സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കൊണ്ടിരുക്കുന്ന ‘സഖാവ്‘ എന്ന കവിതയുടെ രചയിതാവാണ് സാം മാത്യു എ.ഡി . കോട്ടയം സിഎംഎസ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന കാലത്താണ് സാം ഈ കവിത എഴുതിയത്. മരങ്ങള്‍ ഒരുപാടുള്ള കോളജ്ക്യാംപസിലെ ഒരു പൂമരത്തിന് അവിടുത്തെ വിദ്യാര്‍ത്ഥിയായ ഒരു സഖാവിനോട് തോന്നുന്ന പ്രണയം പശ്ചാത്തലമാക്കി രചിച്ച കവിത അന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഈ അടുത്തകാലത്ത് തലശ്ശേരി ബ്രണ്ണന്‍ കോളേജ് വൈസ് ചെയര്‍പേഴ്സണ്‍ ആര്യദയാലാല് പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ കവിത ഏറെശ്രദ്ധിക്കപ്പെട്ടത്. അതോടെ സാം മാത്യു എന്ന പുതിയകാലത്തിന്റെ എഴുത്തുകാരനെയും വായനാലോകം അറിഞ്ഞുതുടങ്ങി.
സോഷ്യല്‍മീഡിയയില്‍ തരംഗമായിമാറിയ സഖാവ് എന്ന കവിതയുള്‍പ്പെടെ സാംമാത്യുവിന്റെ ശ്രദ്ധേയങ്ങളായ മറ്റ് കവിതകളും ഉള്‍പ്പെടുത്തി ഡി സി ബു്ക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് സഖാവ്. പഠനകാലത്തും അല്ലാത്തപ്പോഴുമൊക്കയായി സാം രചിച്ച ചെറുതും വലുതുമായ കവിതകളുടെ സമാഹമാണ് സഖാവ്. സാമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തുറക്കാത്ത വാതിലുകള്ക്കുനേരെ കല്ലെറിഞ്ഞതിന്റെയും കേള്‍ക്കാത്തവര്‍ക്ക് കുറുകെ കമ്പുനാട്ടിയതിന്റെയും പറയാതെ കൊണ്ടു നടന്നത് കരളില്‍ മുളച്ചതിന്റെയും രേഖകളാണ് ഇതിലെ കവിതകള്‍.
ഒഴിവുകാലം, ഇരിപ്പിടം, വിദൂരം, പടര്‍പ്പ്, കിളിര്‍പ്പുകള്‍, കണ്ടുകെട്ടല്‍, പുതപ്പ്, മിച്ചം, തോട്ടം, ഛര്‍ദ്ദില്‍, പ്രണയം, മടക്കം, നുണ, സ്മാരകങ്ങള്‍ തുടങ്ങി നൂറോളം കവിതകളാണ് സഖാവ് എന്ന സമാഹാരത്തിലുള്ളത്. ചെറുതെങ്കിലും വാക്കിന്റെ അര്‍ത്ഥംകൊണ്ട് വലുതായ വ്യത്യസ്തമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇതിലെ കവിതകള്‍.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി ഡി സി ബുക്സ് മീഡിയാ ലാബ് ‘സഖാവ്‘ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും തയ്യാറാക്കിയിരുന്നു. രണ്ട് ദിവസംകൊണ്ട് 62,000 ല്‍പരം ആളുകളാണ് ഈ കവിതയുടെ ദൃശ്യാവിഷ്കാരം കണ്ടുകഴിഞ്ഞത്.
കോട്ടയം വടവൂതൂര് സ്വദേശിയായ സാം മാത്യു സിഎംഎസ് കോളജില്‍ നിന്ന് ബിരുദവും എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. യൂണിവേഴ്സിറ്റി തലത്തില്‍ കവിതയ്ക്ക് അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
The post സഖാവ്-നൂറോളം കവിതകളുടെ സമാഹാരം appeared first on DC Books.