എല്ലാ മനുഷ്യരിലും ഒരു കുട്ടിക്കാലം വികൃതി കാണിച്ചു ചുറ്റി നടക്കുന്നുണ്ട്. ഒരു ചലച്ചിത്രമോ പെയിന്റിങ്ങോ ആസ്വദിക്കുമ്പോള്‍, കഥയോ കവിതയോ നോവലോ വായിക്കുമ്പോള്‍….അല്ലെങ്കില്‍, നേരിയൊരു ചൂളംവിളി കാതില്‍ പതിയുമ്പോള്‍ അനുവാദം ചോദിക്കാതെ ആ സുകൃത കാലം നമ്മെ വാരിപ്പുണരുന്നു. മധുരോര്‍മകളുമായി നമ്മളാ കാലത്തില്‍ മുങ്ങാംകുഴിയിടുന്നു. അത്തരമൊരു മോഹന കാലത്തിലൂടെയുള്ള സഞ്ചാരമാണ് സാദിഖ് കാവില്‍ നമ്മെക്കൂട്ടിക്കണ്ടുപോകുന്നത്. ഖുഷി എന്ന നോവലിലൂടെ. തികച്ചും കുട്ടികള്‍ക്ക് മാത്രമായി ഗള്‍ഫ് പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് ഖുഷി…
ഖുഷി ഒരു പൂച്ചയാണ് ഒരു പാര്‍ക്കില്‍ അവളും അവളുടെ കുടുംബവും സുഖമായി ജീവിക്കുകയായിരുന്നു. പച്ചപ്പുനിറഞ്ഞ ആ പാര്‍ക്കിന്റെ സൂക്ഷിപ്പുകാരന്‍ ലബ്ബയുടെ വീട്ടിലാണ് ഖുഷിയും ഫാത്തിയും അല്‍ഖുഷും ഉമ്മിയും ഒക്കെ താമസിക്കുന്നത്. അവര്‍ക്കുമാത്രമാണ് ആ വീട്ടില്‍ കയറിയിറങ്ങാനുള്ള സ്വാതന്ത്രമുള്ളു. ഒരിക്കല്‍ ആ പാര്‍ക്കിലേക്ക് ഒരു കുടുംബം വന്നു. അതിലൊരു കുട്ടിയും ഉണ്ടായിരുന്നു. അവന്‍ ഖുഷിയുമായി വളരെപ്പെട്ടന്ന് അടുത്തു. തിരികെ പോകുമ്പോള്‍ ഖുഷിയെയും കൂടെ കൂട്ടെണമെന്ന് അവന്‍ വാശിപിടിച്ചു. ഒടുവില്‍ അവരോടൊപ്പം ഖുഷിക്ക് പോകേണ്ടി വന്നു…പാര്‍ക്കിലെ വിശാലമായ പച്ചപ്പില്‍ നിന്നും നാലുചുമരുകളിലേക്ക് അവന് ഒതുങ്ങേണ്ടിവന്നു. മാത്രമല്ല ഒരു കൂട്ടിലാണ് അവര്‍ ഖുഷിയെ പൂട്ടിയിട്ടത്….! ഫഌറ്റിലെ നാലുചുവരുകളിലെ ജീവിതം ഖുഷിക്ക് മടുക്കുന്നു. ഒടുവില്‍ അവര്‍ അവളെ പാര്‍ക്കിലേക്കുതന്നെ കൊണ്ടുവിട്ടു..പക്ഷേ താന്‍ താമസിച്ചിരുന്ന പാര്‍ക്കോ ലബ്ബയോ ഉമ്മിയോ ആരെയും ഖുഷിക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ല..!
