പ്രപഞ്ചത്തേയും സമയത്തിന്റെ പിറവിയേയും സംബന്ധിച്ച് സാഹിത്യകാരനും ശാസ്ത്രജ്ഞനുമായ സി രാധാകൃഷ്ണന്‍ നടത്തിയ പുതിയദര്‍ശനങ്ങള്‍ ചര്‍ച്ചയാകുന്നു. ഭാരതീയ ദാര്‍ശനികപാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നത്. പ്രപഞ്ചത്തിന്റെ നിലവിലുള്ള ശാസ്ത്ര സങ്കല്‍പത്തിന് ഭേദഗതി നിര്‍ദ്ദേശിക്കുകയാണ് സി രാധാകൃഷ്ണന്‍.
ഇതുസംബന്ധിച്ച് പ്രീ സ്‌പെയസ് ടൈംജേണലിന്റെ 2016 ഡിസംബര്‍ ലക്കത്തില്‍ അദ്ദേഹവും മകന്‍ കെ ആര്‍ ഗോപാലനും ചേര്‍ന്നെഴുതിയ അവ്യക്തത, ഫാബ്രിക് ഓഫ് സ്‌പെയ്‌സ് എന്ന ഗവേഷണ പ്രബന്ധത്തിലാണ് തന്റെ ദര്‍ശനങ്ങള്‍ വിശദപഠനം അര്‍ഹിക്കുന്നുവെന്ന് കേരള സയന്‍സ് ആന്റ് ടെക്‌നോളജി സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകമായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന സ്ഥലം, കാലം, ദ്രവ്യം എന്നിവ ഉണ്ടാക്കുന്നതും നിലനില്‍ക്കുന്നതും നശിക്കുന്നതും എങ്ങനെ എന്നും മൊത്തം പ്രപഞ്ചത്തിന്റെ പിറവിയും സ്വഭാവവും എത്തരത്തിലാണെന്നും വിവിധ ഭൗതികബലങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രബന്ധത്തില്‍ വെളിപ്പെടുത്തുന്നു. ദ്രവ്യം അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്ന ഭൗതികശാസ്ത്ര തത്വത്തില്‍ നിന്ന് മാറി സ്‌പെയ്‌സ് അഥവാ ഇടം എന്ന സങ്കല്‍പ്പത്തിലൂന്നിയാണ് സി രാധാകൃഷ്ണന്‍ തന്റെ ദര്‍ശനം അവതരിപ്പിക്കുന്നത്. സ്ഥലം, കാലം, ദ്രവ്യം, ഊര്‍ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലവിലുള്ള സങ്കല്‍പ്പങ്ങളെ ഇത് തിരുത്തുന്നു.
ഒരുജീവിത കാലത്തെ ഗവേഷണഫലമാണ് തന്റെ കണ്ടെത്തലെന്നും പ്രപഞ്ചരഹസ്യങ്ങളുമായി ബന്ധപ്പെട്ട സമസ്യകളുടെയും ചുരുളഴിക്കാന്‍ ഇതിന് കഴിയുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ആറു പതിറ്റാണ്ടോളം മുമ്പ് വിദ്യാര്‍ഥിയായിരിക്കെ ഈ ആശയവുമായി ഡോ. സിപി മേനോനെയാണ് താന്‍ ആദ്യമായി സമീപിച്ചതെന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു. പിന്നിട് ഡോ. ഗിരിജാവല്ലഭന്‍, ഡോ. വി പി എന്‍ നമ്പുതീരി, ഡോ. ബാബുജോസഫ്, ഡോ. ശ്രീനിവാസന്‍, കേംബ്രിഡ്ജ് സര്‍വകലാശലയിലെ മദന്‍ തങ്കവേലു എന്നിവരുടെ സഹായവും പ്രബന്ധം പൂര്‍ത്തിയാക്കുന്നതില്‍ പ്രധാനഘടകമായെന്നും സി രാധാകൃഷ്ണന്‍ പറഞ്ഞു. കേരള സയന്‍സ് ആന്റ് ടെക്‌നോളജി സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. സി പി ഗിരിജവല്ലഭന്‍,സെക്രട്ടറി യു പത്മനാഭന്‍, ഡോ. വി പി എന്‍ നമ്പൂതിരി എന്നിവര്‍ക്കൊപ്പമാണ് സി രാധാകൃഷ്ണന്‍ പ്രബന്ധത്തിന്റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്.