“ഗീവർഗീസ് കാലുയർത്തി അടിച്ചു. വിരിനെഞ്ചിൽ പന്തെടുത്ത് തലകൊണ്ടടിച്ചു. അടുത്ത അടി കാലുപൊക്കിയായിരുന്നു. പിന്നെയും പിന്നെയും…. പിന്നെ സ്ലോമോഷനിൽ ആ അടി ആവർത്തിച്ചു. നിലത്തുവീണ ജബ്ബാറിന്റെ മൂക്കിൽ നിന്ന് ചോര പടർന്നു. വലിയ അക്ഷരത്തിൽ ഓക്ലഹാമ എന്നെഴുതിയ ബനിയൻ കൂട്ടിപ്പിടിച്ച് എഴുന്നേല്പിച്ച് ഗീവർഗീസച്ചൻ പറഞ്ഞു: “നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കിൽ നിന്നെ ദില്ലിയിൽ കണ്ടുപോകരുത്.” ”
എൻ എസ് മാധവൻ എന്ന കലാകാരൻ മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണിൽ നിന്നുദിച്ചുയരുന്ന വാക്കുകൾകൊണ്ട് ഈ കഥാകാരൻ നമ്മുടെ ഭാഷയിൽ പുതിയൊരു മിഥോളജി സൃഷ്ടിച്ചു ഉറക്കത്തിന്റെ ഉണർവ്വിൽ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണർത്തുകയും സ്ഥലകാലങ്ങളെ ഉടച്ചു വാർക്കുകയും ചെയ്യുന്ന മാന്ത്രിക വിദ്യയാണത്. അനുവാചകരെ വശീകരിക്കുന്ന വിശുദ്ധീകരിക്കുന്ന ബോധ്യപ്പെടുത്തുന്ന ഈ ശില്പ ചാതുരി നമ്മുടെ സാഹിത്യത്തിന്റെ ഐശ്വര്യത്തെ വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാ ലോകത്തിലെ മഹാ സൗന്ദര്യമാണ് ഹിഗ്വിറ്റ.
തൊണ്ണൂറുകളുടെ ആദ്യപാതിയില്‍ എൻ എസ് മാധവൻ എഴുതിയ ‘ഹിഗ്വിറ്റ’ മാധവന്‍െറ ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുകഥയാണ്. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസച്ചനാണ് കഥയിലെ കേന്ദ്ര കഥാപാത്രം.
ഒരു കായികാദ്ധ്യാപകന്റെ മകനായ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഫുട്ബോളിൽ ഏറെ തിളങ്ങി. പിതാവിന്റെ മരണത്തെ തുടർന്ന് കളി നിർത്തിയെങ്കിലും പൗരോഹിത്യത്തിലേക്കുള്ള വിളി സ്വീകരിച്ചുകഴിഞ്ഞും ഗീവർഗീസ് ആ കളിയിലുള്ള താത്പര്യം നിലനിർത്തി. ടെലിവിഷനിൽ ലോകകപ്പുമത്സരം കാണുന്നതും കളിക്കാരുടെ ശൈലിയെ അപഗ്രഥിക്കുന്നതും അദ്ദേഹം പതിവാക്കിയിരുന്നു.
ഗീവർഗീസച്ചന്റെ ഇടവകക്കാരിൽ ഒരാളായിരുന്നു ആദിവാസി ലൂസിയെ ജബ്ബാറിന്റെ കയ്യിൽ നിന്നും രക്ഷിക്കാനുള്ള അച്ഛന്റെ ശ്രമവും അതിനിടയിൽ ഫുട്ബോൾ പ്രേമിയായ ഗീവർഗീസച്ചൻ കൊളംബിയൻ ഗോളി ഹിഗ്വിറ്റയുടെ സാഹസികത നിറഞ്ഞ ശൈലി പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ഗോളികളുടെ സ്ഥായിധർമ്മമായ ദൃക്സാക്ഷിത്വത്തം കൊണ്ട് തൃപ്തിപ്പെടാതെ പുതിയ അക്ഷാംശങ്ങൾ കണ്ടെത്തുന്ന കപ്പിത്താനെപ്പോലെ മൈതാനത്തിന്റെ മധ്യത്തിലേക്ക് പന്ത് ഇടംവലം പായിച്ച് കുതിക്കുന്ന ഹിഗ്വിറ്റ അദ്ദേഹത്തെ ആകർഷിച്ചു.
ഹിഗ്വിറ്റ , വൻ മരങ്ങൾ വീഴുമ്പോൾ , കാർമെൻ , എന്റെ മകൾ – ഒരു സ്ത്രീ , നാലാം ലോകം , കാണി , വിലാപങ്ങൾ – അങ്ങിനെ അനശ്വരമായ ഏഴു കഥകളാണ് ഹിഗ്വിറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1993 ജൂലായ് യിൽ ഹിഗ്വിറ്റയുടെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങി. ഇപ്പോൾ പുസ്തകത്തിന്റെ 20 ാം പതിപ്പാണിത്.
1948 -ൽ എറണാകുളത്താണ് എൻ എസ് മാധവൻ ജനിച്ചത്. 1975 -ൽ ഐ.എ.എസ് ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.