വീണ്ടുവിചാരങ്ങളുടെയും തിരിച്ചറിവുകളുടെയും തുടര്‍ച്ചയായി പക്വതയെത്തിയ ഒരദ്ധ്യാപികയായി ജ്ഞാനസ്‌നാനപ്പെട്ടുകൊണ്ടാണ് നീതാമേരി പത്ത് ബി എന്ന ക്ലാസ് റൂമിലെത്തിയത്. മുഴുമിക്കാത്ത കഥകളുടെ രാജകുമാരിയായ ഷെഹന എന്ന ഷെറസാദും കൊട്ടേഷന്‍ ഗുണ്ടകളുടെ ആരാധമകരായ കൗമാരക്കാരും ചേര്‍ന്ന് അവള്‍ക്കുമുമ്പില്‍ ഒരു വിചിത്രലോകം സൃഷ്ടിച്ചു. മലയാളം ക്ലാസ് ഒരു ചോരക്കളിയിലേക്ക് വളര്‍ന്ന് നീതക്ക് പൂരിപ്പിക്കാനാവാത്ത ഒരു പദപ്രശ്‌നമായി മാറി…
യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയയായ ധന്യാരാജിന്റെ പദപ്രശ്‌നം എന്ന കഥയിലാണ് നീതാമേരി എന്ന അദ്ധ്യാപികയുടെ വിഹ്വലതകള്‍ പ്രമേയമാകുന്നത്. ഇതടക്കമുള്ള അവരുടെ പത്ത് കഥകള്‍ സമാഹരിച്ച പുസ്തകമാണ് പദപ്രശ്‌നം എന്നപേരില്‍ പുറത്തിറങ്ങിയിരിക്കുന്നത്. പുതുകാല ജീവിതത്തില്‍ ദുരൂഹമായ സമസ്യകളുയര്‍ത്തി ഒരിക്കലും പൂരിപ്പിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായി മാറുന്ന പദപ്രശ്‌നങ്ങളാണ് ഓരോ കഥയിലും ധന്യാരാജ് ഒളിപ്പിച്ചിരിക്കുന്നത്.
ഭാര്യ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നതോടെ മന:സമാധാനം നഷ്ടപ്പെടുന്ന ഭര്‍ത്താവിന്റെ കഥയാണ് ഗ്രീന്‍ റൂം. പരസ്യങ്ങളും സീരിയലുകളും താളം തെറ്റിച്ച മനസ്സിന്റെ ഉടമയായ ലീന എന്ന കുടുംബിനി കൂട്ടുകാരിക്കെഴുതുന്ന ഇ മെയില്‍ കത്താണ് ഉടല്‍വല എന്ന കഥ.ആത്മകഥയെഴുതാനായി കുടിയനായ ഭര്‍ത്താവിനെ വെറുത്ത് കടയുടമയുടെ മകനുമായി പ്രണയത്തിലായ ജാനകി എന്ന സെയില്‍സ് ഗേളാണ് അധോലോകങ്ങള്‍ എന്ന കഥയിലെ നായിക. ഇവയെല്ലാം തന്നെ പദപ്രശ്‌നങ്ങളാണ്. പൂരിപ്പിക്കേണ്ട ചുമതല വായനക്കാര്‍ക്ക് നല്‍കിയിട്ടാണ് ധന്യ സൈന്‍ ഓഫ് ചെയ്യുന്നത്.
അധിപന്‍, സാത്താന്‍ അരുള്‍ ചെയ്യുന്നു, പെസഹ, സഭാതലം, രൂപാന്തരം, തുടര്‍ച്ച എന്നീ കഥകളും പദപ്രശ്‌നം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുന്നു. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂര്‍ണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ന്യൂ വുമണ്‍ ബ്യൂട്ടിപാര്‍ലര്‍, വാരാന്ത്യജീവിതം തുടങ്ങിയ കാഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയയായ ധന്യാരാജിന് കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, മുതുകുളം പാര്‍വ്വതിയമ്മ സ്മാരക സാഹിത്യപുരസ്‌കാരം, കെ.എ.കൊടുങ്ങല്ലൂര്‍ കഥാ അവാര്‍ഡ്, സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കൂടിയാണ് ധന്യ.
The post ഒരിക്കലും പൂരിപ്പിക്കാനാവാത്ത പദപ്രശ്‌നങ്ങള്‍ appeared first on DC Books.