എഴുത്തുകാരന്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ വായനക്കാരന്‍ കഥ വായിച്ചെടുക്കുന്നില്ലെന്നതാണ് ഉത്തരാധുനിക സാഹിത്യത്തിന്റെ ലക്ഷണമായി പറയുത്. മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ ഒരാളാണ്. മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥ ഇത്തരത്തിൽ ഒന്നാണെന്ന് പറയാം. അതിസാധാരണമെന്നു തോന്നാവുന്ന അത്യന്തം ലളിതമായ ഈ കഥാഖ്യാനം ഇവിടുത്തെ ഇടതുവലതു രാഷ്ട്രീയക്കാരുടെ വികലമായ വികസനസങ്കല്‍പങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ചെറുകഥയാണ്
ഓട്ടോ റിക്ഷക്കാരന്‍ സജീവനും സജീവന്റെ നവവധു രാധിക എന്ന മിടുമിടുക്കിയായ
നാട്ടുമ്പുറത്തുകാരിയുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. രാധികയെ സജീവനിലേക്കടുപ്പിക്കുന്നത് അയാള്‍ ബേങ്കില്‍ നിന്നു ലോണെടുത്തു വാങ്ങിയ കെ എല്‍ -37 ബി ജി 0026 എന്ന പുതുപുത്തന്‍ ഓട്ടോ റിക്ഷയാണ്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സ്, നിറം- സണ്‍സെറ്റ് യെല്ലോ. ഓട്ടോയുടെ നമ്ബറും രാധികയുടെ വയസ്സും 26. ആ ഓട്ടോ ഓടിച്ചാണ് സജീവന്‍ രാധികയെ പെണ്ണുകാണാന്‍ എത്തിയത്. പോയ വഴിക്കുതന്നെ കുറുകെ ചാടിയ ഒരു പൂച്ചയുടെ കാലൊടിച്ചു തന്റെ യാത്രാപഥത്തിലെ പ്രതിബന്ധങ്ങളെ അയാള്‍ അഭിമാനപൂര്‍വം വെല്ലുവിളിച്ചു. ആ പൂച്ച നിസ്സാരക്കാരനായിരുന്നില്ല. മുറിവേറ്റു പിടഞ്ഞ ആ പൂച്ച നീ മുടിഞ്ഞു പോകുമെടാ.. എന്നു സജീവനെ തെറിയഭിഷേകം ചെയ്തു.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ , അച്ചൻ , അമ്മമ്മ , രക്ഷിതാക്കൾ , മലയാളി ദൈവങ്ങൾ , ചാർളി സായ്‌വ് , സന്ത്രാസം എന്നീ ചെറു കഥകളുടെ സമാഹാരമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ചെറു കഥകളുടെ രസവും ആകാംക്ഷയും കഥകളിൽ ആവോളമുണ്ട്. പെൺമക്കളുള്ള അച്ഛനും അമ്മയും എത്രമാത്രം കരുതലോടെയാവണം അവരെ വളർത്തേണ്ടതെന്നും , വളർച്ചയുടെ ഓരോ ഘട്ടത്തിലും അവളുടെ മാനസികവും ശാരീരികവുമായ പരിണാമങ്ങൾ അച്ഛനേക്കാളുപരി ‘അമ്മ അല്ലെങ്കിൽ ഇരുവരും തുല്യരായി മനസിലാക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ‘ അച്ചൻ’.
ഔദ്യോഗീക ജീവിതം മുഴുവൻ നഗരത്തിന്റെ ദ്രുത താളത്തിനൊത്ത് ജീവിച്ചിട്ടും നാട്ടിലെ പരിണാമങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താൻ ഒരായുഷ്കാലം മുഴുവൻ ഗ്രാമത്തിന്റെ വിശുദ്ദിയും നന്മയും കൈവിടാതെ കാത്ത അമ്മമ്മയുടെ വരവ് കാരണമായി എന്ന കൃപാകരന്റെ തിരിച്ചറിവിനെ ലളിതമായി ആഖ്യാനിച്ചു കൊണ്ടാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ യിലെ ‘അമ്മമ്മ’ എന്ന കഥ അവസാനിക്കുന്നത്.
സമകാലിക സമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകളാണ്ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ ഇടപെടലുകൾ നടത്താൻ ഈ കഥകൾക്കു കഴിയുന്നു.എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം.
മലയാളിയുടെ കലാചിന്തയെയും സൗന്ദര്യ സങ്കല്പങ്ങളെയും പരിഷ്‌കരിച്ചവരില്‍ പ്രമുഖനായ എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥാ സമാഹാരത്തിന്റെ മൂന്നാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.