വി.ജെ ജയിംസ് എന്ന പേര് ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ കൃതി പുറപ്പാടിന്റെ പുസ്തകം ഡി സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിക്കൊണ്ടാണ് പുറത്തെത്തിയത്. പിന്നീടിങ്ങോട്ട് മലയാള നോവല്‍ സാഹിത്യത്തിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം.
മലയാള നോവലിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഒരു പ്രതിഭാശാലിയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ അഭിമാനത്തോടെയാണ് 1999ല്‍ ഡി സി ബുക്‌സ് രജതജൂബിലി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ വി.ജെ ജയിംസിന്റെ പുറപ്പാടിന്റെ പുസ്തകം എന്ന നോവലിന് പ്രശസ്തിപത്രം നല്‍കിയത്. ആ തിരഞ്ഞെടുപ്പിനു തെറ്റു പറ്റിയിട്ടില്ല എന്ന് തെളിയിച്ചുകൊണ്ടാണ് വി.ജെ ജയിംസ് തന്റെ എഴുത്തിന്റെ സപര്യ തുടരുന്നത്.
പച്ചയായ മനുഷ്യജീവിതത്തെ ലാളിത്യത്തോടെ, എന്നാല്‍ തികഞ്ഞ വികാരതീവ്രതയോടെ ആവിഷ്‌കരിച്ച ആ ശൈലിയായിരുന്നു അന്ന് വിധികര്‍ത്താക്കളെ സ്വാധീനിച്ചത്. പിന്നീട് ഓരോ രചനയിലേക്കു കടക്കുമ്പോഴും കൈത്തഴക്കം സിദ്ധീച്ച, പ്രമേയ വൈവിധ്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്ന ഒരു എഴുത്തുകാരനെ നമുക്കു കാണാന്‍ കഴിഞ്ഞു. അത് ചോരശാസ്ത്രമായിരുന്നാലും ദത്താപഹാരമായിരുന്നാലും ലെയ്ക്ക ആയിരുന്നാലും ഓരോന്നിലും ഈ വൈവിധ്യം വളരുന്നതു വായനക്കാര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നു.
ഒരു കാലത്ത് കേരളത്തിലെ ഏതൊരു ഗ്രാമവുംപോലെ ഹരിതവും ജൈവസമ്പല്‍ സമൃദ്ധവുമായ പോട്ടത്തുരുത്ത് എന്ന ഗ്രാമത്തിന്റെ കഥയാണ് ആദ്യ നോവലിലൂടെ പറഞ്ഞത്. നോവല്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളിലൊരാളായിരുന്ന ഡോ. എം. തോമസ് മാത്യുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാല്‍ ‘ഏറെ നേടിയവനും കുറച്ചു നേടിയവനും സമം സമം എന്ന പ്രത്യക്ഷ വൈരുദ്ധ്യത്തെ അനുഭവസാക്ഷ്യം കൊണ്ട് പരിഹരിക്കുന്ന കലാവിദ്യയുടെ സ്വച്ഛന്ദപ്രകാശനമായി ഈ കൃതി വളരുന്നു. ചോദ്യങ്ങള്‍ തന്നെ ഉത്തരങ്ങളായും ഉത്തരങ്ങള്‍ ചോദ്യങ്ങളായും മാറുന്ന ആഴമുള്ള സത്യത്തിന്റെ തിടംകൊള്ളലാണ് പുറപ്പാടിന്റെ പുസ്തകം.’
വി.ജെ ജയിംസിന്റെ രണ്ടാമത്തെ നോവലായ ചോരശാസ്ത്രമാകട്ടെ പ്രത്യക്ഷത്തില്‍ ഏറ്റം ലളിതമെന്നു തോന്നുന്ന, തമാശകള്‍ നിറഞ്ഞതെന്നു പ്രതീക്ഷിക്കാവുന്ന ഒരു പ്രമേയത്തിന്റെ ഗൗരവപൂര്‍വമായ ആവിഷ്‌കരണമായിരുന്നു. നോട്ടം കൊണ്ടു പൂട്ടു തുറക്കുന്ന വിദ്യ ഒരു കള്ളന്‍ സ്വായത്തമാക്കുക. അവന്‍ ലോകത്തെ നിധിജ്ഞാനങ്ങള്‍ക്കായി അലയുക. ഒടുവില്‍ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ കള്ളന്‍ തിരിഞ്ഞു മടങ്ങുന്നിടത്താണ് വി. ജെ.ജെയിംസ് വ്യത്യസ്തനായിത്തീര്‍ന്നത്.