ഫഌറ്റുകളിലെ ജീവിതത്തില്‍ കുടുങ്ങിപ്പോകുന്ന കുട്ടികളുടെ ലോകത്തെക്കുറിച്ചും, അതുനിമിത്തം ഒതുങ്ങിപ്പോകുന്ന അവരുടെ ചിന്താഗതികളും അവര്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന പച്ചപ്പിന്റെയും പ്രകൃതിരമണീയതയുടെയും നല്ലനാളുനാളുകളേക്കുറിച്ചുമെല്ലാം ഓര്‍മ്മിപ്പിക്കുന്ന നോവലാണ് ഖുഷി. ഇന്ന് നാം പ്രകൃതിയോട് കാട്ടുന്ന ക്രൂരകതകളും അതുനിമിത്തം മൃഗ്ഗങ്ങള്‍ക്കും പക്ഷികള്‍ക്കും നഷ്ടമാകുന്ന ജീവനും വാസസ്ഥലവും എല്ലാം ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. നാളെയുടെ കാവല്‍ക്കാരായ കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുന്ന ഒരു പാരിസ്ഥിതിക നോവലായും ഈ കൃതിയെ പരിഗണിക്കാവുന്നതാണ്.
“ഫ്‌ലാറ്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ പെട്ടു പോകാന്‍ വിധിക്കപ്പെട്ട നമ്മുടെ കുട്ടി കള്‍ക്ക് പ്രകൃതി എന്നാല്‍ ബാല്‍ക്കണിയിലെ ഒരു ചെടിച്ചട്ടിയും ആകാശമെന്നാല്‍ ഒരു ജനാലക്കാഴ്ചയുമായി മാത്രം ചുരുങ്ങിപ്പോകുന്ന കാലത്ത് അവര്‍ക്ക് പ്രകൃതിയുടെ അനന്ത വൈവിധ്യവും വിശാലതയും പറഞ്ഞു കൊടുക്കാനും അവരില്‍ പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ഒരു അക്ഷരശ്രമമാണ് സാദിഖ്കാവിലിന്റെ ‘ഖുഷി’ എന്ന നോവല്‍. മലയാളം വായിക്കാനറിയാവുന്ന കുട്ടികളെകൊണ്ട് ഈ നോവല്‍ വായിപ്പിക്കാനും അല്ലാത്തവര്‍ക്ക് മാതാപിതാക്കള്‍ തന്നെ സമയം കണ്ടെത്തി വായിച്ചു കൊടുക്കാനും ശ്രമിച്ചാല്‍ നിശ്ചയമായും അത് അവരുടെ ജൈവബോധത്തിന്‍മേല്‍ ഒരു വലിയ പ്രകാശം വീഴ്ത്തുവാന്‍ കാരണം ആകും എന്ന് അവതാരികയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിനും പറഞ്ഞുവയ്ക്കുന്നു.”
ഭൂമിയെയും അതിലെ ജീവജാലങ്ങളെയും കുറിച്ചുള്ള ആശങ്കകളാണ് ഈ കൃതിയിലൂടെ പങ്കിടുന്നത്. ”ഒരഞ്ഞൂറു കൊല്ലത്തിനിടയ്ക്ക് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യന്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും” എന്ന് മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ”ഭൂമിയുടെ അവകാശികള്‍” എന്ന തന്റെ കൃതിയില്‍ പറയുന്നു. പ്രകൃതി നമുക്ക് പൂര്‍വികര്‍ സമ്മാനിച്ചതല്ല. അടുത്ത തലമുറയ്ക്കായി നമ്മള്‍ അവരില്‍ നിന്ന് കടംകൊണ്ടതാണ്. പുതു തലമുറയും ഇതോര്‍ക്കേണ്ടതുണ്ട്. മൊബൈല്‍ ഫോണിലും ടാബലറ്റുകളിലും മാത്രം അഭിരമിക്കുന്ന നമ്മുടെ കൊച്ചുകൂട്ടുകാരില്‍ ഒരാളെങ്കിലും ഖുഷിയെ സ്‌നേഹിച്ചാല്‍ ഞാന്‍ കൃതാര്‍ഥനായി എന്ന് നോവലിസ്റ്റും പറയുന്നു…!