“Dreams are often most profound
When they seem the most crazy”
–Sigmund Freud—
നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ..? എന്ന ചോദ്യത്തിന് ഇന്നേവരെ ഇല്ല എന്ന് ആരും പറഞ്ഞിട്ടില്ല. നിദ്രയുടെ അനന്തയാമങ്ങളില്‍ നമ്മളെല്ലാവരും സ്വപ്‌നം കാണാറുണ്ട്. മുതിര്‍ന്നവരും കുഞ്ഞുങ്ങളും എല്ലാവരും.! കണ്ടതും കേട്ടതുമായ കാര്യങ്ങള്‍, മനസ്സിനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍, നടന്നുകാണെണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍, ചിലപ്പോള്‍ ചില വിചിത്രമായ കാഴ്ചകളും പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങളും നമ്മെതേടിയെത്താറുണ്ട്. ചിലപ്പോള്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സ്വപ്‌നദര്‍ശനത്തില്‍ കാട്ടിത്തരാറുമുണ്ട്. നമ്മുടെ ഉപബോധമനസ്സിന്റെ ആഗ്രഹങ്ങളും ചിന്തകളുമാണ് സ്വപ്‌നമായി കാണുന്നതെന്നൊക്കെ പറയപ്പെടുന്നു.
എന്നാല്‍ ശരിക്കും എന്താണ് സ്വപ്‌നം..? എന്തൊക്കെയാണ് സ്വപ്‌നം കാണാറുള്ളത്..? നിങ്ങള്‍ക്ക് കണ്ടസ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ..? നമ്മള്‍ കണ്ട സ്വപ്‌നങ്ങളുടെയെല്ലാം അര്‍ത്ഥം എന്താണ്..? ഇതിനൊക്കെയുള്ള ഉത്തരമാണ് മനഃശാസ്ത്രജ്ഞനായ ഡോ ജോസഫ് ഇ തോമസിന്റെ സ്വപ്‌നങ്ങള്‍ എന്ന പുസ്തകം. സ്വപ്‌നം എന്ന മാനസികപ്രതിഭാസത്തെപ്പറ്റി ലോകപ്രശസ്ത മനഃശാസ്ത്രജ്ഞന്‍മാരുടെ അന്വേഷണകഥകളും ചികിത്സാനുഭവങ്ങളും പങ്കുവയ്ക്കുന്ന പുസ്തകമാണ് സ്വപ്‌നങ്ങള്‍.
ഓരോ സ്വപ്‌നത്തിനും ഓരോ അര്‍ത്ഥമുണ്ടെന്നും, സ്വപ്‌ന വ്യാഖ്യാനം പുരാതന സംസ്‌കാരങ്ങളില്‍ ഉണ്ടായിരുന്നുവെന്നും ഡോ ജോസഫ് ഇ തോമസ് പറയുന്നു., ആര്‍ഷഭാരത സംസ്‌കാരം, സുമേറിയന്‍ സംസ്‌കാരം, ഈജിപ്ത്യന്‍ സംസ്‌കാരം, യവന സംസ്‌കാരം, തെക്കേ അമേരിക്കന്‍ സംസ്‌കാരം തുടങ്ങി ഒരോ സംസ്‌കാരവും സ്വപ്‌നദര്‍ശനത്തെക്കുറിച്ച് പലപഠനങ്ങളും വിവരണങ്ങളുമാണത്രേ നല്‍കുന്നത്. മാത്രമല്ല സ്വപനങ്ങളുടെ മായാവലയത്തില്‍ അകപ്പെട്ട് മാനോരോഗിയായിത്തീരാറുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. കൂടാതെ മനശാസ്ത്രജ്ഞരായ സിഗ്മണ്ട് ഫ്രോയിഡ്, ആല്‍ഫ്രഡ് അഡ്‌ലര്‍, കാള്‍ യൂങ്, ഫ്രിറ്റ്‌സ് പേള്‍സ് എന്നവരെക്കുറിച്ചുള്ള വിവരണങ്ങളും അവരുടെ നിരീക്ഷണങ്ങളും ചിന്തകളുമെല്ലാം സ്വപ്‌നങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
കേട്ടാല്‍ അത്ഭുതം തോന്നുന്ന കഥളുടെയും അനുഭവങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്‌ന ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. അവ നിങ്ങളെ കാത്തിരിക്കുന്നത് സ്വപ്‌നത്തിന്റെ യഥാര്‍ത്ഥലോകമാണ്. ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങളും സ്വപ്‌നങ്ങളെ താലോലിക്കുകയും സ്വപ്‌നം കാണാന്‍ ആഗ്രിക്കുകയും ചെയ്യുമെന്നുറപ്പാണ്..