വൈദ്യുതി വിളക്കുകള്‍ വന്നതോടെ റാന്തലും മൂട്ടവിളക്കും മേശവിളക്കുമൊക്കെ കൈപ്പുറത്തുനിന്ന് അകന്നുപോയി. നിലവിളക്കുകള്‍ തന്നെ വേണമോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ എവിടെയാണ് ആ പഴയ റാന്തലുകള്‍?. തട്ടിന്‍പുറത്തെവിടെയെങ്കിലും ഒരുപക്ഷെ പൊടി പിടിച്ചു കിടക്കുന്നുണ്ടാവുമോ?
നാടും നഗരവും നാള്‍തോറും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഓര്‍മ്മകളുടെ കമ്പിറാന്തല്‍ വെട്ടത്തില്‍ പഴയകാലത്തെ ഉണര്‍ത്തുകയാണ് കമ്പിറാന്തലിന്റെ വെളിച്ചം എന്ന പുസ്തകത്തിലൂടെ അഷ്ടമൂര്‍ത്തി. നാട്ടുപഴമകളുടെയും വീട്ടുവഴക്കങ്ങളുടെയും തൊടികളുടെയും പാടങ്ങളുടെയും പുഴയിറമ്പുകളുടെയും തോറ്റമ്പാട്ടുകള്‍ ഈ പുസ്തകത്തില്‍ മുഴങ്ങുക്കേള്‍ക്കാം.
ഓര്‍മ്മകകളുടെ വെളിച്ചപ്പൊട്ടുകള്‍ മിന്നുന്ന വഴിത്താരകളിലൂടെ ഒട്ടും ധൃതിവെക്കാതെയാണ് അഷ്ടമൂര്‍ത്തി നടക്കുന്നത്. പോയ്മറഞ്ഞ കാലവും ഈ നടപ്പില്‍ കൂട്ടുനടക്കുന്നത് വായനക്കാര്‍ക്ക് അനുഭവേദ്യമാകുന്ന വിധമാണ് അദ്ദേഹത്തിന്റെ രചനാരീതി. കമ്പിറാന്തലിലെ വെളിച്ചത്തിന് പ്രകാശമേറ്റുന്നത് ഗൃഹാതുരസ്മരണകളാണ്.
കഴിഞ്ഞ അമ്പത് വര്‍ഷകാലത്തിനിടയില്‍ സമൂഹത്തിനും മനുഷ്യര്‍ക്കും വന്ന മാറ്റങ്ങള്‍ ആകര്‍ഷകമായ കഥകള്‍ പോലെ കമ്പിറാന്തലിന്റെ വെളിച്ചം എന്ന പുസ്തകത്തില്‍ കടന്നുവരുന്നു. 30 കുറിപ്പുകളിലൂടെ വിസ്മൃതിയില്‍ മറഞ്ഞതും ഒരുകാലത്ത് മലയാളികളുടെ ആവേശമായിരുന്നതുമായ നിരവധി വസ്തുതകള്‍ ഇതില്‍ കടന്നുവരുന്നു. പറമ്പിലെ പാഴ്മരങ്ങളും തൃശൂരിലെ സായാഹ്നങ്ങളും സിനിമകളിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നടിമാരും ഡയറിക്കുറിപ്പുകളും പൂക്കളും കള്ളുഷാപ്പുകളും ഒക്കെ ഇതില്‍ കടന്നുവരുന്നു.
1982ലെ കുങ്കുമം അവാര്‍ഡ് നേടിയ റിഹേഴ്‌സല്‍ ക്യാമ്പ് എന്ന നോവല്‍, 1992ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വീടുവിട്ടു പോകുന്നു എന്ന കഥാസമാഹാരം തുടങ്ങിയവ അടക്കം പതിനാറ് പുസ്തകങ്ങള്‍ അഷ്ടമൂര്‍ത്തിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
The post ഓര്‍മ്മകളില്‍ ഒരു കമ്പിറാന്തലിന്റെ വെളിച്ചം appeared first on DC Books.