ജനനത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ജീവിതമെന്ന അത്ഭുതത്തിന്റെ മറ്റൊരു തലത്തിലുള്ള വായനയാണ് പിന്നീടു വന്ന നോവല്‍ ദത്താപഹാരം. പ്രകൃതിയുടെ സൂത്രരൂപം തിരിച്ചറിയാനുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹത്തെയാണ് ഇതില്‍ പ്രതീകവത്കരിച്ചിരിക്കുന്നത്.
ശാസ്ത്രത്തിന്റെ പശ്ചാത്തലമൊരുക്കിയ ഭാവനാലോകത്തു വിടര്‍ന്നതാണ് നാലാമത്തെ നോവലായ ലെയ്ക്ക. ബഹിരാകാശവാഹനത്തില്‍ അയച്ച ലെയ്ക്ക എന്ന നായയുടെ കഥ അതിന്റെ ഉടമസ്ഥന്‍ കൂടിയായ ഗവേഷകന്‍ ഒരു ബാലികയുമായി പങ്കുവയ്ക്കുകയാണ് ഇവിടെ. ശാസ്ത്രത്തിന്റെയോ ഗവേഷണത്തിന്റെയോ വിവരങ്ങളല്ല നോവലിനു വിഷയമാകുന്നത്. ബഹിരാകാശത്തേക്ക് അയക്കുന്ന വാഹനം തിരികെ കൊണ്ടുവരാന്‍ തക്ക വളര്‍ച്ച ഹമശസമകൈവരിക്കാത്ത ഒരു കാലത്ത് ആ നായയുടെ ഉടമസ്ഥന്‍ തന്റെ ഉള്ളില്‍ അനുഭവിക്കുന്ന തീവ്രമായ വേദനയാണ് ആസ്വാദകസമക്ഷം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഡി സി സാഹിത്യോത്സവത്തില്‍ തന്നെ പ്രസിദ്ധീകരിച്ച നോവലാണ് നിരീശ്വരന്‍. 2014ല്‍ പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ നോവല്‍ പുരസ്‌കാരം, തോപ്പില്‍ രവി പുരസ്‌കാരം എന്നിവനേടിയ നോവലാണ് നിരീശ്വരന്‍. മലയാണ്‍മയുടെ മണമുള്ള, തികച്ചും ഗ്രാമ്യമായൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സൃഷ്ടിച്ചവര്‍ക്കുപോലും സംഹരിക്കാനാവാത്ത വിധം ശക്തനായ നിരീശ്വരന്റെ കഥ പറയുകയാണ് വി.ജെ.ജയിംസ് ഈ നോവലിലൂടെ ചെയ്തത്.
രമ്യമായ ഭാഷയില്‍ ഹൃദയസ്പര്‍ശിയായി വ്യത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ വി.ജെ.ജയിംസിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കഥാസമാഹാരമാണ് പ്രണയോപനിഷത്ത്. ഭൂമിയിലെ സകലമാന ദമ്പതികളോടും പ്രണയത്തിലെ കൈക്കുറ്റപ്പാടുകള്‍ തിരുത്തി സത്യപ്രണയത്തെ വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്ത പ്രണയോപനിഷത്ത് എന്ന കഥയുള്‍പ്പെട മികച്ച വായനാനുഭവം സൃഷ്ടിക്കുന്ന ഒമ്പത് കഥകളുടെ ഈ സമാഹാരമാണിത്.
ഏറ്റവും മികച്ച പ്രണയകഥകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയോപനിഷത്തിന്റെ അഭ്രാവിഷ്‌കാരവും തയ്യാറാക്കുന്നുണ്ട്.വി.ജെ.ജയിംസിന്റെ തൂലികയില്‍ വിരിഞ്ഞ അക്ഷരങ്ങള്‍ക്ക് ദൃശ്യഭാഷ്യം ചമയ്ക്കുന്നത് വെള്ളിമൂങ്ങ എന്ന ആദ്യചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകന്‍ ജിബു ജേക്കബാണ്. മോഹന്‍ലാലും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
The post വി.ജെ ജയിംസിന്റെ രചനാവൈഭവം appeared first on DC Books.