”അതുകൊണ്ടയാള്‍ തന്റെ വീടിന് നളിനകാന്തി എന്നുതന്നെ പേരിട്ടു. നളിനകാന്തിയെന്തെന്ന് തന്റെ പത്‌നിക്കു മനസ്സിലാക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ ആത്മഗതം ഇപ്രകാരമാണ്. ”ഇനി എന്തു പറഞ്ഞാലാണ് മനസ്സിലാകുക.
നളിനകാന്തി മനോഹരമായ ഒരു കർണ്ണാടക സംഗീതാരാഗമാണെന്നോ ? ത്യാഗരാജന്റെ ‘മനവ്യാളകിം’ ഈ രാഗത്തിലുള്ള സുന്ദരമായ ഒരു കൃതിയാണെന്നോ ?അല്ലെങ്കിൽ വൈദ്യനാഥ ഭാഗവതരും എം എസ് ഗോപാലകൃഷ്ണനും മാലിയുമൊക്കെ മനോഹരമായി ആലപിച്ചിട്ടുള്ള ഒരു രാഗമാണ് നളിനകാന്തിയെന്നോ … അതുമല്ലെങ്കിൽ അയാളുടെ സങ്കൽപത്തിൽ എന്നും ഉണ്ടായിരുന്ന ഒരു വീടിന്റെ പേരുമാത്രമാണ് നളിനകാന്തിയെന്നോ എന്തു പറഞ്ഞാണ് മനസിലാക്കുക ?”
ടി പത്മനാഭന്‍റെ പത്തു കഥകളടങ്ങുന്ന ഒരു സമാഹാരമാണ് ‘നളിനകാന്തി’.പേരിടാത്ത കുറേ മനുഷ്യരും അവന്‍റെ വ്യത്യസ്തങ്ങളായ നിരവധി ചുറ്റുപാടുകളുമാണ് ഇതിലെ കഥാപാത്രങ്ങൾ.കഥാപാത്രങ്ങളുടെ ഉള്ളറകളിലെ സ്വകാര്യതകളാണ് കഥാകാരൻ വെളിപ്പെടുത്താൻ ശ്രമിക്കുന്നത്. ശ്രമം പൂർണ്ണമാവുന്നത് വായനക്കാരന്‍റെ ചിന്താഗതിയിലൂടെ ആണ്. ‘പൂച്ചകുട്ടികളുടെ വീട്’, പാനിപ്പറ്റിലെ യുദ്ധം , ഭോലാറാം , അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെ കുറിച്ച് , മൃത്യു , പൂച്ചക്കുട്ടികളുടെ വീട് – 2 , ഒരു പൂക്കാലത്തിനു വേണ്ടി , ഒരു ഇടവേളയുടെ അറുതി , ഗുരുസ്മരണ , നളിനകാന്തി തുടങ്ങിയ മനുഷ്യാവസ്ഥയുടെ അഭിജാതമായ അനുഭൂതി പകരുന്ന പത്ത് കഥകളുടെ സമാഹാരമാണ് ടി പത്മനാഭന്റെ നളിനകാന്തി.
ഈ കാലഘട്ടത്തിന്റെ ജീനിയസ്സാണ് വാക്കുകളെ നക്ഷത്രങ്ങളാക്കി കഥകളെഴുതുന്ന ടി പദ്മനാഭൻ. ഈ എഴുത്തുകാരന്റെ കലാ ശില്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരീക സത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. പ്രപഞ്ചത്തിലെ പൂച്ചകള്‍ക്കും പട്ടികള്‍ക്കും പുഴുക്കള്‍, കുയില്‍, തുടങ്ങി സസ്യ ലതാദികളിൽ വരെയുള്ള വ്യത്യസ്ത ഭാവങ്ങള്‍ ടി പദ്മനാഭന്റെ കഥകളിൽ വായനക്കാരന്‍ കണ്ടെത്തുന്നു. പള്ളിക്കുന്നിലെ തന്റെ വീടിന്റെ പേരാണ് നളിനകാന്തി. നളിനകാന്തിയെന്ന വീട്ടുമുറ്റത്തും ഇവയെല്ലാം ഉണ്ട്. മരങ്ങളെ കുറിച്ചും പൂക്കളെക്കുറിച്ചുമൊക്കെയാണ് നളിനകാന്തിയില്‍ പരാമര്‍ശിക്കുന്നത്. മറ്റേതൊരു പദ്മനാഭന്‍ കഥയെയും പോലെ കാരുണ്യവും സ്‌നേഹവും നഷ്ടബോധവുമൊക്കെ ഈ കഥയിലും കാണാം.
മലയാള ചെറുകഥാ സാഹിത്യത്തിൽ പുതിയ അദ്ധ്യായമാണ് ‘നളിനകാന്തി‘. മനുഷ്യസ്നേഹത്തിന്റെ പ്രകാശമാണ് നളിനകാന്തിയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നത്. അനുഭവങ്ങളുടെ നിഷ്കളങ്കമായ ആവിഷ്കരണമാണ് ഈ സമാഹാരത്തിലെ നളിനകാന്തി എന്ന കഥ. പൊടിപ്പും തൊങ്ങലുകളും ഒന്നുമില്ലാതെ ഈ കഥ വായനക്കാരന്റെ ഹൃദയത്തിൽ ഇടം തേടുന്നു.
നളിനകാന്തി ആദ്യമായി പ്രസിദ്ധീകരിച്ചത് 1988 ലാണ്. 1992 ലാണ് ഈ കഥാ സമാഹാരത്തിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങുന്നത്. പിന്നിട്ട 24 വർഷങ്ങൾ കൊണ്ട് എഴുപതിനായിരത്തോളം കോപ്പികളും 33 പതിപ്പുകളും പുറത്തിറങ്ങി. ഈ കഥാസമാഹാരം പുറത്തിറങ്ങിയപ്പോൾ കണ്ണൂർ പള്ളിക്കുന്ന് രാജേന്ദ്ര നഗർ ഹൗസിംഗ് കോളനിയിലെ പതിനഞ്ചാം നമ്പർ വീടിനും പേരു കിട്ടി- നളിനകാന്തി.
കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് ടി പദ്മനാഭൻ. 1974-ൽ ‘സാക്ഷി’ എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും 1996-ൽ ‘ഗൗരി’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ടി പദ്മനാഭൻ നിഷേധിക്കുകയാണുണ്ടായത്.