ്ങളില്‍ ഞെങ്ങി ഞെരിഞ്ഞെന്റെ
ഓരോ ദലവും കൊഴിഞ്ഞുപോയി..
സൂര്യകാന്തിപൂവ് ഞാനെന്നുമെന്റയി
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷതുംബികള്‍ പാറിടുന്നു..
കരിന്തേളുകള്‍ മുത്തി മുത്തി കുടിക്കുവാന്‍
വെറുതെ ജനിച്ചതോ പെണ്‍ മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായി
കരയാന്‍ ജനിച്ചതോ പെണ്‍ മൊട്ടുകള്‍
പെണ്ണു പിഴച്ചതാണ് ഇല്ലവള്‍ക്കില്ല
മാനഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെപ്പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ ….
ഇരകള്‍ക്കു പിറകെ കുതിക്കുന്ന പട്ടികള്‍
പതിവായി കുരച്ചു പേയാടുന്ന സന്ധ്യകള്‍
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും, പിന്നെ
ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും, മാധ്യമ
തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
പതയുന്ന പരിഹാസ ലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരുകണ്ടു
പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ
മനസിന്റെ ഉള്ളില്‍ കിനാക്കളില്ലോന്നുമില്ലാ
ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാതനിന്നോന്നതങ്ങള്‍ തന്‍ കാന്തികള്‍
അമ്മയില്ല പെങ്ങളില്ല പിറക്കുന്ന
പെന്മക്കളില്ലയീ കെട്ടകാലങ്ങളില്‍
ഉള്ളതോ കൊത്തി കടിച്ചുകീറാനുള്ള
പച്ചമാംസത്തുണി കെട്ടുകള്‍ ചന്തകള്‍
പന്നിയെപ്പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ ….
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ടമാകാതെ അറം വന്നു പോകട്ടെ
അന്ധ-കാമാന്ധരി കശ്മലന്മാര്‍…
ഇത് വെറും നിസ്സ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഭലിക്കാനായി പാട്ടുകെട്ടുന്നു ഞാന്‍…
അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്..
അരുതെന്നവള്‍ കടാക്ഷം കൊണ്ടുചൊല്ലിയാല്‍
എരിയാത്തതായെത് പുരമുണ്ട് ധരണിയില്‍..
അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്..
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്
നഷ്ടങ്ങളോന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസ്സാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായി കവിതയുണ്ട്…
ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട് ,
ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി ,
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു
നിറയൂ പ്രപഞ്ചസാന്നിധ്യമായി ശക്തിയായ് …..
ഏറ്റവുമധികം സാക്ഷരത ഉണ്ടെന്ന് കേരളം വീമ്പടിക്കുമ്പോഴും അത് പുരുഷന്മാരുടെ സന്മാര്‍ഗബോധമോ, സാമൂഹ്യബോധമോ ഉണര്‍ത്തുന്നില്ല എന്നാണ് കൂടിവരുന്ന സ്ത്രീ പീഡനങ്ങള്‍ കാണിക്കുന്നത്. മനുഷ്യന്റെ അന്ധമായ വിശ്വാസങ്ങളും സദാചാര ബോധവും സമൂഹത്തെ കൂടുതൽ വികലമാക്കി. എറണാകുളത്തുണ്ടായ ശിവസേന ആക്രമണവും , തുടന്ന് നടന്ന ചുംബന സമരവും ഇതിന് പരിഹാരമാകുമോ ? ഇതുകൊണ്ടെല്ലാം സമൂഹമനഃസാക്ഷിയെ ഉദ്ധരിക്കാന്‍ സാധിക്കുമോ ? ഇതുവരെ അത്തരത്തിലുള്ള യാതൊരു ശ്രമവും കേരളത്തില്‍ നടക്കുന്നില്ല എന്നതുകൊണ്ടുതന്നെയാണ് ബാലപീഡനവും ലൈംഗിക പീഡനവും മനുഷ്യക്കടത്തും കേരളത്തില്‍ വ്യാപകമാകുന്നത്. ഇത്തരം സാമൂഹിക വൈകൃതങ്ങൾക്കെതിരെ ജനങ്ങൾ ഉണരണം. എന്തുവിലകൊടുത്തും ഇതു തടഞ്ഞേ ഒക്കൂ. ശക്തമായ നിയമനിർമാണം തന്നെ ഈ വിഷയത്തിലുണ്ടാകണം.